ADVERTISEMENT

തിരുവനന്തപുരം∙ വൈസ് ചാൻസലർ നിയമനത്തിനായി രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയുടെ പേര് ഇന്നു തന്നെ നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം കേരള വിസി തള്ളി. സെനറ്റ് യോഗം വിളിച്ചു ചേർക്കേണ്ട ഉത്തരവാദിത്തം വൈസ് ചാൻസലറിൽ നിക്ഷിപ്തമാണെങ്കിലും സിൻഡിക്കറ്റ് അംഗങ്ങൾക്കു യോഗം ചേരാൻ താൽപര്യമില്ലാത്തതിനാൽ വൈസ് ചാൻസലർ പിന്തിരിയുകയായിരുന്നു. കേരള വിസിക്കെതിരെ ഗവർണർ നടപടിയെടുത്തേക്കും.

സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി രൂപീകരിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തിയുള്ള പ്രമേയം കഴിഞ്ഞ സെനറ്റ് യോഗം അംഗീകരിച്ചതിനാൽ വീണ്ടും പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള യോഗം വിളിച്ചു ചേർക്കാനാവില്ലെന്ന വിവരം ഗവർണറുടെ ഓഫിസിനെ വിസി അറിയിച്ചിരുന്നു. പ്ലാനിങ് ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി ജൂലൈയിൽ തന്നെ നിശ്ചയിച്ചിരുന്നുവെങ്കിലും അദ്ദേഹം പിൻമാറുകയായിരുന്നു. പകരക്കാരനെ സർവകലാശാല നൽകാത്തതുകൊണ്ടു മൂന്നംഗ സേർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണു ഗവർണർ ഓഗസ്റ്റ് 5ന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്.

സേർച്ച് കമ്മിറ്റി വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യുന്നതിനു നാളെ സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം വൈസ് ചാൻസലർ വിളിച്ചു ചേർത്തിട്ടുണ്ട്. സെനറ്റ് പ്രതിനിധിയെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകാൻ സർവകലാശാല കൂട്ടാക്കാത്തതിനാൽ ഒരു സ്ഥാനം ഒഴിച്ചിട്ടു നിലവിലെ സേർച്ച് കമ്മിറ്റിക്കു തുടർ നടപടിയുമായി മുന്നോട്ടു പോകാമെന്ന നിയമോപദേശമാണു രാജ്ഭവനു ലഭിച്ചിട്ടുള്ളത് എന്നറിയുന്നു. നിയമനത്തിനുള്ള ആദ്യപടിയായി വിസി നിയമനത്തിനുള്ള അപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സേർച്ച് കമ്മിറ്റി കൺവീനർക്കു നിർദേശം നൽകിയിട്ടുണ്ട്. കേരള വിസിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കും.

English Summary: Kerala VC Appointment: Kerala University refuses to budge to ‘final warning’ of Governor Arif Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com