ADVERTISEMENT

ന്യൂഡൽഹി∙ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രാജസ്ഥാൻ മുഖ്യമന്ത്രി പദവി സംബന്ധിച്ചും ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങള്‍. രാജസ്ഥാനിൽ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും ‍ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഇവർക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു.

രാജസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഇവർ സോണിയ ഗാന്ധിക്കു കൈമാറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജയ്പുരില്‍ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച നടന്ന നാടകീയ നീക്കങ്ങളിൽ പ്രതിഷേധിച്ച് അജയ് മാക്കൻ ചർച്ചയിൽനിന്നു വിട്ടുനിന്നതായാണു സൂചന. സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോടു പറഞ്ഞു.

ഹൈക്കമാന്‍ഡ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഡല്‍ഹിയിലെത്തി. അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാജസ്ഥാൻ പ്രതിസന്ധിയിൽ കമൽനാഥ് മധ്യസ്ഥം വഹിക്കുമെന്നു സൂചനയുണ്ട്. അശോക് ഗെലോട്ടിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയാക്കിയില്ലെങ്കിൽ പകരം കമൽനാഥ് സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുണ്ട്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്. സോണിയ ഗാന്ധി നേരിട്ടാണു ഗെലോട്ടിനോട് അധ്യക്ഷനാകാൻ ആവശ്യപ്പെട്ടത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ സംസ്ഥാനത്തെ എംഎൽഎമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്കു യോഗ്യനല്ലെന്നു മുതിർന്ന നേതാക്കളടക്കം നിലപാടെടുത്തു.

ഗെലോട്ട് പ്രസിഡന്റാകുമ്പോൾ പകരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കിടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായി ഗാന്ധി കുടുംബം നിർദേശിച്ച സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുക്കുകയായിരുന്നു. തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തിൽ 92 എംഎൽഎമാർ രാജിഭീഷണി മുഴക്കുകയും ചെയ്തു.

എംഎൽഎമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചു. നിര്‍ണായകഘട്ടത്തില്‍ അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും എത്തിയതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത്.

English Summary: Congress Crisis: Crucial Meeting at Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com