ADVERTISEMENT

കൊച്ചി ∙ രണ്ടാം പാദത്തിലെ അവസാന ആഴ്ചയിൽ രാജ്യാന്തര വിപണി സമ്മർദങ്ങൾക്കൊപ്പം, ആർബിഐയുടെ നിരക്കുയർത്തൽ ഭയത്തിലും വിദേശ ഫണ്ടുകളുടെ വിൽപനയിലും വീണ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാനദിനത്തിൽ നഷ്ടങ്ങൾ നികത്തി. ആർബിഐയുടെ നിരക്കുയർത്തൽ 50 ബേസിസ് പോയിന്റിൽ ഒതുങ്ങിയതും മറ്റു നിരക്കുകളെ തൊടാതെ വിട്ടതും ബാങ്കിങ്, ഫിനാൻസ്, റിയൽറ്റി, ഓട്ടോ സെക്ടറുകൾക്ക് താൽക്കാലിക ആശ്വാസം നൽകിയതും വിപണിക്ക് അനുകൂലമായി.

രാജ്യത്ത് 5ജി ഉദ്ഘാടനം ചെയ്തതോടെ റിലയൻസ് മുന്നേറ്റം നേടിയതും വിപണിയുടെ മുന്നേറ്റത്തിൽ നിർണായകമായി. എല്ലാ സെക്ടറുകളും നേട്ടത്തിൽ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോൾ 17,184 പോയിന്റ് വരെ മുന്നേറിയ ശേഷം 17,094 പോയിന്റിൽ നിഫ്റ്റി വ്യാപാരമവസാനിപ്പിച്ചു. 16,800 പോയിന്റിലാണ് നിഫ്റ്റിയുടെ നിർണായക പിന്തുണ. 17,280 പോയിന്റ് കടന്നാൽ 17,500 പോയിന്റിലാണ് നിഫ്റ്റിയുടെ പ്രധാന കടമ്പ. ഓഗസ്റ്റിൽ വാങ്ങലുകാരായ വിദേശ ഫണ്ടുകളുടെ കഴിഞ്ഞ രണ്ട് ആഴ്ചയിലെ അധിക വിൽപ്പന കൂടിയാണ് ഇന്ത്യൻ വിപണിയുടെ സമീപകാല നേട്ടങ്ങളെ ഇല്ലാതാക്കിയത്. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ അമേരിക്കൻ ബോണ്ട് യീൽഡ്

മാന്ദ്യഭയത്തിൽ വെള്ളിയാഴ്ച വീണ്ടും വീണുപോയ ഡൗ ജോൺസ്‌ 2015ന് ശേഷം ഒരു പാദത്തിൽ നേടുന്ന ഏറ്റവും മോശം ക്ലോസിങ്ങാണ് കഴിഞ്ഞ ആഴ്ചയിലെ വീഴ്ചയോടെ ഉണ്ടായത്. മോശം മാസമെന്ന ഖ്യാതി സെപ്റ്റംബർ വീണ്ടും അന്വർഥമാക്കിയെങ്കിലും ഒക്ടോബർ മാസം കരടികൾക്ക് അത്ര നല്ല സമയമല്ല എന്ന വിപണിചിത്രം തൽക്കാലം ആശ്വാസമാണ്. ആദ്യ പകുതിയിലെ മുന്നേറ്റത്തിന് ശേഷം വീണ്ടും മോശമാകുന്ന പണപ്പെരുപ്പ കണക്കുകളും, ഫെഡ് നിരക്കുയർത്തൽ ഭീതിയുമാണ് സെപ്റ്റംബറിൽ അമേരിക്കൻ വിപണിക്ക് അതിവീഴ്ച നൽകിയത്.

അമേരിക്കൻ ബോണ്ട് യീൽഡ് നാല് ശതമാനത്തിൽനിന്നും വീണ ശേഷം വീണ്ടും തിരിച്ചുകയറുന്നത് അമേരിക്കൻ ടെക്ക്, ചിപ്പ്, കൺസ്യൂമർ, ഇൻഡസ്ട്രിയൽ സെക്ടറുകൾക്ക് വീണ്ടും തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബോണ്ട് വിപണിയിലെ ഇടപെടലുകളെ തുടർന്ന് ബുധനാഴ്ച അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 4% കടന്ന് പോകാതിരുന്നത് ലോക വിപണിക്ക് അപ്രതീക്ഷിത തിരിച്ചുവരവ് നൽകി. വ്യാഴാഴ്ച പുറത്തുവന്ന മെച്ചപ്പെട്ട അമേരിക്കൻ ജോബ് ഡേറ്റയും, വെള്ളിയാഴ്ച പുറത്തുവന്ന ‘‘വീണ്ടും വഷളാകുന്ന’’ പഴ്‌സനൽ കൺസംഷൻ എക്സ്പെൻഡിച്ചർ കണക്കുകളും ഫെഡിന് കൂടുതൽ കടുത്ത നടപടികൾ തുടരുന്നതിന് സഹായകമാകുമെന്നത് വിപണിയിൽ വീണ്ടും മാന്ദ്യഭയം പടർന്നു.

പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock
പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock

ഫെഡ് നിരക്ക് വർധനകൾക്കായി പരിഗണിക്കുന്ന പിസിഇ വില സൂചിക ഗ്യാസോലൈൻ വില വർധനയുടെ സാഹചര്യത്തിൽ ഓഗസ്റ്റിൽ 0.6% വളർന്നു. സെപ്‌റ്റംബറിൽ കുറവ് രേഖപ്പെടുത്തിയേക്കാമെങ്കിലും കമ്പനികളുടെ കൂടുതൽ വലിയ വിറ്റുവരവ് ലക്ഷ്യങ്ങൾ പണപ്പെരുപ്പ വർധനയാണ് സൂചിപ്പിക്കുന്നത് എന്നുതന്നെ ഫെഡ് കരുതുന്നു. കടുത്ത നടപടികളിൽ നിന്നുള്ള ഫെഡിന്റെ നേരത്തേയുള്ള തിരിച്ചുപോക്ക് ഫെഡിന്റെ പണപ്പെരുപ്പ നിയന്ത്രണ ലക്ഷ്യങ്ങളെ തകിടം മരിക്കുമെന്ന ഫെഡ് വൈസ് ചെയർ ബ്രെയ്‌നാർഡിന്റെ പ്രസ്താവനയും വെള്ളിയാഴ്ച വിപണിയുടെ ആത്മവിശ്വാസം കെടുത്തി.

∙ ഇസിബി നിരക്കുയർത്തൽ

അമേരിക്ക, യൂറോ സോൺ, ജർമനി എന്നിവയുടെ അടക്കമുള്ള നാളെ പുറത്തുവരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ പർച്ചേസ് മാനേജേഴ്സ് ഇൻഡക്സുകളും തൊട്ടടുത്ത ദിവസങ്ങളിൽ വരുന്ന മറ്റു രാഷ്ട്രങ്ങളുടെ പിഎംഐ ഡേറ്റകളും ഈയാഴ്ച വിപണിക്ക് പ്രധാനമാണ്. അമേരിക്കയുടെ ജോബ് ഓപ്പണിങ്, എഡിപി എംപ്ലോയ്‌മെന്റ്, നോൺ ഫാം പേ റോൾ കണക്കുകൾ ആഴ്ചയുടെ അവസാന ദിനങ്ങളെയും സ്വാധീനിക്കും. അടുത്ത ആഴ്ചയിലെ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ നയനിർണയ യോഗവും പലിശ നിരക്കുയർത്തലും വളരെ പ്രധാനമാണ്. ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ട യൂറോയുടെ തിരിച്ചുവരവും ഇസിബി ലക്ഷ്യമിടുന്നത് വിപണിക്ക് ക്ഷീണമായേക്കാം.

∙ അമേരിക്കൻ ഡോളർ മാനേജ്‌മെന്റ്

പണപ്പെരുപ്പം തടയുക എന്നതിനപ്പുറം ‘പെരുപ്പിച്ച’ ഡോളറിന്റെ വില പെരുപ്പിക്കുക എന്നത് തന്നെയാണ് തുടർച്ചയായ മൂന്നാം തവണയും 75 ബേസിസ് പോയിന്റ് നിരക്കുയർത്തൽ നടത്തിയ ഫെഡ് റിസർവിന്റെ മുഖ്യ ലക്ഷ്യം. ഫെഡിനൊപ്പം നിരക്കുയർത്തൽ നടത്തുന്നത് ഡോളറിനെതിരെ മിക്ക പ്രധാന കറൻസികളുടെയും വീഴ്ചയുടെ ആഘാതം കുറയ്ക്കുന്നുണ്ട്.

സാമ്പത്തിക വളർച്ചാമുന്നേറ്റം ലക്ഷ്യംവച്ച് ഫെഡിനൊപ്പം പലിശ നിരക്കുയർത്തൽ നടത്താത്ത ജപ്പാന്റെ നടപടി ജാപ്പനീസ് യെന്നിന് ഡോളറിനെതിരെ ഇക്കൊല്ലം 25% നഷ്ടമാണ് വരുത്തിയത്. കൊറിയൻ വോൺ 21% വീണു. യെന്നിന്റെ വീഴ്ച തടയാനായി ബാങ്ക് ഓഫ് ജപ്പാൻ 1998ന് ശേഷം ആദ്യമായി ഫോറെക്സ് വിപണിയിൽ ഇടപെട്ടതും ശ്രദ്ധേയമാണ്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വർധിക്കുന്നത് ഇന്ത്യയുടെ ഫോറെക്സ് വിപണിയിലെ ഇടപെടലുകളെയും നിഷ്പ്രഭമാക്കുന്നു.

∙ ലിസ് ട്രസും യുകെയും

പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ‘വിശാല’ സാമ്പത്തിക നയങ്ങളെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളും ബ്രിട്ടിഷ് ജനതയും ഉത്കണ്ഠയോടെ കാണുന്നു. ഗണ്യമായ നികുതി കുറയ്ക്കലുകൾ നടത്തുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലേറിയ ലിസ് ട്രസിന്റെ നടപടികൾ ‘പണപ്പെരുപ്പ തീ’യിലേക്ക് കൂടുതൽ എണ്ണ പകരുമെന്ന് വിപണി ഭയക്കുന്നു.

പണപ്പെരുപ്പം തടയാനായി നിരക്ക് വർധന നടത്തുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നിക്ഷേപകർ വിറ്റൊഴിയുന്ന ബ്രിട്ടിഷ് ബോണ്ട് വാങ്ങിക്കൂട്ടേണ്ട അവസ്ഥയാണ് ലിസ് ട്രസ്സിന്റെ നയങ്ങളിലൂടെ വന്നുചേർന്നത്. ബ്രിട്ടന്റെ വീഴ്ച ലോകവിപണി ഭയക്കുന്നതും വരും ദിവസങ്ങളിൽ വിപണിക്ക് ക്ഷീണമായേക്കാം.

∙ ആർബിഐ നയങ്ങൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്ക് അര ശതമാനം ഉയർത്തി മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.90%ൽ എത്തിച്ചു. നടപ്പ് സാമ്പത്തികവർഷത്തിൽ പണപ്പെരുപ്പം 6.7%ൽ നിൽക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ആർബിഐ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4% ലക്ഷ്യത്തിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച ലക്ഷ്യം ആർബിഐ 7.2%ൽനിന്നും 7%ലേക്കും കുറച്ചു. ഡിസംബർ 5 മുതൽ ഏഴു വരെയാണ് ആർബിഐയുടെ അടുത്ത നയാവലോകന യോഗം.

∙ ഇന്ത്യ ഡേറ്റ

തിങ്കളാഴ്ച പുറത്തുവരുന്ന മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, കയറ്റുമതി- ഇറക്കുമതി കണക്കുകളും ഇന്ത്യൻ വിപണിയുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കും. ബുധനാഴ്ച അവധിയായ ഇന്ത്യൻ വിപണിയിൽ രണ്ടാംപാദ റിസൽട്ടുകൾ ലക്ഷ്യം വച്ചുള്ള വാങ്ങലുകൾ ഈ ആഴ്ച ആരംഭിച്ചേക്കാം.

∙ ക്രൂഡ് ഓയിൽ

സാമ്പത്തികമാന്ദ്യ ഭീതിയിലും ഡോളറിന്റെ മുന്നേറ്റത്തിലും വീഴുന്ന ക്രൂഡ് ഓയിലിന് അടുത്ത ആഴ്ചയിലെ ഒപെക് യോഗം അതിപ്രധാനമാണ്. 2020 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണ ഉത്പാദനം നടത്തിയ ഒപെക്, സെപ്റ്റംബറിലെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടു. ചൈനയുടെയും ജപ്പാന്റെയും മികച്ച ഇക്കണോമിക് ഡേറ്റകൾ ക്രൂഡിന് അനുകൂലമാണ്.

∙ സ്വർണം

ബോണ്ട് യീൽഡ് മുന്നേറ്റത്തിനൊപ്പം വീണ സ്വർണവില ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് റഷ്യൻ ലോഹങ്ങളുടെ വ്യാപാരം നിരോധിച്ചേക്കുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ വീണ്ടും 1660 ഡോളർ നിരക്കിലേക്ക് തിരികെ കയറി. അമേരിക്കൻ ബോണ്ട് യീൽഡിന്റെ തിരിച്ചിറക്കവും സ്വർണത്തിന് അനുകൂലമായി. ബോണ്ട് യീൽഡ് ചലനങ്ങളും, മാന്ദ്യ ഭയത്തിൽ നിക്ഷേപകർ പരിഗണിച്ചേക്കാവുന്നതും സ്വർണവിലയെ സ്വാധീനിക്കും.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: 8606666722

English Summary: Share Market Analysis of 2022 October First Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com