ADVERTISEMENT

ചണ്ഡിഗഡ് ∙ സർവകലാശാലയുടെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന കേസിൽ പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ച് വിദ്യാർഥികൾ. ആവശ്യങ്ങൾ പരിഗണിക്കാമെന്നു സർവകലാശാല അധികൃതരും പൊലീസും ഉറപ്പ് നൽകിയതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ ധാരണയായത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽത്തന്നെ, പെൺകുട്ടി ഹോസ്റ്റലിലെ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന വാദത്തിൽ കഴമ്പില്ലെന്നും സ്വന്തം വിഡിയോദൃശ്യം മാത്രമാണു  കാമുകനുമായി പങ്കുവച്ചതെന്നും പൊലീസ് പറഞ്ഞതോടെയാണ് വിദ്യാർഥികൾ‌ പ്രതിഷേധം ശക്തമാക്കിയത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 24 വരെ സർവകലാശാല അടച്ചിടും. കേസിൽ ആരോപണ വിധേയയായ പെൺകുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഷിംലയിൽ അറസ്റ്റിലായ സണ്ണി മെഹ്ത(23) എന്ന യുവാവിനെ പഞ്ചാബ് പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട്  രങ്കജ് വർമ എന്ന ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഹോസ്റ്റൽ വാർഡന് പരാതി നൽകിയിരുന്നെങ്കിലും സ്വീകരിക്കാൻ തയാറായില്ലെന്നു വിദ്യാർഥിനികൾ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വിദ്യാർഥികളുടെ രോഷം തണുപ്പിക്കാൻ  ഹോസ്റ്റൽ വാർഡനെ അധികൃതർ സ്ഥലം മാറ്റി.

ഹോസ്റ്റലിൽ താമസിക്കുന്ന ഒരു പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തുവെന്നും സ്വന്തം വിഡിയോ ദൃശ്യം മാത്രമാണു പെൺകുട്ടി പങ്കുവച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിലെ വിവരമെന്നും മൊഹാലി സീനിയർ എസ്പി വിവേക് ഷീൽ സോണി വ്യക്തമാക്കി. സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയ വനിതാ കമ്മിഷനും കേസ് റജിസ്റ്റർ ചെയ്തു. 

പെൺകുട്ടിയുടെ മൊബൈൽ ഫോണും ലാ‌പ്‌ടോപ്പും ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കുമെന്നു പൊലീസ് പറഞ്ഞു. ഒരു വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നു പൊലീസും സർവകലാശാല അധികൃതരും വ്യക്തമാക്കി. അമിത സമ്മർദത്തെ തുടർന്നു തളർന്ന ഒരു പെൺകുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടെന്നു പൊലീസ് വിശദീകരിച്ചു. ഹോസ്റ്റൽ അന്തേവാസികളായ 60ലേറെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്നായിരുന്നു അഭ്യൂഹം.

Englsih Summary: Chandigarh University viral video: 23-year-old Shimla youth arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com