അടിമുടി ലൈറ്റുകൾ, വേർപെടുത്തിയ സ്പീഡ് ഗവർണർ, ബ്ലാക്ക്‌ലിസ്റ്റിൽ; ഒടുവിൽ അപകടം

Vadakkencherry Tourist bus accident | Photo - Bijin Samuel
അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്. ചിത്രം: ബിജിൻ സാമുവേൽ
SHARE

കൊച്ചി∙ വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് സർവീസ് നടത്തിയതു സ്കൂൾ, കോളജ് വിനോദയാത്ര സംബന്ധിച്ചു ഗതാഗതവകുപ്പു പുറത്തിറക്കിയ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്. വിദ്യാർഥികളുമായുള്ള വിനോദയാത്രയ്ക്കു സ്കൂൾ അധികൃതർ ബസ് വിളിച്ചത് ഉന്നതതല ഉത്തരവു പാലിക്കാതെയെന്നും ആക്ഷേപമുയർന്നു.

ഗതാഗത വകുപ്പു കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആർടിഒ വൃത്തങ്ങൾ മനോരമ ഓൺലൈനോടു വെളിപ്പെടുത്തി. നടപടികൾ ഉണ്ടായിട്ടും ഉത്തരവുകൾ പാലിക്കാതെ കാതടപ്പിക്കുന്ന ഹോണും ആഡംബര ലൈറ്റുകളും ഉപയോഗിച്ചിരുന്നു എന്നത് വിനോദയാത്ര തുടങ്ങുംമുൻപ് പകർത്തിയ ചില വിഡിയോകളിൽ വ്യക്തമാണ്. ബസ് ഓടുന്ന സമയം സ്പീഡ് ഗവർണർ വേർപെടുത്തി ഇട്ടിരുന്നതായാണ് വ്യക്തമാകുന്നതെന്നും ആർടിഒ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ബസ് കോട്ടയം സ്വദേശിയുടേതാണ്.

Vadakkencherry Tourist bus accident | Photo - Bijin Samuel
അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്. ചിത്രം: ബിജിൻ സാമുവേൽ

സ്കൂൾ കോളജ് വിദ്യാർ‌ഥികളുടെ വിനോദ, പഠന യാത്രകളിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ഹോണുകളും ഘടിപ്പിച്ചതുമായ വാഹനങ്ങൾ ഉപയോഗിക്കരുത് എന്ന ഗതാഗത കമ്മിഷണറേറ്റിന്റെയും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകൾ പാലിച്ചിട്ടില്ല എന്നതും വ്യക്തമാണ്. ഈ വർഷം ജൂലൈ 7 നാണ് ഗതാഗത കമ്മിഷണർ ഇത് സംബന്ധിച്ച് വിവിധ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയത്.

MVD Order
രൂപമാറ്റം വരുത്തിയ ബസുകൾ ഉപയോഗിക്കുന്നത് വിലക്കി മോട്ടർ വാഹന വകുപ്പിന്റെ ഉത്തരവ്.

ഇത്തരത്തിലുള്ള വാഹനങ്ങൾ അപകടത്തിൽപെടുന്നതായും ആർടിഒമാർ പിടിച്ചെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതായും ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുമായി വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങൾ റീജനൽ ട്രാൻസ്പോർട് ഓഫിസുകളിൽ കാണിച്ച് ഫിറ്റ്നസ് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ടായിരുന്നു.

Vadakkencherry Tourist bus accident | Photo - Bijin Samuel
അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്. ചിത്രം: ബിജിൻ സാമുവേൽ

ടൂറിസ്റ്റ് ബസുകളെ ഡാൻസിങ് ഫ്ലോർ ആക്കരുതെന്നും അനാവശ്യ ലൈറ്റുകളും സൗണ്ട് സിസ്റ്റവും പാടില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവിറങ്ങി നാലു മാസം പിന്നിട്ടിട്ടും ഇപ്പോഴും ഉത്തരവു ലംഘിച്ചു ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നതിനു തെളിവാണ് അപകടത്തിൽ പെട് ലൂമിനോസ് എന്ന ടൂറിസ്റ്റ് ബസ്. ഇവരുടെ നിരവധി ബസുകൾ നിലവിൽ നിരത്തിലൂടെ സർവീസ് നടത്തുന്നുണ്ട്.

ഉന്നത സ്വാധീനമുള്ള ബസുകൾക്കെതിരെ നടപടി എടുത്താലും ഉടമകൾ പിഴയടച്ചു രക്ഷപെടുന്നതാണ് പതിവ്. തൽക്കാലത്തേയ്ക്ക് ലൈറ്റുകളും ഹോണുകളും നീക്കി ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാക്കിയാലും നിരത്തിലിറങ്ങുമ്പോൾ പുനഃസ്ഥാപിച്ചു നിയമലംഘനം നടത്തുന്നതാണ് പതിവ്. സ്പീഡ് ഗവർണർ പരിശോധനാ സമയത്തു പ്രവർത്തിക്കുമെങ്കിലും സർവീസ് നടത്തുമ്പോൾ ഊരിയിടുന്നതാണ് ഡ്രൈവർമാരുടെ പതിവ്.

Vadakkencherry Tourist bus accident | Photo - Bijin Samuel
അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്. ചിത്രം: ബിജിൻ സാമുവേൽ

വിദ്യാർഥികൾ വിനോദയാത്രയ്ക്കു പുറപ്പെടുന്ന സമയത്തു പകർത്തിയ ദൃശ്യങ്ങളിൽ നിന്നു ബസിന്റെ നിയമ ലംഘനത്തിന്റെ ആഴം വ്യക്തമാണ്. വിദ്യാർഥികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ആഡംബര ലൈറ്റുകളും ഉയർന്ന ശബ്ദത്തിലുള്ള പാട്ടും വച്ച് നിരോധിത ഹോൺ മുഴക്കിയാണ് ബസ് ഓട്ടം ആരംഭിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ മാതാപിതാക്കൾ പകർത്തിയതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റു ബസുകൾ സർവീസ് നടത്തുന്നത് റോഡിലുള്ള മറ്റു വാഹനങ്ങളെ അപകടത്തിൽപെടുത്താൻ ഇടയാക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നിരന്തരം മിന്നുന്ന ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി എടുക്കാനും നിർദേശിച്ചിരുന്നു. നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ മൂന്നു മാസത്തേയ്ക്ക് അയോഗ്യരാക്കണം, കുറ്റം ആവർത്തിച്ചാൽ തടവു ശിക്ഷ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണം, ശബ്ദ നിയന്ത്രണം, ലൈറ്റിങ് സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ചു പരാതിപ്പെടാൻ വാട്സാപ് നമ്പർ പ്രസിദ്ധപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിട്ടിരുന്നത്.

English Summary: Tourist Bus carrying students which met accident at Vadakkencherry not followed Transport regulations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}