ADVERTISEMENT

കൊച്ചി∙ ‘‘ഉറങ്ങീട്ടു രണ്ടു ദിവസമായി. കയ്യിൽ നിന്ന് ഊർന്നു പോകുന്ന കുഞ്ഞിക്കാലുകളാണ് ഓർമയിൽ നിറയെ. ശരീരത്തിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. കുഞ്ഞിന്റെ കാലിൽ പിടിച്ചപ്പോൾ തണുത്തിരിക്കുന്നതും കയ്യിൽ നിന്നു വഴുതിപ്പോകുന്നതും മനസ്സിൽ നിന്നു പോകുന്നില്ല’’ – ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്നു പുഴയിലേയ്ക്കു പിതാവു വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിനെ രക്ഷപെടുത്താൻ വെള്ളത്തിൽ ചാടിയ മിഥുൻ രാജീവിന്റേതാണ് വാക്കുകൾ. ‘‘അന്നു കൂടെ ചാടിയ ആറൂഖിനെ വിളിച്ചപ്പോൾ അവനും പറഞ്ഞു ഉറങ്ങാൻ കഴിയുന്നില്ലെന്ന്’’ – ആലുവ സ്വദേശികളും സുഹൃത്തുക്കളുമായ മിഥുനും ആറൂഖും ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാകാതെ പോയതിന്റെ വേദനയിലാണ്. 

അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ആര്യനന്ദയെ പിതാവ് ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടിൽ എം.സി. ലൈജു പെരിയാർ നദിയിൽ എറിഞ്ഞ് വെള്ളത്തിലേയ്ക്കു ചാടുകയായിരുന്നു. ഈ സമയത്താണ് ആലുവ പുളിഞ്ചോട് ബജാജ് ഷോറൂമിൽ സ്പെയർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വെളിയത്തുനാട് കിടങ്ങപ്പള്ളിപ്പറമ്പിൽ മിഥുൻ അതുവഴിയെത്തുന്നത്. 

‘‘പാലത്തിന്റെ നടുക്ക് എത്തിയപ്പോൾ ആൾക്കൂട്ടം. ഒരു ചേച്ചി വന്നു കരഞ്ഞു പറഞ്ഞു, ദേ ഒരു കൊച്ചിനെ ഒരുത്തൻ വെള്ളത്തിലേയ്ക്ക് എറിഞ്ഞു എന്ന്. ചേച്ചി കരയുകയാണ്. നോക്കുമ്പോൾ അറിയാവുന്ന രണ്ടു സുഹൃത്തുക്കൾ പാലത്തിന്റെ അങ്ങേ വശത്തു കൂടി ഓടി വരുന്നുണ്ട്. വെള്ളത്തിൽ നോക്കിയപ്പോൾ കൊച്ചിന്റെ കൈ പൊങ്ങിക്കണ്ടു. കുഞ്ഞിനു ജീവനുണ്ട് എന്നുറപ്പിച്ചതു കൊണ്ടാണ് കുഞ്ഞിനെ രക്ഷിക്കാൻ വെള്ളത്തിൽ ചാടാൻ തീരുമാനിച്ചത്. പാലത്തിന്റെ സൈഡിലെ പടിക്കെട്ടിലൂടെ ഇറങ്ങി പെരിയാർ ബാറിന്റെ മുന്നിലെത്തി. അടഞ്ഞു കിടന്ന ഗേറ്റ് ചാടിക്കടന്ന് പിൻവഴത്തു കൂടി ചെന്നു ചാടിയത് ചെളിയിലേയ്ക്ക്. അവിടുന്നു കുഞ്ഞിനടുത്തേയ്ക്കു നീന്തിയെത്തി. അപ്പോഴേയ്ക്കും അണച്ചു വയ്യാതായിരുന്നു.

aluva-river
ആലുവാ പുഴയിൽ രക്ഷാപ്രവർത്തനം നടത്തിയപ്പോൾ.

വെള്ളത്തിനു നല്ല അടിയൊഴുക്കുണ്ട്. കാലു താഴേയ്ക്കു വലിക്കുന്നു. ഈ സമയം നീന്തിയെത്തിയ സുഹൃത്തിനു കുഞ്ഞിന്റെ മുടിയിൽ പിടിത്തം കിട്ടി. അദ്ദേഹവും അണച്ചാണ് നീന്തുന്നത്. അവനു കുഞ്ഞിന്റെ മുടിയിൽ നിന്നു പിടിത്തം പോയി. ഈ സമയം നീന്തി ചെന്നു കുഞ്ഞിനെ പിടിക്കാൻ ശ്രമിച്ചു. കാലിലാണ് പിടിത്തം കിട്ടിയത്. കുഞ്ഞിന്റെ കാലിൽ നിന്നു പിടിവിടാതെ കുറച്ചു സമയം അങ്ങനെ തന്നെ വെള്ളത്തിൽ അണച്ചു കിടന്നു നോക്കി. താഴ്ന്നു പോകുമെന്നു തോന്നിയതിനാൽ ഉറക്ക കരഞ്ഞു, ആരെങ്കിലും ഓടി വരണേ എന്നു വിളിച്ചു പറഞ്ഞു. ഈ സമയം കുഞ്ഞിന്റെ കാലിൽ നിന്നുള്ള പിടി വിട്ടു പോയി. 

അണച്ചു തീരെ വയ്യാതായി മുങ്ങിപ്പോകാറായപ്പോഴേയ്ക്കാണ് കുഞ്ഞിന്റെ കാലിൽ നിന്നു പിടിവിട്ടു പോയത്. താഴേയ്ക്കു മുങ്ങി നോക്കുമ്പോൾ കുഞ്ഞ് അടിയിലേയ്ക്കു പോകുന്നതാണ് കണ്ടത്. ചുഴി ആയിരുന്നതിനാൽ കുഞ്ഞു കറങ്ങിയാണ് പോകുന്നത്. ഒഴുക്കിൽ പെട്ടു കയ്യും കാലും കുഴയുന്നതായി തോന്നി. എങ്ങനെയെങ്കിലും നീന്തി കരയിലെത്തിയില്ലെങ്കിൽ സ്വന്തം ജീവനും നഷ്ടമാകുമെന്നു തോന്നി. എങ്ങനെയോ ആണ് നീന്തി ‌കരയിലേക്ക് കയറിയത്. ഒപ്പം രക്ഷപെടുത്താൻ ഇറങ്ങിയ കൂട്ടുകാരനും ഇതേ അവസ്ഥയിലായിരുന്നു. അവന്റെ കാലു പൊട്ടി സ്റ്റിച്ചിടേണ്ടി വന്നു. വെള്ളത്തിൽ ചാടുന്നതിനു മുമ്പു ഫോണും പേഴ്സുമെല്ലാം കരയിൽ വലിച്ചെറിഞ്ഞിട്ടാണ് ചാടിയത്. പാൻസും ഷർട്ടും അഴിക്കാതെ നീന്തിയതിനാലാണ് പെട്ടെന്നു ക്ഷീണിച്ചു പോയത്. കൺമുന്നിൽ കുട്ടിൽ കൈവിട്ടുപോകുന്നത് നിസ്സഹായതോടെ നോക്കാനെ കഴിഞ്ഞുള്ളു’’– മിഥുൻ പറയുന്നു.

വ്യാഴാഴ്ചയാണ് മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചത്. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി ലൈജു (36), മകൾ ആര്യനന്ദ (6) എന്നിവരാണു മരിച്ചത്. അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദ സ്കൂൾ ബസിൽ കയറാൻ നിന്നപ്പോൾ ലൈജു സ്കൂട്ടറിൽ കയറ്റി ആലുവയിലേക്കു കൊണ്ടുവരികയും പാലത്തിൽ നിന്നു പുഴയിലേക്ക് എറിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നാലെ ലൈജുവും ചാടുകയായിരുന്നു.

English Summary: Father throws girl into Periyar river, jumps to end life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com