ADVERTISEMENT

ന്യൂഡൽഹി∙ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ ദിഗ്‌വിജയ് സിങ് അടുത്ത മാസം നടക്കാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന ദിഗ്‌വിജയ് സിങ് ഡൽഹിയിലേക്ക് തിരിച്ചു. ഇന്നു രാത്രി ഡൽഹിയിലെത്തും. അദ്ദേഹം രണ്ടു ദിവസത്തിനകം നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

പാർട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ മത്സരിക്കുമോ എന്ന േചാദ്യങ്ങളോട് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. ‘‘ഞാൻ ആരുമായും വിഷയം ചർച്ച ചെയ്തിട്ടില്ല. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിന്റെ അനുമതി വാങ്ങിയിട്ടില്ല. മത്സരിക്കണോ വേണ്ടയോ എന്നത് എനിക്ക് വിടൂ’’– എന്നായിരുന്നു അദ്ദേഹം നേരത്തേ പറഞ്ഞത്. വെള്ളിയാഴ്ച ജബൽപുരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പാർട്ടിയിലെ ഉന്നതരുടെ നിർദേശങ്ങൾ പാലിക്കുമെന്നും പറഞ്ഞിരുന്നു.

നിലവിൽ ശശി തരൂർ മാത്രമാണ് നാമനിർദേശക പത്രിക സമർപ്പിക്കാൻ തയാറായിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കാൻ തയാറായെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ വിസമ്മതിച്ചത് പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതോടെ ഗെലോട്ടിനെ മത്സരത്തിൽ നിന്നു മാറ്റിനിർത്തണമെന്ന് ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ദിഗ്‌വിജയ് സിങ്ങിനെ കളത്തിലിറക്കുമെന്ന് മുതിർന്ന നേതാക്കൾ വെളിപ്പെടുത്തിയത്. വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.

English Summary: Digvijaya Singh vs Shashi Tharoor? More Twists In Congress Chief Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com