ADVERTISEMENT

ന്യൂഡൽഹി∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡില്‍ 247 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് എന്‍െഎഎ, പൊലീസിന്‍റെ ഭീകരവിരുദ്ധസേന എന്നിവർ സംയുക്തമായി റെയ്ഡ് നടത്തിയത്. കേരളത്തിൽ പാലക്കാട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി.

തീവ്രവാദ പ്രവർത്തനങ്ങൾക്കു പണം നൽകിയതും പരിശീലന ക്യാംപുകൾ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് എൻഐഎ വ്യക്തമാക്കി. ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ രോഹിണി, നിസാമുദ്ദീൻ, ജാമിയ, ഷഹീൻ ബാഗ്, സെൻട്രൽ ഡൽഹി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ലോക്കൽ പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി. ഡൽഹിയിൽ 30 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിൽ ജാമിയ അടക്കമുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷഹീൻബാഗിൽ പൊലീസ്- അർധ സൈനിക വിഭാഗങ്ങൾ റൂട്ട് മാർച്ച്‌ നടത്തി. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

മഹാരാഷ്ട്രയിലെ താനെയിൽനിന്ന് നാല് പിഎഫ്ഐ പ്രവർത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഔറംഗബാദിലും സോലാപുരിലും റെയ്ഡ് നടക്കുന്നതായി റിപ്പോർട്ടുണ്ട്. കർണാടകയിൽ പൊലീസ് പുലർച്ചെ നടത്തിയ റെയ്ഡിൽ 45 പിഎഫ്ഐ അംഗങ്ങളെ അറസ്റ്റ് ചെയ്തു. ബാഗൽകോട്ട്, ബിദർ, ചാമരാജനഗർ, ചിത്രദുർഗ, രാമനഗര, മംഗളൂരു, കൊപ്പൽ, ബെല്ലാരി, കോലാർ, ബെംഗളൂരു, മൈസൂരു, വിജയപുര ജില്ലകളിൽ ഉൾപ്പെടെ സംസ്ഥാനത്തുടനീളം പിഎഫ്ഐ നേതാക്കളുടെ വീടുകൾ റെയ്ഡ് ചെയ്തു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെയും 75ലധികം പ്രവർത്തകരെ കർണാടകയിൽ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

ഗുജറാത്തിൽ പിഎഫ്ഐയുമായി ബന്ധമുള്ള 10 പേരെ അറസ്റ്റ് ചെയ്തു. അസമിൽ 25 പിഎഫ്ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാംരൂപ് ജില്ലയിലെ നഗർബെര, ഗോൾപാറ, ബാർപേട്ട, ധുബ്രി, ബക്‌സ, ദരാംഗ് എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഉദൽഗുരിയിലും കരിംഗഞ്ചിലും റെയ്ഡ് നടന്നതായി റിപ്പോർട്ടുകളുണ്ട്.

നേരത്തെ, അസമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിഎഫ്‌ഐയുടെ 11 നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിൽ നിന്ന് ഒരാളെയും അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപി പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോം (എസ്ടിഎഫ്) തിങ്കളാഴ്ച ഒരു പിഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ 21 പിഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

pfi-raid-karnataka-27

ഈ മാസം 22ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. കേരളമടക്കം 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നാണ് ഏറ്റവുമധികം പേരെ അറസ്റ്റ് ചെയ്തത് – 19. കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, ബംഗാൾ, മണിപ്പുർ, ബിഹാർ, തമിഴ്നാട്, അസം, യുപി, ആന്ധ്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഇതിനെത്തുടർന്ന് 23ന് കേരളത്തിൽ നടന്ന പിഎഫ്ഐ ഹർത്താലിൽ വ്യാപക അക്രമസംഭവങ്ങളും അരങ്ങേറി.

English Summary: Raid at Popular Front Centres
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com