ഗർഭച്ഛിദ്രം: അവിവാഹിതകൾക്കും തുല്യ അവകാശമെന്ന് കോടതി; സുപ്രധാന വിധി

pregnant
ഫയൽചിത്രം
SHARE

ന്യൂഡൽഹി∙ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് (എംടിപി) പരിധിയിൽ നിന്ന് അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്‌ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നന്‍സി നിയമം പ്രകാരം വിലയിരുത്തുമ്പോൾ ഭർത്താവിൽനിന്ന് സമ്മതമില്ലാതെയുള്ള ലൈംഗികവേഴ്ചയും ബലാത്സംഗമെന്ന രീതിയിൽ കണക്കിലെടുക്കാമെന്നും കോടതി വിലയിരുത്തി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നന്‍സി നിയമത്തിന്റെ പരിധിയിൽ ഇതും പീഡനത്തിന്റെ ഭാഗമായി കാണാനാകുമെന്നും കോടതി വിശദീകരിച്ചു. പ്രസവം സംബന്ധിച്ച അവകാശം സ്ത്രീയുടെ സ്വാതന്ത്ര്യത്തിൽ ഉൾപ്പെടും. നിലനിൽപ്പിന് ഭ്രൂണം സ്ത്രീശരീരത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ ആ ശരീരത്തിനു തന്നെയാണ് അത് നിലനിർത്തണമോ എന്നതിലെ അധികാരം. വേണ്ടതില്ലാത്ത ഒരു ഗർഭം മുഴുവൻ കാലത്തേക്കും വഹിക്കണമെന്ന് ഒരു സ്ത്രീയോട് ഭരണകൂടത്തിന് നിർദ്ദേശിക്കാനാവില്ല. അത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാകും. – കോടതി വ്യക്തമാക്കി.

pregnant-woman
image credit∙ Natalia Deriabina/Shutterstock

ഗർഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലയളവിൽ അവിവാഹിതർക്കും എംടിപി പ്രകാരം ഗർഭച്ഛിദ്രം നടത്താമെന്നും കോടതി വ്യക്തമാക്കി. എംടിപി പരിധിയിൽ നിന്ന് അവിവാഹിതരെ ഒഴിവാക്കുന്നത് ലൈംഗിക ബന്ധം വിവാഹിതർക്കു മാത്രമായി പരിമിതപ്പെടുത്തുന്നതിനു തുല്യമാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

സുരക്ഷിതമായ ഗർഭച്ഛിദ്രം എല്ലാ സ്ത്രീകളുടെയും ഭരണഘടനാപരമായ അവകാശത്തിന്റെ പരിധിയിൽ വരുന്നതാണ്. സ്വന്തം ശരീരത്തിനു മേലുള്ള പരമാധികാരം സ്ത്രീക്കു മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിയമപ്രകാരം അവിവാഹിതർക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകിയിരുന്നില്ല.

ഇന്ത്യയിൽ ഐപിസി 312, 313 വകുപ്പുകൾ പ്രകാരം സ്ത്രീയുടെ ജീവൻ രക്ഷിക്കേണ്ട സാഹചര്യങ്ങളിലല്ലാതെ ഗർഭമലസിപ്പിക്കാൻ അറിഞ്ഞുകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ കുറ്റകൃത്യമായാണ് കാണുന്നത്. 312–ാം വകുപ്പ് പ്രകാരം, കുഞ്ഞിന് ചലനശേഷി വന്നിട്ടുണ്ടെങ്കിൽ ഏഴു വർഷവും അല്ലെങ്കിൽ മൂന്നു വർഷവും തടവു ശിക്ഷ ലഭിക്കാം. 313–ാം വകുപ്പ് പ്രകാരം സ്ത്രീയുടെ സമ്മതം ഇല്ലാതെയുള്ള ഗർഭം അലസിപ്പിക്കൽ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.

സുരക്ഷിതമല്ലാത്ത ഗർഭമലസിപ്പിക്കൽ രാജ്യത്ത് വർധിക്കുകയും മാതൃമരണനിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യയിൽ ശാന്തിശാൽ ഷാ കമ്മിറ്റിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 1971 ൽ എംടിപി ആക്ട് (ദ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസിി ആക്ട്) നിലവിൽ വന്നത്. 1971ലെ നിയമപ്രകാരം ഗർഭം 20 ആഴ്ച പിന്നിടുന്നത് വരെയായിരുന്നു ഗർഭച്ഛിദ്രത്തിന് അനുമതി. 2021 ലെ നിയമ ഭേദഗതിയിലൂടെ ഇത് 24 ആഴ്ചയായി ഉയർത്തി. ഗർഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടെത്തിയാൽ 24 ആഴ്ചയ്ക്കു ശേഷവും ഗർഭച്ഛിദ്രം ഇന്ത്യയില്‍ നിയമവിധേയമാണ്.

supreme-court
സുപ്രീം കോടതി

വിവാഹിതരായ സ്ത്രീകൾക്ക് മാത്രം ഗർഭച്ഛിദ്രത്തിന് നിയമപരമായി പിന്തുണ നൽകിയ 1971 ലെ നിയമത്തിൽ നിന്ന് സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തെപ്പറ്റി കുറേക്കൂടി വിശാലമായ കാഴ്ചപ്പാടാണ് 2021 ലെ ഭേദഗതി മുന്നോട്ടു വച്ചത്. ഇത് സുപ്രീം കോടതി ഇന്നത്തെ വിധിയിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഗർഭം തുടരുന്നത് അമ്മയ്ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം, ഗർഭസ്ഥ ശിശുവിനു ഗുരുതരമായ വൈകല്യങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉള്ള സാഹചര്യം, ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാകേണ്ടി വരിക, ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെട്ടത് മൂലം ഗർഭം ധരിക്കേണ്ടി വരിക എന്നീ സാഹചര്യങ്ങളിലാണ് മുൻപ് ഗർഭച്ഛിദ്രം നിയമവിധേയമായിരുന്നത്.

എന്നാൽ 2021 ലെ ഭേദഗതിയിലൂടെ ലൈംഗിക ചൂഷണങ്ങളുടെയും ബലാത്സംഗത്തിന്റെയും അടുത്ത ബന്ധുക്കളിൽ നിന്നുള്ള പീഡനത്തിന്റെയും ഇരകൾ, ‌‌‌‌‌പ്രായപൂർത്തിയാകാത്തവർ, ഗർഭ കാലഘട്ടത്തിൽ ഭർത്താവു മരിക്കുകയോ വിവാഹമോചിതരാകുകയോ ചെയ്തവർ, ഭിന്നശേഷിയുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, യുദ്ധം, പ്രകൃതി ദുരന്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ അകപ്പെട്ടവർ എന്നിവർക്കെല്ലാം ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്.

ഗർഭച്ഛിദ്രത്തിന് സമീപിക്കുന്ന വ്യക്തി വിവാഹിതയായിരിക്കണം എന്ന നിർബന്ധം പുതിയ ഭേദഗതിയിൽ ഒഴിവാക്കിയിരുന്നു. വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ ഗർഭച്ഛിദ്രത്തിന് പങ്കാളിയുടെ അനുമതി തേടേണ്ട കാര്യവുമില്ല. പെണ്‍കുട്ടി മൈനറാണെങ്കിൽ രക്ഷിതാവിന്റെ സമ്മതം ആവശ്യമാണ്. ഭേദഗതിയിലെ സെക്‌ഷൻ 5 വഴി ഗർഭച്ഛിദ്രത്തിന് വിധേയരാകുന്ന സ്ത്രീകളുടെ സ്വകാര്യതയും നിയമം ഉറപ്പു വരുത്തുന്നു. ഇവരുടെ വ്യക്തിപരമായ വിവരങ്ങൾ ഡോക്ടർമാർ വെളിപ്പെടുത്തിയാൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം.

English Summary: All Women Entitled To Safe & Legal Abortion, Distinction Between Married & Unmarried Women Unconstitutional : Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA