ADVERTISEMENT

തമിഴ്നാട്ടില്‍ അടിക്കടിയുണ്ടാകുന്ന ദുരഭിമാനക്കൊലയ്ക്കെതിരെ പോരാടുന്ന സാമൂഹിക പ്രവര്‍ത്തകയും ഇത്തരം കൊലയുടെ ഇരയുമായ കൗസല്യ ശങ്കറിന്റെ ജീവിതത്തില്‍ പുതുതുടക്കം. കോയമ്പത്തൂര്‍ വെള്ളാലൂരില്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയാണു കൗസല്യ പുതിയ ജീവിതത്തിലേക്കു കടക്കുന്നത്. നടി പാര്‍വതി തിരുവോത്ത് ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനം ചെയ്തു.

ഉലയാത്ത പ്രണയം, ഞെട്ടിപ്പിച്ച കൊല

തെക്കന്‍ തമിഴ്നാട്ടിലെ പ്രബല ജാതി സമൂഹമാണു തേവര്‍. സമ്പത്തും ഭൂമിയും രാഷ്ട്രീയ പിടിപാടുമെല്ലം വേണ്ടുവോളമുള്ള തേവര്‍ സമുദായമാണു തെക്കന്‍ തമിഴകത്തെ നിയന്ത്രിക്കുന്നത്. ഡിണ്ടിഗല്‍ ജില്ലയിലെ കുപ്പമ്മപാളയത്ത് ചിന്നസാമിയുടെയും അന്നലക്ഷ്മിയുടെയും മകളായാണു കൗസല്യയുടെ ജനനം. തേവര്‍ വിഭാഗത്തിന്റെ ഗ്രാമത്തില്‍നിന്നു മറ്റൊരു അന്തരീക്ഷത്തിലേക്ക് എത്തുന്നത് പൊള്ളാച്ചിയിലെ പിഎ കോളജിലെത്തുന്നതോടെയാണ്. കോളജിലെ ആദ്യദിനത്തില്‍ തന്നെ ശങ്കര്‍ എന്ന സീനിയര്‍ വിദ്യാര്‍ഥിയെ കൗസല്യ പരിചയപ്പെട്ടു.

ബസ് യാത്രക്കിടെയായിരുന്നു ഇത്. വൈകാതെ ശങ്കര്‍, കൗസല്യയോടു പ്രണയം വെളിപ്പെടുത്തി. കുറച്ചുനാളുകള്‍ക്കുശേഷം ഇരുവരും സ്നേഹത്തിലായി. തേവര്‍ സമുദായവുമായി നിരന്തരം സംഘര്‍ഷത്തില്‍ കഴിയുന്ന, ദലിത് വിഭാഗമായ ദേവേന്ദ്ര കുല വെള്ളാളര്‍ സമുദായ അംഗമായിരുന്നു ശങ്കര്‍. സാമ്പത്തികമായും താഴ്ന്ന കുടുംബമായിരുന്നു ശങ്കറിന്റേത്. അച്ഛനും അമ്മയും കൂലിപ്പണി ചെയ്താണു മകനെ പഠിപ്പിച്ചിരുന്നത്. ഇരുവരും ഒന്നിച്ചു നടക്കുന്നതു കൗസല്യയുടെ ഗ്രാമത്തിലുള്ളവര്‍ കണ്ടു. ഇക്കാര്യം പിതാവ് ചിന്നസാമിയെ അറിയിച്ചു.

പ്രണയത്തെ ശക്തമായി എതിര്‍ത്ത കുടുംബം പിന്‍മാറാന്‍ കൗസല്യയോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതിനിടയ്ക്കാണു ശങ്കര്‍ ദലിതനാണെന്നു കുടുംബം മനസ്സിലാക്കുന്നത്. ഇതിന്റെ പേരില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നു കൗസല്യയ്ക്ക്. തുടര്‍ന്ന് ഇവര്‍ വീടും പഠനവും ഉപേക്ഷിച്ചു ശങ്കറിന്റെ ഗ്രാമത്തിലേക്കു മാറി. ഭര്‍ത്താവിനെ പഠിപ്പിക്കാനായി, പ്ലസ്ടുവില്‍ 1200ൽ 1000 മാര്‍ക്കുവാങ്ങിയ മിടുക്കിയായ പെണ്‍കുട്ടി ഇഷ്ടിക കളത്തില്‍ പണിക്കുപോകാനും തുടങ്ങി.

ജാതിവിരുദ്ധ പോരാളിയുടെ ജനനം

2016 മാര്‍ച്ച് 13നു ഭര്‍ത്താവിനു കോളജ് ഡേയ്ക്ക് ഇടാനായി പുതിയ ഷര്‍ട്ട് വാങ്ങാന്‍ ഉദുമല്‍പേട്ട ടൗണിലെത്തിയതായിരുന്നു നവദമ്പതികളായിരുന്ന ശങ്കറും കൗസല്യയും. പെട്ടെന്ന് ഇരുചക്ര വാഹനങ്ങളില്‍ വടിവാളുമായെത്തിയ സംഘം ഇരുവരെയും ആക്രമിച്ചു. നടുറോഡില്‍ ജനം നോക്കിനില്‍ക്കെ ശങ്കര്‍ വെട്ടേറ്റു മരിച്ചുവീണു. ഗുരുതര പരുക്കേറ്റ കൗസല്യ ആശുപത്രി കിടക്കയിലുമായി. ദാരുണ കൊലപാതകം തമിഴകത്തെ ഞെട്ടിച്ചു. ദുരഭിമാനക്കൊല വന്‍ ചര്‍ച്ചയായി.

കേസില്‍ കൗസല്യയുടെ പിതാവ് പി.ചിന്നസാമി അടക്കം ആറു പേര്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. തെളിവുകള്‍ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി ചിന്നസാമിയുടെ ശിക്ഷ പിന്നീട് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ബാക്കി അഞ്ചുപേരുടെയും ശിക്ഷ 25 കൊല്ലം കഠിന തടവായി ചുരുക്കി. മരണശേഷവും ശങ്കറിന്റെ വീട്ടില്‍ തുടര്‍ന്ന കൗസല്യ പതുക്കെ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. ജാതിവിരുദ്ധ പോരാട്ടങ്ങളുടെ മുഖമായി മാറി. ശങ്കറിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. 2018ല്‍ പറൈ കലാകാരന്‍ ശിവയെ ജീവിതത്തിലേക്ക് കൂട്ടി.

സലൂണ്‍ പുതിയ തുടക്കം

ശങ്കറിന്റെ ദാരുണ കൊലപാതകത്തിനു പിറകെ കൗസല്യയ്ക്കു കേന്ദ്ര സര്‍വീസില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു ജോലി തടസ്സമാകുന്നുവെന്നു തിരിച്ചറിഞ്ഞ കൗസല്യ, സുരക്ഷ ഏറെയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു. വരുമാന മാര്‍ഗമെന്ന നിലയ്ക്കാണ് കോയമ്പത്തൂരില്‍ പുതിയ ബ്യൂട്ടിപാര്‍ലര്‍‍ തുടങ്ങുന്നത്. 10 കിലോമീറ്റര്‍ ചുറ്റളവില്‍ വേറെ ബ്യൂട്ടിപാര്‍ലറുകളൊന്നും ഇല്ലാത്തതിനാല്‍ വലിയ പ്രതീക്ഷയിലാണു കൗസല്യ. ഒപ്പം കൂടുതല്‍ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചു വിവിധ രീതിയിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കു ജോലി നല്‍കാനാവുമെന്ന സന്തോഷത്തിലും.

English Summary: Udumalpet honour killing survivor Kausalya Shankar start new beauty parlour in Coimbatore

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com