ADVERTISEMENT

ചെന്നൈ ∙ ഇടവേളയ്ക്കു ശേഷം ചെന്നൈയില്‍ വീണ്ടും കസ്റ്റഡി മരണം. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അബോധാവസ്ഥയിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അയനാവരം സ്വദേശി ആകാശാണു മരിച്ചത്. ആകാശിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കിയെന്നു കുടുംബം ആരോപിച്ചു. നാലുമാസത്തിനിടെ ചെന്നൈ പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ആകാശ്.

ചെന്നൈ സിറ്റി പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളയാളാണ് ആകാശ്. റെയില്‍വേ ജീവനക്കാരനായ ബാലകൃഷ്ണ മൂര്‍ത്തി എന്നയാളുടെ കാറിന്റെ ചില്ല് കഴിഞ്ഞ ദിവസം തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനായാണ് ഓട്ടോരി പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ക്കുശേഷം മദ്യപിച്ചു ലക്കുകെട്ട ആകാശിനെ കൂട്ടിക്കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് പൊലീസ് സഹോദരിയെ വിളിപ്പിച്ചു.

അബോധാവസ്ഥയിലായിരുന്ന ആകാശിനെ വീട്ടുകാര്‍ ഉടന്‍ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു. തുടര്‍ന്നു കസ്റ്റഡി മര്‍ദനമാണു മരണകാരണം എന്നാരോപിച്ചു കുടുംബം പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി. .

ജൂണ്‍ 13നു കൊടുങ്കൈയൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ചു സമാന രീതിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്നു രാജശേഖരന്‍ എന്നയാള്‍ മരിച്ചിരുന്നു. കേസില്‍ സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ അടക്കം 5 പൊലീസുകാര്‍ സസ്പെന്‍ഷനിലായി. ഏപ്രില്‍ 18നു മറീനയില്‍ കുതിര സവാരി നടത്തുന്ന വിഗ്നേഷ് എന്ന യുവാവ് സെക്രട്ടേറിയേറ്റ് ജി–5 സ്റ്റേഷനില്‍ കൊല്ലപ്പെട്ടിരുന്നു. സ്റ്റേഷന്‍റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ അടക്കമുള്ള പൊലീസുകാര്‍ ഈകേസില്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായി.

English Summary: Custody Death In Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com