ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ധനസമാഹരണ മാർഗം വ്യക്തമാക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് കാലയളവിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കമ്മിഷന്റെ നടപടി.

ഇതോടെ, വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന്റെ സാമ്പത്തികവശം അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൂട്ടി വിശദീകരിക്കേണ്ടിവരും. ഒക്ടോബർ 19നുള്ളിൽ വിശദാംശങ്ങൾ കൈമാറണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങളും അതിന്റെ ധനസമാഹരണ മാർഗവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചത്.

വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കും, എത്രപേര്‍ക്ക് ഗുണം ലഭിക്കും, ഖജനാവിന് എത്ര ബാധ്യത വരുത്തും, സാമ്പത്തിക സ്രോതസ് എന്താണ് എന്നിവ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടിവരും. വോട്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കണം. വാഗ്ദാനങ്ങള്‍ യുക്തിഭദ്രമാകണം. നടപ്പാക്കാവുന്ന വാഗ്ദാനങ്ങൾ നൽകിവേണം ജനങ്ങളുടെ വിശ്വാസം ആർജിക്കാനെന്നും പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തിൽ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ആവകാശമാണെങ്കിലും സുതാര്യമായ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയിൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് ഉചിതമല്ലെന്നും കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കില്‍ മാത്രമേ വാഗ്ദാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കപ്പെടൂവെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ.

English Summary: To track "empty promises" by political parties, Election Commission's big move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com