ADVERTISEMENT

ന്യൂഡൽഹി ∙ ഐഎസ് ഉൾപ്പെടെയുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു വ്യക്തമാക്കിയാണു പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഭീകരപ്രവർത്തനങ്ങൾക്കു ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലന പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്ഐ) അനുബന്ധ സംഘടനകൾക്കും എതിരെ കേന്ദ്രം പുറപ്പെടുവിച്ച വിജ്‍ഞാപനത്തിലുള്ളത്. യുഎപിഎ നിയമപ്രകാരമാണു നടപടി. പോപ്പുലർ ഫ്രണ്ട് അടക്കം 8 സംഘടനകളെ 5 വർഷത്തേക്കാണു നിരോധിച്ചത്.

പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയ്ക്കാണു നിരോധനം. സൊസൈറ്റീസ് റജിസ്ട്രേഷൻ നിയമപ്രകാരമാണു പിഎഫ്ഐ റജിസ്റ്റർ ചെയ്തിരുന്നത്.

നിരോധിച്ച മറ്റു സംഘടനകൾക്ക് പിഎഫ്ഐയുമായി വ്യക്തമായ ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണു നടപടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കി. പിഎഫ്ഐ അംഗങ്ങളിൽനിന്നു റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഫണ്ട് ശേഖരിച്ചിരുന്നതായും ക്യാംപസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയിൽ പിഎഫ്ഐ പ്രവർത്തകരും അംഗങ്ങളാണെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളാണു നാഷനൽ വിമൻസ് ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നും വിജ്ഞാപനത്തിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽനിന്ന്. (ഫയൽ ചിത്രം: മനോരമ)
പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽനിന്ന്. (ഫയൽ ചിത്രം: മനോരമ)

∙ എണ്ണിയെണ്ണിപ്പറഞ്ഞ് നിരോധനം

രാജ്യവ്യാപക റെയ്ഡിനും നേതാക്കളുടെ കൂട്ട അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്നു സൂചനകളുണ്ടായിരുന്നു. ചില സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. ബിജെപി നേതാക്കളും കടുത്ത നിലപാടാണു സ്വീകരിച്ചത്. കേരളത്തിൽ പിഎഫ്ഐ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി ആക്രമണങ്ങളുണ്ടായതും കേന്ദ്ര സർക്കാർ കണക്കിലെടുത്തു. ഇതോടെയാണ്, കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ആഭ്യന്തര‌ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.

കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നത്:

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഫണ്ട് ശേഖരിക്കുന്നതു പിഎഫ്ഐ അംഗങ്ങള്‍ വഴിയാണെന്നു പറയുന്ന കേന്ദ്രം, നാഷനൽ വിമൻസ് ഫ്രണ്ടിനെ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് പിഎഫ്ഐ ആണെന്നും ചൂണ്ടിക്കാട്ടി. യുവജനങ്ങൾ, വിദ്യാർഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനും അംഗത്വം വിപുലീകരിക്കാനുമാണ് അനുബന്ധ സംഘടനകളിലൂടെ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത്. ഈ സംഘടനകൾ രൂപീകരിച്ചതു ഇതേ ലക്ഷ്യങ്ങൾക്കായാണ്. സംഘടനയ്ക്ക് ആവശ്യമായ ഫണ്ടുസമാഹരണവും ഇവരിലൂടെ ലക്ഷ്യമിട്ടു.

അനുബന്ധ സംഘടനകളുടെ ‘ഹബ്’ ആയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തിച്ചത്. വലിയ ജനപിന്തുണയും ഒപ്പം ധനസമാഹരണവും സഹസംഘടനകൾ വഴി നടത്തുന്ന പോപ്പുലർ ഫ്രണ്ട് ഇവയെ നിയമവിരുദ്ധ കാര്യങ്ങൾക്കു മറയാക്കാനും അവ ശക്തമാക്കാനും ഉപയോഗിച്ചു. സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ- രാഷ്ട്രീയ സംഘടനകൾ എന്ന നിലയിലുള്ള പരസ്യ പ്രവര്‍ത്തനങ്ങളാണ് ഇവ നടത്തിയിരുന്നത്. അതേസമയം, രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പത്തെയും തകര്‍ക്കുന്ന തരത്തില്‍, സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദ ചിന്തയിലേക്കു മാറ്റാനുള്ള രഹസ്യ അജൻഡ പോപ്പുലര്‍ ഫ്രണ്ടിനും കൂട്ടർക്കും ഉണ്ടെന്നും വിജ്ഞാപനം പറയുന്നു.

കണ്ണൂർ വളപട്ടണത്ത് ദേശീയപാതയിൽ ഹർത്താൽ അനുകൂലികൾ ടയർ കൂട്ടിയിട്ട് കത്തിച്ചപ്പോൾ.
കണ്ണൂർ വളപട്ടണത്ത് ദേശീയപാതയിൽ ഹർത്താൽ അനുകൂലികൾ ടയർ കൂട്ടിയിട്ട് കത്തിച്ചപ്പോൾ.

∙ സാമുദായിക സൗഹാർദം തകർക്കാൻ ശ്രമം

രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിഘാതം സൃഷ്ടിക്കുന്ന, സാമുദായിക സൗഹാർദത്തെ ബാധിക്കുന്ന, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐ ഏര്‍പ്പെട്ടതായി വിജ്ഞാപനത്തിൽ‌ പറയുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരെ പിന്തുണച്ചു. പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയിലെ (സിമി) നേതാക്കളാണ്. പിഎഫ്ഐക്ക് ജമാഅത്ത്–ഉൽ-മുജാഹിദീൻ ബംഗ്ലദേശുമായും (ജെഎംബി) ബന്ധമുണ്ട്. ഇവ രണ്ടും നിരോധിത സംഘടനകളാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്) തുടങ്ങിയ ആഗോള ഭീകര സംഘടനകളുമായും പിഎഫ്ഐയ്ക്കു ബന്ധമുണ്ട്.

രാജ്യത്ത് ഒരു പ്രത്യേക സമുദായത്തിനു അരക്ഷിതാവസ്ഥ ഉണ്ടെന്നു പ്രചരിപ്പിച്ച് അവർക്കിടയിൽ തീവ്രവാദചിന്ത വർധിപ്പിക്കാൻ പിഎഫ്ഐയും അനുബന്ധ സംഘടനകളും രഹസ്യമായി പ്രവര്‍ത്തിച്ചു. ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രാജ്യാന്തര തീവ്രവാദ സംഘടനകളിൽ ചേർന്നുവെന്ന വസ്തുത ഇത് തെളിയിക്കുന്നതാണ്. രാജ്യവ്യാപകമായി അക്രമങ്ങളും ക്രിമിനൽ പ്രവര്‍ത്തനങ്ങളും നടത്തി ഭരണകൂടങ്ങളെ വെല്ലുവിളിക്കുന്ന പിഎഫ്ഐ, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു കനത്ത വെല്ലുവിളിയാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

∙ നിരോധന കാരണമായി അഭിമന്യു വധവും

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രാജ്യമാകെ നിരന്തരം ആക്രമണങ്ങളിൽ ഭാഗമാകുന്നതായി വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കോളജ് പ്രഫസറുടെ കൈവെട്ടിയ കേസ്, സംഘടനയെ എതിർക്കുന്നവരെയും മറുഭാഗത്തുള്ളവരെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവങ്ങൾ, പ്രമുഖ വ്യക്തികളെയും പ്രദേശങ്ങളെയും ലക്ഷ്യമിട്ടുള്ള സ്ഫോടനങ്ങൾ, പൊതുസ്വത്ത് നശിപ്പിക്കൽ തുടങ്ങിയവയും നിരോധനത്തിനു കാരണങ്ങളാണ്.

abhimanyu-murder
അഭിമന്യു (ഫയൽ ചിത്രം)

കേരളത്തിലെ സഞ്ജിത്ത് (2021 നവംബർ), നന്ദു (2021), അഭിമന്യു (2018), ബിബിൻ (2017), തമിഴ്നാട്ടിലെ വി.രാമലിംഗം (2019), ശശി കുമാർ (2016), കർണാടകയിലെ ശരത് (2017), ആർ.രുദ്രേഷ് (2016), പ്രവീൺ പൂജാരി (2016), പ്രവീൺ നെട്ടാരു (2022) തുടങ്ങിയവർ ക്രൂരമായി കൊല്ലപ്പെട്ടത് ഉൾപ്പെടെയുള്ള ഭീകര സംഭവങ്ങളിൽ പിഎഫ്ഐ പ്രവർത്തകർക്കു പങ്കുണ്ട്. പൊതു സമാധാനവും ശാന്തിയും തകർക്കുകയും ജനങ്ങളുടെ മനസ്സിൽ തീവ്രചിന്തകൾ വളർത്തുകയുമാണ് ഇതിലൂടെ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതെന്നും വിജ്ഞാപനത്തിലുണ്ട്.

Popular Front of India rally ​| File Pic - Manorama
പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽനിന്ന്. (ഫയൽ ചിത്രം: മനോരമ)

∙ ആഗോള ഭീകരബന്ധം, ഹവാല ഇടപാട്

ഐഎസ് ഉൾപ്പെടെയുള്ള ആഗോള ഭീകര സംഘടനകളുമായി പിഎഫ്ഐയ്ക്കുള്ള അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ഐഎസിൽ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അനുഭാവികളും അംഗങ്ങളാണ്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകരപ്രവർത്തനങ്ങളിൽ ഇവരും ഭാഗമായിട്ടുണ്ട്. ഐഎസുമായി അടുപ്പമുള്ള ചില പിഎഫ്ഐ അംഗങ്ങൾ സംഘർഷ സ്ഥലങ്ങളിൽ കൊല്ലപ്പെട്ടു. ഐഎസുമായും ജെഎംബിയുമായും ബന്ധമുള്ള പിഎഫ്ഐക്കാരെ സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ബാങ്കുകൾ, ഹവാല, സംഭാവനകൾ തുടങ്ങിയ മാർഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തും ഫണ്ട് സ്വരൂപിക്കാൻ പിഎഫ്ഐ ഭാരവാഹികളും പ്രവർത്തകരും ഗൂഢാലോചന നടത്തുകയും പ്രവർത്തിക്കുകയും ചെയ്തു. പുറമേ നിയമവിധേയമെന്നു തോന്നിപ്പിച്ച്, യഥാർഥത്തിൽ നിയമവിരുദ്ധമായി സമാഹരിക്കുന്ന പണം കൊണ്ടാണ് സംഘടന ഇന്ത്യയിൽ ക്രിമിനൽ, ഭീകര പ്രവർത്തനങ്ങൾ നടത്തുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പിഎഫ്ഐ നേതാക്കളായ അക്കൗണ്ട് ഉടമകളുടെ ധനവിനിയോഗം അവർ അവകാശപ്പെട്ടിരുന്നതു പോലെയല്ലെന്നു മനസ്സിലാകുകയും ക്രമക്കേടു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് ആദായനികുതി വകുപ്പ് പിഎഫ്ഐയുടെ റജിസ്ട്രേഷൻ റദ്ദാക്കി. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പിഎഫ്‌ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡിഷനൽ സെക്രട്ടറി പ്രവീൺ വസിഷ്ഠ ഉത്തരവിൽ വിശദീകരിച്ചു.

English Summary: Centre Bans Popular Front Of India For 5 Years, Cites "Terror Links"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com