ADVERTISEMENT

ന്യൂഡൽഹി∙ കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട സാമ്പത്തികത്തട്ടിപ്പു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി രണ്ടു നടിമാരെ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി ഡൽഹി പൊലീസ്. നടിമാരായ നിക്കി തംബോലി, സോഫിയ സിങ് എന്നിവരെയാണ് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തിഹാർ സെൻട്രൽ ജയിലിൽ എത്തിച്ചത്. സുകാഷുമായി ഇവർ നടത്തിയ കൂടിക്കാഴ്ച ഉദ്യോഗസ്ഥർ പുനരാവിഷ്കരിച്ചു.

ഇവർ ഉൾപ്പെടെ നാല് നടിമാർ സുകാഷ് ചന്ദ്രശേഖറിനെ വിവിധ സമയങ്ങളിൽ ജയിലിൽ സന്ദർശിച്ചതായി ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ചാഹത് ഖന്ന, അരുഷ പാട്ടീൽ എന്നിവരാണ് മറ്റു രണ്ടു പേർ. സുകാഷിന്റെ അനുയായി പിങ്കി ഇറാനി വഴിയാണ് ഇവർ ജയിലിലെത്തിയത്. വിവിധ പേരുകളിലാണു സുകാഷിനെ പിങ്കി ഈ നടികൾക്കു പരിചയപ്പെടുത്തിയത്. സന്ദർശിച്ചതിനു പകരമായി പണവും മറ്റു വിലകൂടി സമ്മാനങ്ങളും ഈ നടിമാർക്കു സുകാഷ് സമ്മാനിച്ചതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു.

റിയാലിറ്റി ഷോകളിലൂടെയാണ് നിക്കി തംബോലി പ്രശസ്തയായത്. സോഫിയ സിങ് നിരവധി ഹിന്ദി, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇവരെ ജയലിലെത്തിച്ച് നടത്തിയ നടപടിക്രമങ്ങൾ പൂർണമായും ക്യാമറയിൽ ചിത്രീകരിച്ചതായി പൊലീസ് പറഞ്ഞു. ജയിലിനുള്ളിൽ നിരവധി പേർ ചന്ദ്രശേഖറിനെ സന്ദർശിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ടവരെ മാത്രമാണ് വിളിപ്പിക്കുന്നത്. നിലവിൽ മണ്ടോലി ജയിലിലാണ് സുകാഷ്. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അതിനാലാണ് സുകാഷ് നടിമാരുമായി നടത്തിയ കൂടിക്കാഴ്ച പുനരാവിഷ്കരിച്ചതെന്നും സ്‌പെഷൽ പൊലീസ് കമ്മിഷണർ (ക്രൈം) രവീന്ദ്ര യാദവ് പറഞ്ഞു.

Sophia-Singh-15
സോഫിയ സിങ്

‘ഓഫിസ്’ എന്ന പേരിൽ സുകാഷ് ഉപയോഗിച്ചിരുന്ന മുറിയിലെത്തിയാണ് നടിമാർ സന്ദർശനം നടത്തിയത്. ധാരാളം ഗാഡ്‌ജറ്റുകൾ, ടിവി, പ്ലേ സ്റ്റേഷൻ, എസി, ആപ്പിൾ ബ്ലൂടൂത്ത് സ്പീക്കറുകൾ, ലാപ്‌ടോപ്പുകൾ, ഒരു സോഫ, കൂളർ, ഫ്രിജ്, ഫോണുകൾ, റോളക്സ് വാച്ചുകൾ, വിലകൂടിയ ബാഗുകൾ തുടങ്ങിയവ ഇവിടെയുണ്ടായിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.

കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ട ഒരു നടിക്കും ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുകാഷ് മറ്റ് അഭിനേതാക്കളെയും ഇതേരീതിയിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ സൂചനയുണ്ട്. അനുയായിയായ പിങ്കി ഇറാനി വഴിയാണ് താരങ്ങളെ പരിചയപ്പെട്ടത്. പിങ്കി ഇറാനിയെ ഡൽഹി പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

English Summary: Actors Nikki Tamboli, Sofia Singh Visit Jail To Recreate Meet With Conman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com