ADVERTISEMENT

ആലപ്പുഴ∙ സൈബർ കുറ്റകൃത്യങ്ങൾക്കു ഉപയോഗിക്കാനായി 300 പേരെ മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 30 മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം കാത്ത് പ്രതീക്ഷയോടെ കുടുംബങ്ങൾ. മ്യാൻമറിൽ ബന്ദിയാക്കപ്പെട്ടവർ വലിയ പ്രയാസം അനുഭവിക്കുന്നതായും എത്രയും പെട്ടെന്ന് മോചിപ്പിക്കുമെന്നാണു പ്രതീക്ഷയെന്നും മ്യാൻമറിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി സിനാജ് സലീമിന്റെ മാതാപിതാക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു. 

ആലപ്പുഴ സ്വദേശിനിയായ യുവതി വഴിയാണ് സിനാജ് ഏജന്റിനെ പരിചയപ്പെട്ടതെന്നും ജോലി വാഗ്‌ദാനം നൽകി തായ്‌ലൻഡിൽ എത്തിച്ച ശേഷം മ്യാൻമറിലേക്കു കടത്തുകയായിരുന്നുവെന്നും കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബിടെക് ബിരുദധാരിയായ സിനാജിനെ കംപ്യൂട്ടർ സംബന്ധമായ ജോലിക്കെന്നു പറഞ്ഞാണ് തായ്‌ലൻഡിലേക്കു കൊണ്ടുപോയതെന്നു മാതാവ് പറയുന്നു. 12 മണിക്കൂറായിരുന്നു ജോലി. പിന്നീട് 15 മണിക്കൂറായി ഉയർത്തി.

ഇതിനെ ചോദ്യം ചെയ്‌തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും സിനാജിന്റെ മാതാപിതാക്കൾ പറയുന്നു. തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തുവച്ച് പലർക്കും ക്രൂര പീഡനമേൽക്കേണ്ടി വന്നതായാണ് വിവരം ലഭിച്ചതെന്നും സിനാജിന്റെ പിതാവ് സലീം പറയുന്നു. മ്യാൻമറിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്കും കെ.സി.വേണുഗോപാൽ എംപിക്കും കത്ത് നൽകിയതായി സിനാജിന്റെ മാതാപിതാക്കൾ പറഞ്ഞു.

തായ്‌ലൻഡിലും മലേഷ്യയിലും ഡേറ്റ എൻട്രി ജോലി നൽകാമെന്നു വിശ്വസിപ്പിച്ചാണു ഇന്ത്യക്കാരെ മ്യാൻമറിലേക്കു കടത്തിയത്. തായ്‌ലൻഡിൽനിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്ന വിവരം കഴിഞ്ഞദിവസമാണു പുറംലോകമറിഞ്ഞത്. ഇന്ത്യൻ സർക്കാർ പ്രശ്നത്തിൽ ഇടപെട്ടതോടെ ഗുണ്ടകൾ നിയന്ത്രണം കടുപ്പിച്ചെന്നും ഫോൺ ഉപയോഗം പൂർണമായി വിലക്കുകയും മർദിക്കുകയും ചെയ്തെന്നും തടങ്കലിലുള്ളവർ പറയുന്നു. വീസയ്ക്കായി ഒന്നര ലക്ഷം മുതൽ 3 ലക്ഷം വരെ രൂപ വരെയാണു പലരും നൽകിയത്. 

English Summary: Indians Trapped in Myanmar: relatives demand effective intervention from centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com