ADVERTISEMENT

കൊല്ലം∙ ട്രെയിനിൽനിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്ഫോമിൽ വീണ യുവതിയെ കോളജ് വിദ്യാർഥി രക്ഷപ്പെടുത്തി. മയ്യനാട് പാലവിളയിൽ സുരഭി(35)യ്ക്കാണ് പരുക്കേറ്റത്. ഇവരുടെ മുഖത്തും കാലിനും മുറിവേറ്റു. ഇന്നു രാവിലെ 8.30ന് മയ്യനാട് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. സുരഭി അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകൻ റിഥിക്കുമായി മധുരയിൽനിന്നും മയ്യനാട്ടെ വീട്ടിലേക്ക് വിജയദശമി അവധിക്ക് എത്തിയതായിരുന്നു. ഇവർ ഏറെ നാളായി കുടുംബമായി മധുരയിലാണ് താമസം. കൈവശമുണ്ടായിരുന്ന ട്രോളി ബാഗുമായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങവെ ട്രെയിൻ മുന്നോട്ടെടുത്തു. 

ഒരു മിനിറ്റായിരുന്നു ട്രെയിൻ നിർത്തിയത്. ഇറങ്ങാൻ താമസിച്ചതാണ് അപകട കാരണം. ഈ സമയം റിഥിക് ട്രെയിനിൽ ആയിരുന്നു. സുരഭിയുടെ കാൽ പ്ലാറ്റ്ഫോമിനും ബോഗിക്കും ഇടയിൽപ്പെട്ടതോടെ പ്ലാറ്റഫോമിലേക്ക് മുഖമിടിച്ച് ഇവർ വീണു. ഇതുകണ്ട കോളജ് വിദ്യാർഥി സുരഭിയെ ഉടൻ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു. ബോധം നഷ്ടപ്പെട്ട സുരഭിയെ യാത്രക്കാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിൽനിന്ന റിഥിക് ടിടിഇയെ വിവരം അറിയിച്ചു. കൊല്ലത്ത് എത്തിയ ട്രെയിനിൽനിന്നും റെയിൽവേ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്കു മാറ്റി.

അപകടം നടന്ന മയ്യനാട് റെയിൽവേ സ്റ്റേഷനിൽ സുരഭിയുടെ ഫോണും ബാഗും സൂക്ഷിച്ചിരുന്നു. ഫോണിലേക്ക് സുരഭിയുടെ അമ്മ ഉടൻ തന്നെ വിളിച്ചതിനാൽ വീട്ടുകാരെയും മധുരയിലുള്ള ഭർത്താവിനെയും വിവരം അറിയിക്കാൻ സാധിച്ചു. സുരഭിയുടെ മാതാവിന്റെ സഹോദരൻ കൊല്ലത്ത് എത്തി റിഥിക്കിനെയുമായി അമ്മയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തിച്ചു.

English Summary: College student saved woman who slipped while moving out of train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com