ADVERTISEMENT

തിരുവനന്തപുരം∙ ഗാന്ധി ജയന്തി ദിനത്തിൽനിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബർ രണ്ടിനാണ്. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) ഉയർത്തിയ എതിർപ്പിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രായോഗിക വിഷമം മനസ്സിലാക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, പദ്ധതിയോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.  

∙ ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ല: വി.ശിവൻകുട്ടി

ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഗാന്ധി ജയന്തി ദിനമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

‘‘ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ സ്കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും കൈകോർക്കണം. രാവിലെ 10ന് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാകായിക സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ സ്കൂൾതല പരിപാടി രാവിലെ 9.30ന് ആരംഭിക്കും. ഈ ചടങ്ങിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കണം’’– മന്ത്രി പറഞ്ഞു

‘‘മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം എല്ലാ സ്കൂളുകളിലും ഒരുക്കണം. പ്രസ്തുത പരിപാടി എല്ലാ വിദ്യാർഥികളും വീക്ഷിക്കുന്ന രീതിയിൽ ഒരുമിച്ചുളള അസംബ്ലിയിലും സംപ്രേഷണം ചെയ്യണം. ഒക്ടോബർ 2ന് സ്കൂളിലെത്താൻ എത്താൻ കഴിയുന്ന എല്ലാ വിദ്യാർഥികളും പരിപാടിയുടെ ഭാഗമാകാൻ ശ്രദ്ധിക്കണം. എല്ലാ അധ്യാപകരും അന്നേ ദിവസം സ്കൂളുകളിൽ എത്തിച്ചേർന്ന് ശുചീകരണ പരിപാടികളോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. എൻ.എസ്എസ്, എസ്പിസി, എൻസിസി, സ്കൗട്ട് & ഗൈഡ്, ജെആർസി, ലിറ്റിൽ കൈറ്റ്സ്, ആന്റി നാർകോട്ടിക് ക്ലബ്‌, മറ്റു ക്ലബുകളിൽ പ്രവർത്തിക്കുന്നവർ പരിപാടികളിൽ സജീവമായി പങ്കെടുക്കണം’–  മന്ത്രി അഭ്യർഥിച്ചു.

∙ എതിർപ്പുമായി മാർത്തോമ്മാ സഭയും

ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തതിൽ മാർത്തോമ്മാ സഭയും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. നാളത്തെ ലഹരിവിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട മാർത്തോമ്മാ സഭ, വിശ്വാസികൾക്ക് ഞായറാഴ്ച വിശുദ്ധദിനമെന്നും അന്ന് പരിപാടി നടത്തുന്നത് വേദനാജനകമെന്നും വ്യക്തമാക്കി. എന്നാൽ, സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയിനെ പിന്തുണയ്ക്കുന്നെന്നും സഭ അറിയിച്ചു.

ഒരുമാസം നീളുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ ഗാന്ധിജയന്തി ദിനമായ നാളെ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി ഉണ്ടാകും. മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നതിനാൽ നാളെ 10ന് അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ വിഡിയോ എല്ലാ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും.

English Summary: CM Pinarayi Vijayan on Anti-drug campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com