ADVERTISEMENT

തൃശൂർ∙ പഴഞ്ഞി ഗവ.സ്കൂളില്‍നിന്നു കാണാതായ 3 സ്കൂൾ വിദ്യാർഥികളെ പേരാമംഗലം തെച്ചിക്കോട്ടുകാവിൽനിന്ന് കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് 14 വയസുള്ള 3 വിദ്യാര്‍ഥികളെ കാണാതായത്. ക്ലാസ് കഴിഞ്ഞ് ഇവർ വീട്ടിലെത്തിയിരുന്നു. പിന്നീട് ട്യൂഷ്യനു പോകുകയാണെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. ആന പാപ്പാന്മാർ ആകുക എന്ന ഉദ്ദേശത്തോടെ കത്തും എഴുതിവച്ചാണ് ഇവർ സ്ഥലം വിട്ടിരുന്നത്.

ഏറെ ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കൊമ്പനെ തളച്ചിരുന്ന ഇടത്തെത്തിയ കുട്ടികൾ അവരെ പാപ്പാന്മാർ ആക്കുമോ എന്ന് അന്വേഷിച്ചിരുന്നതായി പൊലീസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഈ മേഖലയിൽ ഉൾപ്പെടെ അന്വേഷിച്ചിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് നാട്ടുകാരും പൊലീസും സംഘങ്ങളായി തൃശൂർ ജില്ലയിലെ പല ഭാഗത്തും കെഎസ്ആർടിസി കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കുട്ടികളെ അന്വേഷിച്ചെങ്കിലും ഫലം ഉണ്ടായില്ല.

പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽനിന്നാണു കുട്ടികളെ പുലർച്ചയോടെ കണ്ടെത്തിയത്. ഇവർ ഇവിടെ എത്തിയിരുന്നുവെന്ന സൂചനയെ തുടർന്ന് ഇവിടെ അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് കുട്ടികളിൽ ഒരാൾ പുറത്തിറങ്ങിയതു കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസിനുള്ളിൽനിന്ന് കുട്ടികളെ കണ്ടെത്തി.

English Summary: Three Thrissur students went missing to become mahout found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com