ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ പാസാക്കുന്ന ബിൽ  തീരുമാനമെടുക്കാതെ അ‌നിശ്ചിത കാലത്തേക്ക്  പിടിച്ചു വയ്ക്കാൻ ഗവർണർക്കു കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രതികരണം സംബന്ധിച്ച് ‘മനോരമ ഓൺലൈനോട്’ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബില്ലുകൾ എത്രകാലം വേണമെങ്കിലും പിടിച്ചുവയ്ക്കാമെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്ന് പിഡിടി ആചാരി പറഞ്ഞു. നിയമസഭ ബിൽ പാസാക്കിയാൽ ഗവർണർക്ക് അയയ്ക്കണം. ബില്ലിന് അനുമതി നൽകുന്നതായോ അനുമതി നിഷേധിക്കുന്നതായോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ നീക്കിവച്ചിരിക്കുന്നതായോ ഗവർണർ പ്രഖ്യാപിക്കണം. ബിൽ ഗവർണർ തിരിച്ചയച്ചാൽ നിയമസഭ ചേർന്ന് ബില്ലിന് അംഗീകാരം നൽകി വീണ്ടും തിരിച്ചയച്ചാൽ ഗവർണർക്ക് ഒപ്പിടേണ്ടി വരും. ഹൈക്കോടതിയുടെ അധികാരത്തിൽ കുറവു വരുത്തുന്ന ബില്ലിന് അനുമതി നൽകാൻ കഴിയില്ല. അത്തരം ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി നീക്കി വയ്ക്കും.

ഈ മാർഗങ്ങളിൽ ഒന്ന് ഗവർണർ സ്വീകരിക്കണം എന്നതാണ് സാമാന്യമായ രീതി. ബില്ലിൽ ഒപ്പുവയ്ക്കുകയും ഇല്ല തിരിച്ചയയ്ക്കുകയും ചെയ്യില്ല എന്ന മാർഗം ഭരണഘടനയിൽ പറഞ്ഞിട്ടില്ല. ഭരണഘടന പറയുന്ന മാർഗങ്ങളിൽ ഒന്ന് പെട്ടെന്നു സ്വീകരിക്കണം. തീരുമാനമെടുക്കാൻ നിങ്ങൾ എത്രകാലം വേണമെങ്കിലും എടുത്തോ എന്ന് ഒരു ഭരണഘടനാ സ്ഥാപനത്തോട് ഭരണഘടന പറയുന്നില്ല. നിയമസഭ നിയമ നിര്‍മാണം നടക്കുന്ന സ്ഥാപനമാണ്. നിയമം അത്യാവശ്യമായതുകൊണ്ടാണ് സഭ ചേർന്ന് നിയമം ഉണ്ടാക്കുന്നത്. നിയമസഭ ജനങ്ങൾ തിരഞ്ഞെടുത്തവരുടെ സഭയാണ്.

അങ്ങോട്ടും...മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രാജ്ഭവനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രാജ്ഭവനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙ മനോരമ

നിയമസഭ പാസാക്കുന്ന നിയമത്തിനു പുറത്ത് ഗവർണർ സ്വന്തം ഇഷ്ടപ്രകാരം കയറി ഇരുന്നാൽ നിയമ സഭയുടെ  ഉപയോഗം എന്താണ്? നിയമസഭ പാസാക്കിയ ബില്ലിൽ നടപടിയെടുക്കാതെ അനങ്ങാതെ ഇരിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. ഉചിതമായ സമയത്തിനുള്ളിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഭരണഘടന പറയുന്നത്. മൂന്നു നാല് വർഷം തീരുമാനമെടുക്കാതിരുന്നാൽ അത് ഭരണഘടനയ്ക്ക് എതിരാണ്. ഭരണഘടനയിൽ പറയാത്ത കാര്യം ഗവർണർക്ക് നടപ്പിലാക്കാൻ കഴിയില്ല. ബില്ലിന് അനുമതി നിഷേധിച്ചാൽ സർക്കാരിനു വേണമെങ്കിൽ കോടതിയെ സമീപിക്കാം. 

ഗവർണറുടെ അധികാരം സർക്കാർ വെട്ടിക്കുറച്ചിട്ടില്ലെന്നു പിഡിടി ആചാരി പറഞ്ഞു. ചാൻസലറുടെ അധികാരം നിയമം നൽകിയതാണ്. ദൈവദത്തമായ അധികാരം ഗവർണർക്കില്ല. നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമേ ചാൻസലർക്ക് ചെയ്യാൻ കഴിയൂ. നിയമം ഉണ്ടാക്കുന്ന നിയമസഭയ്ക്ക് അതിൽ ഭേദഗതി വരുത്താനും അധികാരമുണ്ട്. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിലെ മൂന്നുപേരെ സർക്കാർ നിശ്ചയിച്ചതു നിയമനിർമാണത്തിലൂടെയാണ്. അത് അഞ്ചാക്കാനും നിയമസഭയ്ക്ക് അധികാരമുണ്ട്. തന്റെ അധികാരം വെട്ടിക്കുറച്ചു എന്നു ഗവർണർ പറയുന്നതിൽ കാര്യമില്ല. ഗവർണറുടെ അധികാരമല്ല, ചാൻസലറുടെ അധികാരമാണ് വെട്ടിക്കുറച്ചത്. ഗവർണറായല്ല അദ്ദേഹം യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്നത്. മറ്റൊരു അധികാര കേന്ദ്രമാണത്. ആ അധികാര കേന്ദ്രത്തെ  ഉണ്ടാക്കിയത് നിയമമാണെന്നും പിഡിടി ആചാരി പറഞ്ഞു.

English Summary: Time to resolve Governor-govt. standoff- Says P. D. T. Achary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com