ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ സ്വന്തം നാട്ടുകാരനായതിനാൽ പുനർ നിയമനം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായുള്ള ഗവർണറുടെ ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾക്ക് തുടർച്ചയായി വിസി സ്ഥാനത്തിരിക്കാമെന്നു കണ്ണൂർ സർവകലാശാല നിയമത്തിൽ പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസ്ഥയ്ക്ക് അനുസരിച്ചാണ് വിസി നിയമം നടത്തിയത്. നിയമപ്രകാരമാണ് ചാൻസറായ ഗവർണർ അദ്ദേഹത്തെ തുടരാൻ അനുവദിച്ചത്.

ഹൈക്കോടതിയും കണ്ണൂർ വിസിയുടെ നിയമന രീതികൾ പരിശോധിച്ച് അംഗീകരിച്ചിരുന്നു. താനും ഗവർണറും പലവട്ടം കണ്ട് പലതരത്തിലുള്ള ആശയവിനിമയം നടത്തിയിട്ടുണ്ട്. സംസാരിച്ച കാര്യങ്ങൾ ഗവർണർ തെറ്റായി അവതരിപ്പിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വസ്തുതയ്ക്കു നിരക്കാത്ത കാര്യങ്ങളാണ് ഗവർണർ പറയുന്നത്. പരസ്പരം സംസാരിച്ച  കാര്യങ്ങൾ തുറന്നു പറയുന്നത് മാന്യതയ്ക്കു നിരക്കാത്തതായതിനാൽ പറയുന്നില്ല. എല്ലാം വെളിപ്പെടുത്താൻ നിന്നാൽ ഗവർണർ പറഞ്ഞതിന്റെ പൊരുൾ എല്ലാവർക്കും മനസ്സിലാകും. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാൻ സർക്കാർ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസ് എന്നത് എല്ലാ കാര്യത്തിലും സംരക്ഷിക്കാൻ പറ്റിയ ഒന്നാണ് എന്ന ബോധ്യത്തിൽനിന്നാണ് ഗവർണർ സംസാരിക്കുന്നതെന്നും അതിന്റെ ഭാഗമായുള്ള മതിമറക്കല്‍ ഗവർണരുടെ ഭാഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് നല്ലതല്ല. ഭരണഘടനാനുസൃതമായി കാര്യങ്ങൾ ചെയ്യേണ്ട പദവിയിലാണ് അദ്ദേഹം ഇരിക്കുന്നത്. ആ പദവിയിൽ ഇരുന്നു ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പാടില്ല. ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തി ആർഎസ്എസ് സർസംഘചാലകായ മോഹൻഭാഗവതിനെ കാണുന്നതിൽ പ്രശ്നമില്ല. എന്നാൽ, ഗവർണർ സ്ഥാനത്തിരിക്കുന്ന ആൾ സ്വകാര്യ സന്ദർശനത്തിനു പോയതു സാധാരണ രീതിയല്ല. ഗവർണർ സ്വീകരിക്കേണ്ട നിലപാടുകൾക്കും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമാണിത്. ഗവർണർ എന്ന നിലയിൽ ആർഎസ്എസ് തലവനെ കണ്ടത് അനുചിതമാണ്.

മുഖ്യമന്ത്രി ആനുകൂല്യങ്ങൾ നേടാൻ ശ്രമിച്ചു എന്നു പറയുന്നത് ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസിലാകാത്തതു കൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരുടെ കയ്യിൽനിന്നും ആനുകൂല്യം കൈപ്പറ്റാൻ നടക്കുന്ന ആളല്ല താൻ. കൂടുതൽ കാര്യങ്ങൾ പറഞ്ഞു ഗവർണർ സ്ഥാനത്തിരിക്കുന്ന ആളെ ഇടിച്ചു താഴ്ത്തേണ്ട കാര്യമില്ലെന്നാണു കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം വിഷയത്തിലടക്കം ഇടപെടൽ നടത്തി ജനകീയനാകാനാണോ ഗവർണർ ശ്രമിക്കുന്നതെന്ന ചോദ്യത്തിന്, അദ്ദേഹം പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നറിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘പല തിരഞ്ഞെടുപ്പിലും മത്സരിച്ച ആളാണ്. കേരളത്തിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് സ്വാഗതാർഹമാണ്. നമുക്കും നോക്കാം. ബിജെപിക്ക് ഇവിടെ നല്ല സ്ഥാനാർഥിയെ കിട്ടുന്നതു നല്ലതാണെന്ന് അവരും ചിന്തിക്കുന്നുണ്ടാകും. അദ്ദേഹത്തെ അതിനായി കണക്കാക്കുന്നെങ്കിൽ നമുക്ക് നോക്കാം. ഒരു പ്രശ്നം മനസിലാക്കുന്നതിൽ ഗവർണർക്ക് ഇടപെടാം. വിഷയം പരിഹരിക്കാൻ സർക്കാരിനോടു ഭരണഘടനാപരമായി കാര്യങ്ങൾ നിർദേശിക്കുന്നതിനും തടസമില്ല. വിഴിഞ്ഞം തുറമുഖ വിഷയത്തിൽ കേന്ദ്രത്തിൽ ഇടപെട്ടു കാര്യങ്ങള്‍ ചെയ്യുമെന്നു പറഞ്ഞത് മനസിലായില്ല’ –മുഖ്യമന്ത്രി പറഞ്ഞു. 

ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമനടപടിയിലേക്കു കടക്കുമോയെന്ന ചോദ്യത്തിന്, ബില്ലിൽ ഒപ്പിടില്ലെന്നു കരുതേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ബിൽ വായിച്ചാലല്ലേ കാര്യങ്ങൾ മനസിലാകൂ. വായിക്കാതെയാണു മാധ്യമങ്ങളോട് ഗവർണർ സംസാരിച്ചത്. വായിക്കുമ്പോൾ സംശയമുണ്ടാകും. സംശയം ഉണ്ടായി ചോദിച്ചാൽ സർക്കാർ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തർജമ ചെയ്യുന്നവർ ശരിയായ കാര്യങ്ങളാണോ ഗവർണർക്കു പറഞ്ഞു കൊടുക്കുന്നതെന്നു സംശയമുണ്ട്. കാടടച്ച് വെടിവയ്പ്പാണ് അദ്ദേഹത്തില്‍നിന്ന് കാണുന്നത്. ചാൻസലർ പദവിയിൽ ഗവർണർ തുടരണമെന്ന നിലപാടാണ് സർക്കാരിന്.

ഓണാഘോഷ സമാപനത്തിനു ഗവർണറെ ക്ഷണിക്കാത്തതു സംബന്ധിച്ച ചോദ്യത്തിന്, ഓണാഘോഷ സമാപനം പ്രത്യേക ആളെ വിളിച്ചു നടത്തേണ്ട ചടങ്ങല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഗവർണറോട് അനാദരവ് കാണിക്കുന്ന രീതി സർക്കാരിനില്ല. ഒരു പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ മറ്റു പരിപാടികളിലും പങ്കെടുക്കാതിരിക്കാൻ ഗവർണർക്കു കഴിയില്ല. അദ്ദേഹത്തിന്റെ സർക്കാരാണ്. വിയോജിപ്പുണ്ടെങ്കിൽ പറയാൻ അതിന്റേതായ രീതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Kannur VC appointment row: CM Pinarayi Vijayan slams Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com