ADVERTISEMENT

കൊച്ചി∙  കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയെ പിന്തുണയ്ക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഖർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അതാണ് തന്റെ മനസാക്ഷിയെന്നും വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയുമായുള്ള ബന്ധത്തിൽ  ഉലച്ചിലില്ലെന്നും കെപിസിസി പ്രസിഡന്റുമായും വിഷയം സംസാരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ദേശീയ തലത്തിൽ നടക്കുന്ന മത്സരമാണിത്. ജനാധിപത്യത്തിൽ മത്സരമാവാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്നു കെപിസിസി പറയില്ലെന്നും വോട്ട് അവരവരുടെ അവകാശമാണെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് തന്റെ നയം വ്യക്‌തമാക്കിയത്. ശശി തരൂരും മല്ലികാർജുൻ ഖർഗെയും ഉന്നത നേതാക്കൻമാരാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞിരുന്നു. 

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ ഹൈക്കമാൻഡ് പിന്തുണയോടെ അവസാന നിമിഷമാണ് രംഗത്തെത്തിയത്. ‘ഒരാൾക്ക് ഒരു പദവി’ എന്ന പാർട്ടി നയപ്രകാരം രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖർഗെ രാജിവച്ചു. തിരുത്തൽവാദി സംഘമായ ജി–23ലെ പ്രമുഖർ കൂടി പിന്തുണ അറിയിച്ചതോടെ വിജയപ്രതീക്ഷയേറുകയും ചെയ്തു. അട്ടിമറി വിജയത്തിനു കച്ചമുറുക്കി ശശി തരൂരും പേരിനൊരു സ്ഥാനാർഥിയായി ജാർഖണ്ഡ് മുൻമന്ത്രി കെ.എൻ.ത്രിപാഠിയും കളത്തിലുണ്ട്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർഥി എന്ന പരിവേഷം ഖർഗെയ്ക്കു മുൻതൂക്കം നൽകുന്നു. 

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അപേക്ഷിച്ച് മല്ലികാർജുൻ ഖർഗെ താരതമ്യേന കരുത്തു കുറഞ്ഞ എതിരാളിയാണെന്നാണു തരൂരിന്റെ കണക്കുകൂട്ടൽ. 80 വയസ്സുള്ള ഖർഗെയെ പാർട്ടിയിലെ യുവനിര അംഗീകരിക്കില്ലെന്നും വിലയിരുത്തുന്നു. യുവാക്കളെ ഒപ്പം നിർത്തിയും മുതിർന്നവരുടെ വിശ്വാസമാർജിച്ചും വിജയവഴി ഉറപ്പാക്കുകയാണു ലക്ഷ്യം.ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും വിധേയനുമെന്ന മേൽവിലാസമാണു ഖർഗെയ്ക്കു തുണയായത്. 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഏറ്റവുമൊടുവിൽ പ്രസിഡന്റായ സീതാറാം കേസരി 1998 ൽ പടിയിറങ്ങി.

English Summary: Opposition leader VD Satheesan extends support to Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com