ADVERTISEMENT

പാലക്കാട്∙ കേന്ദ്രസർക്കാരിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ രാജ്യത്തെ ജനങ്ങളെ വലയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട്‌ ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവമേഖലകളെയും സർക്കാർ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ ചികിത്സാ സൗകര്യങ്ങളോ സാധാരണക്കാരനു ലഭിക്കുന്നില്ല. കോടിക്കണക്കിനു ചെറുപ്പക്കാർ തൊഴിലിനു വേണ്ടി അലയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘സർവകലാശാല ബിരുദങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത സാഹചര്യമാണു വന്നിരിക്കുന്നത്. വിലക്കയറ്റം നാടിനെ രൂക്ഷമായി ബാധിച്ചിരിക്കുന്നു. വിരലിൽ എണ്ണാവുന്നവരുടെ മാത്രം താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. രണ്ടോ മൂന്നോ സമ്പന്നർ മാത്രമാണ് സർക്കാരിന് താല്പര്യമുള്ളവർ. അവരുടെ പ്രശ്നങ്ങളിൽ മാത്രമാണു സർക്കാരിന് ആകുലതകൾ ഉള്ളത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി അവരിലേക്ക് എത്തുകയാണ്. രാജ്യത്തെ വാണിജ്യ മേഖലയെ നിയന്ത്രിക്കുന്നതും അവർ തന്നെയാണ്.

ചെറുകിട വ്യവസായികൾക്കും സാധാരണക്കാർക്കും വായ്പ ലഭിക്കുന്നില്ലെങ്കിലും അതിസമ്പന്നർക്കു വായ്പ ലഭിക്കുന്നുണ്ട്. തെറ്റായ ജിഎസ്ടി നയവും നോട്ടുനിരോധനവും രാജ്യത്തെ പിന്നോട്ടടിച്ചു. വിദ്വേഷവും വെറുപ്പും കൊണ്ട് രാജ്യത്തെ വിഭജിക്കുവാനാണ് ആർഎസ്എസ് താൽപര്യപ്പെടുന്നത്. സമാധാനത്തിന്റെ സന്ദേശവും വഹിച്ചു കൊണ്ടാണ് ജോഡോ യാത്ര മുന്നോട്ട് പോകുന്നത്. ഈ യാത്രയുടെ ലക്ഷ്യം രാജ്യത്തിന്റെ ഐക്യം നിലനിർത്തുക എന്നതാണെന്നും എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് ജോഡോ യാത്ര മുന്നേറും’’ – അദ്ദേഹം പറഞ്ഞു.

English Summary: Rahul Gandhi against the central government in Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com