ADVERTISEMENT

കൊച്ചി ∙ ‘‘അവൻ വല്ല കടുംകയ്യും ചെയ്യുമോ എന്നാണു പേടി!, മുറിയടച്ച് ഒരേ ഇരുപ്പാണ്. കൂടെ പഠിച്ച പലരും ഡോക്ടറായി. ഇനി എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഞങ്ങൾ!.’’ – യുക്രെയ്‌ൻ യുദ്ധഭീതിയിൽ നാട്ടിലെത്തിയ മലയാളി വിദ്യാർഥി പെരുമ്പാവൂർ സ്വദേശിയായ അരുണിന്റെ രക്ഷിതാവിന്റെ വേദനയാണ് ഈ വാക്കുകളിൽ. യുദ്ധം പോലൊരു പ്രത്യേക സാഹചര്യമായിട്ടും സ്വന്തം രാജ്യത്ത് അനുകൂല തീരുമാനം വരാത്തതാണ് അരുണിനെയും കുടുംബത്തെയും ആശങ്കയിലാക്കുന്നത്. മറ്റേതെങ്കിലും രാജ്യങ്ങളിലെ സർവകലാശാലകളിൽ പ്രവേശനം സാധ്യമാകുമോ എന്ന അന്വേഷണത്തിലാണ് അരുണിനെപ്പോലെ യുദ്ധഭീതിയിൽ നാട്ടിലേക്കു മടങ്ങിയ നൂറുകണക്കിനു വിദ്യാർഥികൾ. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ 20,000ൽ ഏറെ വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും. കേരളത്തിൽ നിന്നുള്ള ഏകദേശം 3,000 വിദ്യാർഥികളുടെ ഭാവിയാണ് യുക്രെയ്നിലെ യുദ്ധത്തിൽ അനിശ്ചിതത്വത്തിലായത്.

‘‘വീടു പണയം വച്ചാണു പണമുണ്ടാക്കി പഠിക്കാൻ അയച്ചത്, 35 ലക്ഷത്തിലേറെ ചെലവായി, ചെറുപ്പം മുതൽ പറയുന്ന ആഗ്രഹത്തിനു തടസം നിൽക്കണ്ടല്ലോ എന്നു കരുതിയാണ് എല്ലാം ചെയ്തത്. ഇങ്ങനെയൊന്നും സംഭവിക്കുമെന്നു പ്രതീക്ഷിച്ചതല്ല.’’ – മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയുടെ രക്ഷിതാവിന്റേതാണ് ഈ വാക്കുകൾ. എംബിബിഎസ് സ്വപ്നം കണ്ട് യുക്രെയ്‌നിൽ പഠനം തുടരുന്നതിനിടെ യുദ്ധം തുടങ്ങിയതോടെ സഹപാഠികൾക്കൊപ്പം അവിടെ നിന്ന് രക്ഷപ്പെട്ടു നാട്ടിലെത്തിയതാണു മകനും സുഹൃത്തുക്കളും. യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്കു ഷെല്ലുകൾ പതിച്ചപ്പോൾ ജീവനെങ്കിലും ബാക്കി കിട്ടണമെന്നേ ആഗ്രഹിച്ചുള്ളൂ. അങ്ങനെയാണ് കൂട്ടുകാർക്കൊപ്പം എല്ലാം നഷ്ടപ്പെടുത്തി അതിർത്തി കടന്നതും നാട്ടിലെത്തിയതും. അന്ന് അനുഭവിച്ച ദുരിതങ്ങളുടെ ഓർമകളിലൂടെ പോലും കടന്നു പോകാൻ ആഗ്രഹമില്ലെന്ന് ഈ വിദ്യാർഥി പറയുന്നു.

‘‘നാട്ടിലെത്തി ഇത്ര നാളായിട്ടും, രക്ഷപ്പെടുത്തി നാട്ടിലെത്തിച്ച സർക്കാർ ഞങ്ങൾ ഇത്രയും പേർ എന്തു ചെയ്യണമെന്നു പറഞ്ഞിട്ടില്ല. അവിടെ യുദ്ധം അവസാനിക്കാത്തിടത്തോളം ഒരു മടക്കം സാധ്യവുമല്ല, യുക്രെ‌യ്‌നിലെത്തി പഠനം തുടരാനും ആവില്ല. പല യൂണിവേഴ്സിറ്റികളുടെയും പ്രവർത്തനം പഴയപടി ആയിട്ടില്ലെന്നതാണു കാരണം. ചിലയിടത്തു നാമമാത്രമായി ഓഫിസുകൾ മാത്രം പ്രവർത്തിക്കുന്നു. പിന്നെ ഞങ്ങൾ വിദ്യാർഥികൾ എന്തു ചെയ്യണം? ഭാവി ഇരുൾ അടഞ്ഞു നിൽക്കുമ്പോൾ എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാതെ വിഷമിക്കുന്നത് ഒന്നും രണ്ടും പേരല്ല.’’ – ഇങ്ങനെ നാട്ടിലെത്തിയ ചില വിദ്യാർഥികൾ പറയുന്നു. അവസാനവർഷ വിദ്യാർഥികളാണ് ഏറെ മാനസിക സമ്മർദത്തിൽ. ഇത്രനാൾ കഷ്ടപ്പെട്ടതെല്ലാം എന്താകുമെന്ന് അറിയാത്തതിന്റെ ഭീതി. ഒപ്പം ഹൗസ് സർജൻസി എങ്ങനെ പൂർത്തിയാക്കും എന്നതിന്റെ ആശങ്കയും.

ഓപ്പറേഷൻ ഗംഗ മിഷന്റെ ഭാഗമായി യുക്രെയ്നിൽനിന്ന് കേരളത്തിലെത്തിച്ച മെഡിക്കൽ വിദ്യാർഥികൾ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ)
ഓപ്പറേഷൻ ഗംഗ മിഷന്റെ ഭാഗമായി യുക്രെയ്നിൽനിന്ന് കേരളത്തിലെത്തിച്ച മെഡിക്കൽ വിദ്യാർഥികൾ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ)

∙ ബാങ്ക് വായ്പ ലക്ഷങ്ങൾ!

പഠനത്തിനു വായ്പ തന്ന ബാങ്കുകളിൽ നിന്നുള്ള വിളികൾ പലർക്കും വന്നുതുടങ്ങി. വീടും പുരയിടവും ഈടു വച്ചാണു പലരും 35 ലക്ഷം രൂപ വരെ വായ്പയെടുത്തത്. ബാങ്കുകൾ അനുവദിച്ച മോറട്ടോറിയം കാലാവധി വൈകാതെ അവസാനിക്കും. പഠനം അവസാനിപ്പിച്ചു ജോലി കിട്ടിയ ശേഷം തിരിച്ചടവു തുടങ്ങിയാൽ മതിയെന്നാണെങ്കിലും ഇതിന്റെ പലിശ കുന്നുകൂടുകയാണ്. അവസാന വർഷ വിദ്യാർഥികൾക്കു പലർക്കുമാണ് ബാങ്കിൽ നിന്നു വിളികൾ വരുന്നത്. ബാങ്കുകൾ വീടു ജപ്തി ചെയ്യുന്ന വാർത്തകളെല്ലാം കാണുമ്പോൾ നെ‍ഞ്ചിൽ ആധിയാണ്. സ്വന്തം വീട്ടിലും ഇതു സംഭവിക്കുമോ എന്ന പേടി. എങ്ങനെയെങ്കിലും കോഴ്സ് പൂർത്തിയാക്കിയാലും തുടർപഠനവും ജോലിയുമെല്ലാം സ്വപ്നം മാത്രമായി അവശേഷിക്കുമോ എന്ന ഭീതിയും ഇവർ പങ്കുവയ്ക്കുന്നു.

ഇതിനിടെ കോഴ്സുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടർമാർക്കൊപ്പം സഹായികളായി പ്രവർത്തിക്കുന്നവരുമുണ്ട്. ചില സ്വകാര്യ ആശുപത്രിക്കാർ അതിനു പ്രത്യേക പണം ഈടാക്കുന്നുണ്ടെങ്കിൽ വിശാലഹൃദയരായി ഇവരെ കൂടെക്കൂട്ടിയ ചില ഡോക്ടർമാരുമുണ്ട്. കൊല്ലം സ്വദേശി അസ്‍ലം അവിടെ ഒരു ഡോക്ടർക്കൊപ്പം പരിശീലനത്തിലാണ്. പഠിച്ച യൂണിവേഴ്സിറ്റിയിൽ നിന്നു ട്രാൻസ്ക്രിപ്റ്റിനും ഇതിനിടെ അപേക്ഷ സമർപ്പിച്ചു. ഇതു കിട്ടിയാൽ അർമേനിയയിലോ റഷ്യയിലോ പഠനം തുടരാനാകും. ജോർജിയയിലോ മാൾഡോവയിലോ പ്രവേശനത്തിനു ശ്രമിക്കുന്നതായും അസ്‍ലം പറഞ്ഞു.

∙ കോവിഡ്, പിന്നാലെ യുദ്ധഭാരവും

ലോകമെങ്ങുമുള്ള വിദ്യാർഥികൾ, പ്രത്യേകിച്ചു മെഡിക്കൽ വിദ്യാർഥികൾ കോവിഡ് കാലത്ത് പ്രായോഗിക പരിശീലനം നേടേണ്ടിടത്ത് ഓൺലൈൻ ക്ലാസിലായിപ്പോയതിന്റെ നഷ്ടബോധത്തിലായിരുന്നു. അതെല്ലാം മാറി നേരെയാകുമെന്നു വന്ന നേരത്താണ് ഇടിത്തീയെന്ന പോലെ യുദ്ധം വരുന്നത്. പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ രാജ്യം വിടണം എന്നു വന്നപ്പോഴാണ് മടങ്ങിപോരുന്നത്. അതും കടുത്ത പ്രതിസന്ധികൾ അതിജീവിച്ച്. ജീവിതത്തിൽ ഒരിക്കൽ പോലും നേരിടുമെന്നു പ്രതീക്ഷിച്ചിട്ടില്ലാത്ത പ്രതിസന്ധികളാണ് ഇവർക്കു പിന്നീട് നേരിടേണ്ടി വന്നതും.

ഇന്ത്യ പോലെ നയതന്ത്ര സംവിധാനങ്ങളും പൗരൻമാരെക്കുറിച്ചു കരുതലുമുള്ള രാജ്യമായതു കൊണ്ടു മാത്രമാണു ജീവനോടെ തിരികെ നാട്ടിലെത്താനായത് എന്നു വിദ്യാർഥികൾ പറയുന്നു. യുക്രെയ്നിലെ ഇന്ത്യൻ അംബാസിഡറുടെ ഇടപെടലും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടലുകൾ ഇതിൽ എത്ര അഭിനന്ദിച്ചാലും മതിയാകാത്തതാണ്. കൂടെ പഠിച്ച പല രാജ്യങ്ങളിലെയും വിദ്യാർഥികൾ ഇപ്പോഴും യുദ്ധഭൂമിയിൽ കഴിയുന്നുണ്ടെന്നും അവർ പറയുന്നു.

∙ ഇരുൾ അടഞ്ഞ പഠനം

ജീവൻ തിരിച്ചു കിട്ടിയെങ്കിലും ജീവിതം തിരിച്ചു പിടിക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഈ വിദ്യാർഥികൾ. പഠനം പൂർത്തിയാക്കാൻ സർക്കാരിന്റെ സഹായം തേടി മുട്ടാൻ ഇനി വാതിലുകളില്ല. പാർലമെന്റിൽ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ജോസ് കെ. മാണിയും പലപ്പോഴായി വിഷയം ഉന്നയിച്ചിരുന്നു. സർക്കാരിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഇവിടെ കഴിയുമ്പോഴും ഇന്ത്യയിൽ പഠനം പൂർത്തിയാക്കാനാവില്ലെന്ന കാര്യത്തിൽ കേന്ദ്രം കർശന നിലപാടെടുത്തിരിക്കുകയാണ്. ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം ലഭ്യമാക്കണം എന്ന ആവശ്യവുമായി വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ നിയമപരമായി ഇതിനു സാധുതയില്ലെന്നാണ് അറിയിച്ചത്. ഇക്കാര്യത്തിൽ കൃത്യമായ നയമോ മാനദണ്ഡമോ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) തയാറാക്കിയിട്ടില്ലെന്നു വിദ്യാർഥികൾ കോടതിയെ അറിയിക്കുകയായിരുന്നു.

ഇതിനിടെ വിദ്യാർഥികൾക്ക് യുക്രെയ്നിലെ സർവകലാശാലകളുടെ ഭാഗമായി നിന്നുതന്നെ പുറത്തുള്ള രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കാം എന്ന യുക്രെയ്‌ൻ സർവകലാശാലകളുടെ ബദൽ നിർദേശം ദേശീയ മെഡിക്കൽ കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്. ഇത് ആശ്വാസകരമാണെങ്കിലും പല സർവകലാശാലകളുടെയും പ്രവർത്തനം പൂർണമായും നടക്കുന്നില്ല എന്നതിനാൽ ഈ നിർദേശം പൂർണതോതിൽ പ്രായോഗികം ആകണമെന്നില്ല. ആദ്യഘട്ടത്തിൽ അക്കാദമിക് മൊബിലിറ്റി പദ്ധതിക്ക് അംഗീകാരം നൽകണ്ട എന്നായിരുന്നു കമ്മിഷൻ തീരുമാനം. വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചതോടെ വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തി ആ തീരുമാനം കമ്മിഷൻ മാറ്റുകയായിരുന്നു.

ഓപ്പറേഷൻ ഗംഗ മിഷന്റെ ഭാഗമായി യുക്രെയ്നിൽനിന്ന് കേരളത്തിലെത്തിച്ച മെഡിക്കൽ വിദ്യാർഥികൾ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ)
ഓപ്പറേഷൻ ഗംഗ മിഷന്റെ ഭാഗമായി യുക്രെയ്നിൽനിന്ന് കേരളത്തിലെത്തിച്ച മെഡിക്കൽ വിദ്യാർഥികൾ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ)

∙ ട്രാൻസ്ക്രിപ്റ്റ് വാങ്ങാൻ തിരക്ക്

ഇനി യുക്രെയ്‌ൻ സർവകലാശാലകളിലെ പഠനം പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞതോടെ മറ്റേതെങ്കിലും രാജ്യത്തെങ്കിലും പഠനം പൂർത്തിയാക്കാനാണ് വിദ്യാർഥികളുടെ ശ്രമം. പ്രത്യേകിച്ചും അവസാന വർഷ വിദ്യാർഥികൾ. ഇനിയും കാത്തിരുന്നാൽ ഇത്രയും കാലത്തെ അധ്വാനം നഷ്ടമാകുമെന്ന ആശങ്കയുണ്ട്. ഇതിനിടെ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ തയാറാണെന്ന് റഷ്യൻ ഉപസ്ഥാനപതി അറിയിച്ചിട്ടുണ്ട്. ജോർജിയയിലോ മറ്റോ പഠനം പൂർത്തിയാക്കാനാകുമോ എന്നും നോക്കുന്നു. അതിനായി വിദ്യാർഥികൾ പൂർത്തിയാക്കിയ പഠനസമയം ഉൾപ്പെടെയുള്ള വിവരങ്ങൾ കാണിച്ചുള്ള ട്രാൻസ്ക്രിപ്റ്റ് യുക്രെയ്നിലെ സർവകലാശാലകൾ നൽകേണ്ടതുണ്ട്. യുദ്ധ പ്രതിസന്ധിക്കിടെ വിദ്യാർഥികൾ കൂട്ടമായി വിട്ടു പോകുന്നത് യുക്രെയ്നിലെ സർവകലാശാലകൾക്കു താൽപര്യമില്ലെങ്കിലും ഉന്നതതല ഇടപെടലിലാണ് അവർ ഇതിനു തയാറാകുന്നത്. എന്നാൽ ഇത്രയേറെ വിദ്യാർഥികളുടെ രേഖകൾ നൽകുന്നതിനുള്ള സ്വാഭാവിക കാലതാമസവും ഇതിലുണ്ടാകുന്നു.

വിദ്യാർഥികളെ പഠനത്തിന് അയച്ച ഏജൻസികൾ ട്രാൻസ്ക്രിപ്റ്റിനായി പ്രത്യേകം പണം വാങ്ങുന്നു എന്ന ആരോപണം ഇതിനിടെ ഉയർന്നിട്ടുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രെയ്നിൽ തുടരുന്ന സ്ഥാപനങ്ങളുടെ സഹായമാണു കേരളത്തിലുള്ള ഏജൻസികൾ തേടിയിട്ടുള്ളത്. ഇവർ വിദ്യാർഥികളിൽ നിന്ന് അമിതമായി പണം ആവശ്യപ്പെട്ടതും ആക്ഷേപങ്ങൾക്കു വഴിവച്ചു. അതേസമയം തിരിച്ചു പോരേണ്ടി വന്ന മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി ട്രാൻസ്ക്രിപ്റ്റ് എടുത്തു നൽകുന്നതിനാണ് ശ്രമിക്കുന്നതെന്നു കൊച്ചിയിൽ നിന്നുള്ള ഏജൻസികൾ പറയുന്നു. ഇതിനായി വരുന്ന ചെലവ് നടപടിക്രമങ്ങൾ പൂർത്തിയാക്കി രേഖകൾ ലഭിച്ച ശേഷം മാത്രം നൽകിയാൽ മതിയാകും എന്ന നിലപാടാണ് ചില ഏജൻസികൾ സ്വീകരിച്ചിരിക്കുന്നത്.

യൂണിവേഴ്സിറ്റി ട്രാൻസ്ക്രിപ്റ്റ് തയാറാക്കി സാധുത നൽകുന്നതിനു നിശ്ചിത തുക ഈടാക്കുന്നുണ്ട്. അതെല്ലാം ഏജൻസി തന്നെയാണു നിലവിൽ നൽകുന്നത്. ഇന്ത്യൻ എംബസി വഴിയാണ് ഇതിനായുള്ള അപേക്ഷ നൽകുന്നത്. വിദ്യാർഥികൾക്കു ലഭിക്കുന്ന ട്രാൻസ്ക്രിപ്റ്റ് കോപ്പി ഇന്ത്യൻ എംബസിയിലും ലഭിക്കും എന്നതിനാൽ ഭാവിയിൽ ഇന്ത്യയിൽ നിന്നോ മറ്റൊരു യൂണിവേഴ്സിറ്റിയിൽ നിന്നോ ഒരു വെരിഫിക്കേഷൻ വരുന്ന പക്ഷം വിദ്യാർഥികൾക്കു പഠനത്തിനു തടസമുണ്ടാകില്ല. ഇതിനു സ്വാഭാവിക കാലതാമസം ഉണ്ടാകും എന്നതാണു വസ്തുത. അതേസമയം യൂണിവേഴ്സിറ്റികളിൽ കുറുക്കുവഴിയിൽ ട്രാൻസ്ക്രിപ്റ്റിനു ശ്രമം നടത്തുന്നവരുമുണ്ട്. വ്യാജമായി ഇതു തയാറാക്കി നൽകുന്ന ജീവനക്കാരുമുണ്ട്. കുറുക്കുവഴിയിൽ എളുപ്പത്തിൽ ട്രാൻസ്ക്രിപ്റ്റ് ലഭിക്കും എന്നു പറയുന്നവർ ഭാവിയിൽ കുരുക്കിൽ ചെന്നു പെടുന്ന സാഹചര്യമുണ്ടാകാമെന്നാണ് ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന വിവരം.

∙ പ്രതീക്ഷ സുപ്രീം കോടതിയിൽ

സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇതിനിടെ വിദ്യാർഥികൾ. യുക്രെ‌യ്നിൽ നിന്നു മടങ്ങിയ മെഡിക്കൽ വിദ്യാർഥികളുടെ സംഘടന ഓൾ കേരള യുക്രെയ്ൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പാരന്റ്സ് അസോസിയേഷനാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയത്. തുടർപഠനവിഷയത്തിൽ ദേശീയ മെഡിക്കൽ കമ്മിഷനു നൽകിയ അപേക്ഷകൾക്ക് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയായിരുന്നു റിട്ട് ഹർജി.

പശ്ചിമ ബംഗാൾ സർക്കാരും ഒഡിഷയും തമിഴ്നാടും തുടങ്ങി ഏതാനും സംസ്ഥാനങ്ങളും വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകും എന്നു പറഞ്ഞെങ്കിലും ദേശീയ നയം വരാത്തിടത്തോളം അതു നടപ്പാക്കാൻ സാധിക്കില്ല എന്നു മനസിലാക്കിയാണ് ഈ ഹർജി. നിലവിലെ രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങൾ വിദ്യാർഥികളുടെ ഭാവിക്കു ദോഷം വരാത്ത തീരുമാനം സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും മാതാപിതാക്കളും.

English Summary: Ukraine-Returned Medical Students still looking for solutions to continue studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com