ജയ്പുർ ∙ രാജസ്ഥാനിലെ അൽവാർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ടു പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ പകർത്തിയ സംഘം അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽനിന്ന് 50,000 രൂപയോളം തട്ടിയെടുക്കുകയും ചെയ്തു. അൽവാർ ജില്ലയിൽ കിഷൻഗഡ് ബാസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്.
പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെൺകുട്ടിയുടെ സഹോദരൻ ബുധനാഴ്ച പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയിൽ പറയുന്നത് ഇങ്ങനെ;
സ്വകാര്യ ചിത്രങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് സഹിൽ എന്നയാൾ 2021 ഡിസംബർ 31ന് പെൺകുട്ടിയെ ഫോണിൽ വിളിച്ചു. അവർ പറയുന്ന സ്ഥലത്ത് ചെല്ലണമെന്നും ഇല്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് അവിടെയെത്തിയ പെൺകുട്ടിയെ എട്ടു പേർ ചേർന്ന് പൂർണ നഗ്നയാക്കി. അതിനുശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.
തുടർന്ന് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽനിന്ന് പലപ്പോഴായി 50,000 രൂപയോളം തട്ടിയെടുത്തു. മാത്രമല്ല, സംഘത്തിലുണ്ടായിരുന്നവർ മാറിമാറി പലപ്പോഴായി പെൺകുട്ടിയെ പീഡിപ്പിച്ചു.
ഇതിനിടെ, പ്രതികൾ ആവശ്യപ്പെട്ട പണം പെൺകുട്ടിക്കു നൽകാൻ സാധിക്കാതെ വന്നതോടെ പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
English Summary: Minor gang-raped by 8 men in Rajasthan's Alwar, video made viral