പോപ്പുലർ ഫ്രണ്ട് നിരോധനം: തിടുക്കം വേണ്ട, നിയമാനുസൃതം മതിയെന്ന് മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം ∙ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇക്കാര്യത്തിൽ നിയമപരമായ നടപടികള്‍ മാത്രം സ്വീകരിക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അനാവശ്യ തിടുക്കം പാടില്ല. വർഗീയ സംഘർഷങ്ങൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍ദേശം. തുടര്‍നടപടി നിശ്ചയിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേർന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അധ്യക്ഷത വഹിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. നിരോധിത സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗങ്ങൾ തടയുന്നതിനും ജില്ലാ പൊലീസ് മേധാവിമാർ നടപടിയെടുക്കും. ഇതിനായി സർക്കാർ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പൊലീസ് മേധാവിമാർ വിനിയോഗിക്കും. ജില്ലാ മജിസ്ട്രേട്ടുമാരുമായി ചേർന്നായിരിക്കും ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിമാർ തുടർനടപടി സ്വീകരിക്കുക.
ഈ നടപടികൾ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡിഐജിമാരും നിരീക്ഷിക്കും. ഇതിനാവശ്യമായ നിർദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എഡിജിപിമാരും ഐജിമാരും ഡിഐജിമാരും എല്ലാ ജില്ലാ പൊലീസ് മേധാവിമാരും പങ്കെടുത്തു.
അതിനിടെ, പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടയുണ്ടായ അക്രമ സംഭവങ്ങളിലുണ്ടായി ബന്ധപ്പെട്ട് സംഭവിച്ച നഷ്ടങ്ങൾക്കു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവെച്ചില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകാം. ഹർത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ പ്രതിചേർക്കാനും കോടതി ഉത്തരവിട്ടു.
ഹര്‍ത്താല്‍ ദിന ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇടുക്കി നെടുങ്കണ്ടത്ത് ഇന്നലെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മലപ്പുറത്ത് പ്രകടനം നടത്തിയവര്‍ക്കെതിരെ യുഎപിഎയും ചുമത്തി.
English Summary: Popular Front ban; Review meeting Kerala