ADVERTISEMENT

പാലക്കാട്∙ വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ കാണാനില്ല. ഡ്രൈവർ ജോമോൻ അപകടസമയം സ്ഥലത്തുണ്ടായിരുന്നെന്നും പിന്നീടാണ് കാണാതായതെന്നുമാണ് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിലും ജോമോന്റെ പേരില്ല. ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. കോട്ടയം സ്വദേശിയുടേതാണ് ബസ്. 

എന്നാല്‍ വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയില്‍ ജോജോ എന്ന പേരില്‍ ചികിത്സ തേടിയ ഡ്രൈവര്‍ പിന്നീട് അവിടെനിന്ന് മുങ്ങുകയായിരുന്നുവെന്നാണ് സൂചന. പൊലീസുകാര്‍ പുലര്‍ച്ചെ ഇയാളെ ആശുപത്രിയിലെത്തിച്ചിരുന്നു. കൈയിലും കാലിലും മുറിവ് മാത്രമാണ് ജോമോന് ഉണ്ടായിരുന്നത്. കുറച്ചു സമയത്തിനു ശേഷം പുറത്തുനിന്ന് എത്തിയ ചിലര്‍ക്കൊപ്പം ഇയാള്‍ പോയെന്നു സംശയിക്കുന്നതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. അധ്യാപകനാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീടാണ് ഡ്രൈവറാണെന്നു പറഞ്ഞത്.

അമിതവേഗമാണ് അപകടത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപകടസമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു. പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ ഗതാഗത കമ്മിഷണർക്ക് റിപ്പോർട്ടു കൈമാറി. യാത്രയുടെ തുടക്കം മുതൽ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു എന്ന് വിദ്യാർഥികളും പറഞ്ഞു. ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നു എന്ന് കെഎസ്ആർടിസി ഡ്രൈവർ സുമേഷും സാക്ഷ്യപ്പെടുത്തിയിരുന്നു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുൾപ്പെടെ 9 പേർ മരിച്ചു. ആകെ 60 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യുമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

English Summary:  Vadakkencherry Bus Accident: Tourist bus driver is missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com