ADVERTISEMENT

കീവ്∙ യുക്രെയ്നിലെത്തിയ റഷ്യൻ സൈനികർ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമർ‌ശിക്കുന്നെന്ന് ന്യൂയോർക്ക് ടൈംസ്. പുട്ടിൻ ഒരു വിഡ്ഢിയാണെന്നും കണ്ണിൽപെടുന്നവരെയെല്ലാം വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും പറയുന്ന സംഭാഷണങ്ങളിൽ, യുക്രെയിനിൽ റഷ്യ തിരിച്ചടി നേരിടുകയാണെന്ന സൂചനയുണ്ടെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.

ദിവസങ്ങൾക്കുള്ളിൽ യുക്രെയ്ൻ വീഴുമെന്ന കണക്കുകൂട്ടലിലാണ് റഷ്യ ആക്രമണം തുടങ്ങിയത്. പക്ഷേ, ഏഴു മാസം പിന്നിടുമ്പോഴും ശക്തമായി പിടിച്ചുനിൽക്കുകയാണ് യുക്രെയ്ൻ. ആക്രമണത്തിന്റെ പേരിൽ റഷ്യയ്ക്കെതിരെ രാജ്യാന്തര തലത്തിൽ വിമർശനവും ഉപരോധങ്ങളും ഉണ്ടാകുമ്പോഴും റഷ്യയോടു വിധേയത്വം പുലർത്തുന്ന മേഖലകളിൽ ഹിതപരിശോധന നടത്തി അവയെ കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ് പുട്ടിൻ. ഈ സാഹചര്യത്തിലാണ് സ്വന്തം സൈനികർ പുട്ടിനെതിരെ സംസാരിക്കുന്നുവെന്ന വിവരം

തങ്ങളുടെ താമസ സ്ഥലത്തിനു സമീപത്തുകൂടിപ്പോയ മൂന്ന് യുക്രെയ്ൻകാരെ കൊല്ലാൻ കമാൻഡർ ഉത്തരവിട്ടെന്നും അനുസരിക്കേണ്ടി വന്ന താനൊരു കൊലയാളിയായി മാറിയെന്നും സെർഗി എന്ന സൈനികൻ കാമുകിയോടു പറയുന്നതും സംഭാഷണങ്ങളിൽനിന്നു വ്യക്തമാണ്. ഇവരെ പിടികൂടി ചോദ്യം ചെയ്തശേഷം തങ്ങളുടെ ഒളിയിടം ഇവർ പുറത്തുപറയുമെന്ന ഭീതിയിൽ വനത്തിൽ വച്ചു കൊല്ലുകയായിരുന്നുവെന്നാണ് സെർഗി പറയുന്നത്. വനത്തിൽ ഇതുപോലെ കൊന്നവരുടെ മ‍ൃതദേഹങ്ങളുടെ ഒരു കൂനയുണ്ടെന്നും അയാൾ പിന്നീട് അമ്മയോടു പറയുന്നുണ്ട്.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി (Photo by Sergei SUPINSKY / AFP)
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി (Photo by Sergei SUPINSKY / AFP)

ബുച്ചയിലെ ട്രെഞ്ചുകളിൽനിന്നും കീഴടക്കിയ മേഖലകളിലെ വീടുകളിൽനിന്നും മേലധികാരികൾ അറിയാതെ ഭാര്യമാരെയും കാമുകിമാരെയും സുഹൃത്തുക്കളെയും മാതാപിതാക്കളെയും വിളിച്ച സൈനികരുടെ സംഭാഷണം യുക്രെയ്ൻ സർക്കാർ ചോർത്തിയിരുന്നു. ഈ രേഖകൾ രണ്ടുമാസമെടുത്താണ് ന്യൂയോർക്ക് ടൈംസ് വിശദമായി വിലയിരുത്തി, പരിശോധനകൾ നടത്തി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

∙ ചില സംഭാഷണങ്ങളിലൂടെ

‘‘ഞങ്ങളിപ്പോൾ ബുച്ച നഗരത്തിലുണ്ട്’’

‘‘നമ്മുടെ പ്രതിരോധം ഇപ്പോൾ തടസ്സപ്പെട്ടു, ഈ യുദ്ധം നമ്മുടെ കൈയിൽനിന്നു പോകും’’

‘‘നമ്മുടെ സൈനികരിൽ പകുതിയും കൊല്ലപ്പെട്ടു’’

‘‘ആരെ കണ്ടാലും വെടിവച്ചു കൊല്ലാനാണ് ഉത്തരവ്’’

‘‘വീട്ടിലെത്തിയാൽ അന്ന് സൈനിക സേവനം വിടും’’

‘‘പുട്ടിൻ ഒരു വിഡ്ഢിയാണ്. അയാൾക്ക് കീവിനെ വീഴ്ത്തണം. പക്ഷേ, അതു നേടിയെടുക്കാൻ ഒരു വഴിയുമില്ല’’

‘‘ഇവിടെ ചുറ്റും മൃതദേഹങ്ങള്‍ വീണു കിടക്കുന്നു. ജനങ്ങൾ വഴിയിൽ കിടക്കുന്നു’’

‘‘എല്ലാം കൊള്ളയടിക്കപ്പെട്ടു. മദ്യം എല്ലാം കുടിച്ചുതീർത്തു. പണവും അപഹരിക്കപ്പെട്ടു. എല്ലാവരും ഇവിടെ ഓരോന്നു കാണിക്കുന്നു.’’

‘‘യുദ്ധത്തിനാണ് പോകുന്നതെന്ന് ആരും ഞങ്ങളോടു പറഞ്ഞില്ല. പോരുന്നതിന്റെ തലേന്നാണ് മുന്നറിയിപ്പ് നൽകിയത്’’

‘‘രണ്ടുമൂന്നു ദിവസത്തെ പരിശീലനത്തിനായാണ് പോയത്. അവർ ഞങ്ങളെ കബളിപ്പിച്ചു’’

‘‘ഇങ്ങനെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു. ഞങ്ങളെ പരിശീലനത്തിനു വിടുകയാണെന്നാണ് പറഞ്ഞത്. ഇവർ ഒന്നും ഞങ്ങളോടു പറഞ്ഞില്ല’’

‘‘അമ്മേ, ഈ സർക്കാർ എടുത്ത ഏറ്റവും അബദ്ധ തീരുമാനമാണ് ഈ യുദ്ധമെന്നാണ് എനിക്കു തോന്നുന്നത്.’’

‘‘അവരെന്താണ് പറയുന്നത്? ഇതെല്ലാം പുട്ടിൻ എന്ന് അവസാനിപ്പിക്കും? അയാൾക്കു തെറ്റുപറ്റി’’

‘‘ഞങ്ങൾക്ക് കീവ് വീഴ്ത്താൻ കഴിയില്ല. ഗ്രാമങ്ങൾ മാത്രമാണ് വീഴുന്നത്’’

‘‘ഒറ്റയടിക്ക് എല്ലാം വേണമെന്നാണ് അവർ പറയുന്നത്. അങ്ങനെയൊന്നും ഇവിടെ നടക്കില്ല.’’

‘‘അവർക്ക് ടിവിയിലൂടെ ജനങ്ങളെ കബളിപ്പിക്കണം. ‘എല്ലാം ശരിയായി പോകുന്നു. ഒരു യുദ്ധവും നടക്കുന്നില്ല. ചെറിയ സൈനിക നടപടി മാത്രമേയുള്ളൂ.’ ശരിക്കും വലിയൊരു യുദ്ധമാണ് ഇവിടെ നടക്കുന്നത്.’’

‘‘നമ്മുടെ സ്വന്തം സേന നമ്മളുടെ നേരെ ഷെല്ലാക്രമണം നടത്തി. അബദ്ധം പറ്റിയതാണ്.’’

‘‘കൂട്ടത്തിലെ ചില സൈനികർ യുക്രെയ്ൻ സൈനികരുടെ മൃതദേഹത്തിൽനിന്ന് കവചങ്ങൾ എടുത്തുധരിച്ചു. നമ്മുടേതിനേക്കാൾ മികച്ചവയാണ് നാറ്റോയുടെ കവചങ്ങൾ.’’

‘‘നമ്മുടെ കൈയിലുള്ളത് പഴയ ആയുധങ്ങളാണ്. സ്വെസ്ഡയിൽ (ഔദ്യോഗിക ടിവി) കാണിക്കുന്നതുപോലുള്ള ആധുനിക ഉപകരണങ്ങളല്ല.’’

‘‘എന്റെ റെജിമെന്റിൽ മാത്രം മൂന്നിലൊന്നു പേരും കൊല്ലപ്പെട്ടു.’’

‘‘എന്റെ റെജിമെന്റിലെ 60 ശതമാനവും കൊല്ലപ്പെട്ടു.’’

‘കോസ്ട്രോമ റെജിമന്റിൽനിന്ന് ആരും ശേഷിച്ചിട്ടില്ല’’

‘‘400 പാരാട്രൂപ്പർമാർ ഉണ്ടായിരുന്നു. ഇപ്പോൾ 38 പേരെ ബാക്കിയുള്ളൂ. കാരണം നമ്മുടെ കമാൻഡർമാർ അറവുശാലയിലേക്കാണ് സൈനികരെ അയച്ചത്’’

‘‘വന്യ, ശവപ്പെട്ടികൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരാൾക്കുപിന്നാലെ മറ്റൊരാളെ സംസ്കരിച്ചുകൊണ്ടിരിക്കുന്നു. ഇതൊരു ദുഃസ്വപ്നമാണ്.’’

‘‘ഞാൻ മുന്നറിയിപ്പു നൽകുകയാണ്. 20000 മരണങ്ങളുണ്ടാകും. പേടിക്കരുത്’’

‘‘ഭാര്യമാരെല്ലാം പേടിച്ചിരിക്കുകയാണ്. അവർ പുട്ടിന് കത്തെഴുതുന്നുണ്ട്.’’

English Summary: ‘Putin Is a Fool’: Intercepted Calls Reveal Russian Army in Disarray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com