ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സുതാര്യവും ജനാധിപത്യപരവുമാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി പാർട്ടി തിരഞ്ഞെടുപ്പ് സമിതി. എതിർ സ്ഥാനാർഥിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും നേതാക്കൾ പദവികളിലിരുന്നു ഏതെങ്കിലും ഒരു സ്ഥാനാർഥിയുടെ പ്രചാരണത്തിന് ഇറങ്ങരുതെന്നും നിർദേശമുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പ്രചാരണത്തിന് ഇറങ്ങുകയാണെങ്കിൽ പദവി രാജി വയ്ക്കണം. 

സ്ഥാനാർഥികൾ പ്രചാരണത്തിനെത്തുമ്പോൾ പിസിസി അധ്യക്ഷൻമാർ അർഹമായ പരിഗണന നൽകണമെന്നും സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. എതിർ സ്ഥാനാർഥിക്കെതിരെ ദുഷ്പ്രചാരണം നടത്തരുത്. ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല. വോട്ട് രേഖപ്പെടുത്താൻ വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരരുത്. നിർദേശങ്ങൾ ലംഘിച്ചാൽ സ്ഥാനാർഥിത്വം റദ്ദാക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും. മാറ്റത്തിനാകണം വോട്ടെന്നും മത്സ‌ര രംഗത്തുള്ള മല്ലികാർജുൻ ഖർഗെയ്ക്ക് മാറ്റങ്ങൾ കൊണ്ടു വരാനാകില്ലെന്നും ഏതിർ സ്ഥാനാർഥിയായ തരൂർ വിമർശിച്ചിരുന്നു. 

സ്ഥാനാർഥികൾ തമ്മിലുള്ള സംവാദത്തിനു താൻ തയാറെന്നും ശശി തരൂർ ഖർഗെയെ അറിയിച്ചിരുന്നു. ബ്രിട്ടിഷ് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവിനെ തിരഞ്ഞെടുക്കാൻ നടക്കാറുള്ള പോരാട്ടം പോലെ ജനങ്ങൾക്കിടയിൽ കോൺഗ്രസിലുള്ള താൽപര്യം വർധിപ്പിക്കാൻ ഇതു വഴിയൊരുക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു. എന്നാൽ സംവാദത്തിനില്ലെന്നും പ്രവൃത്തിയിലാണു താൻ വിശ്വസിക്കുന്നതെന്നുമായിരുന്നു ഖർഗെയുടെ പ്രതികരണം. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ ഈ മാസം 8 വരെ സമയമുണ്ടെങ്കിലും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ശശി തരൂർ എംപി. തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം നിഷ്പക്ഷത പാലിക്കുമെന്നും അദ്ദേഹം പറയുന്നു.

മല്ലികാർജുൻ ഖർഗെയ്ക്ക് വെല്ലുവിളിയുയർത്തി യുവാക്കളുടെ വൻപങ്കാളിത്തമാണു ശശി തരൂരിന്റെ പ്രചാരണ പരിപാടികളിൽ. ഒരു പദവി നിബന്ധന പാലിക്കാൻ കോൺഗ്രസ് പോഷക സംഘടനായ പ്രഫഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി ഒരു മാസം മുൻപ് രാജി വച്ചുവെന്നും തരൂർ പറഞ്ഞു. ഹൈദരാബാദിൽ പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിക്ക് വലിയ വരവേൽപ്പാണു ലഭിച്ചത്. ഹൈക്കമാൻഡ് നിർദേശിക്കുന്ന സ്ഥാനാർഥിക്കു പിന്നിൽ അന്ധമായി അണിനിരക്കുന്നതിൽനിന്നു വലിയൊരു വിഭാഗം വിമുഖത കാണിക്കുന്നുവെന്നു തെളിയിക്കുന്നതാണു തരൂരിന്റെ പ്രചാരണ പരിപാടികളിലെ യുവാക്കൾ അടക്കമുള്ള വലിയ വിഭാഗത്തിന്റെ സാന്നിധ്യമെന്നു തരൂരിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കെതിരെയാണ് പോരാട്ടമെന്നും ഖർഗെയുമായി  പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ലെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

English Summary: Congress releases guidelines for president polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com