ADVERTISEMENT

കൊച്ചി ∙ ആന്ധ്രയിൽനിന്നു കൊച്ചിയിലെത്തിയ 2.6 കിലോഗ്രാം ഹഷീഷ് ഓയിൽ ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ 5 കിലോ ആക്കുന്ന തന്ത്രമുണ്ട് ലഹരികടത്തുസംഘത്തിന്റെ പക്കൽ. വിലയും പലമടങ്ങു വർധിക്കും. ഇതിന്റെ രഹസ്യം പൊലീസിനോടു വിശദീകരിച്ചത് ആന്ധ്രയിൽനിന്നു കൊച്ചിയിലേക്ക് ഹഷീഷ് ഓയിൽ കടത്തിക്കൊണ്ടു വന്നതിനു കഴിഞ്ഞ ദിവസം എറണാകുളം സിറ്റി പൊലീസിന്റെ പിടിയിലായ നെട്ടൂർ, മാടവന സ്വദേശികളായ സുജിലും അൻസലുമാണ്. ഗൂഗിൾ പേ വഴി വെറും 1,30,000 രൂപ നൽകിയാണ് വിപണിയിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന ഹഷീഷ് ഓയിൽ ഇവർ വാങ്ങിയത്.

ആന്ധ്രയിലെ നക്സൽ മേഖലകളിൽനിന്നാണ് ഇവർ ഹഷീഷ് ഓയിൽ വാങ്ങുന്നത്. കഞ്ചാവും അവിടെ ലഭിക്കുമെങ്കിലും ഇപ്പോൾ പ്രോസസ് ചെയ്ത ഹാഷിഷ് ഓയിലിനാണ് ഡിമാൻഡ്. ഓയിലിലേക്ക് അത്ര തന്നെ അളവ് ഗ്രീസ് ഓയിലും ചേർത്താണ് ഇരട്ടിപ്പിക്കുന്നത്. ഗ്രീസ് ചേർക്കുന്നതോടെ കൊഴുപ്പുണ്ടാകുന്നതിനാൽ ഉപയോഗിക്കാൻ എളുപ്പമാകും. ഇത് മൂക്കിൽപ്പൊടിയും മറ്റും വിൽക്കുന്ന ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ വരുന്ന ചെറു ഡപ്പികളിലാക്കും. അതിലും പകുതി മാത്രമേ നിറയ്ക്കാറുള്ളൂ. ഓരോ ഡപ്പിക്കും ആയിരം മുതൽ മൂവായിരം വരെ രൂപ വാങ്ങും. ആവശ്യക്കാരെ നോക്കിയാണ് വിലയിടുന്നത്. അങ്ങനെ, മുടക്കിയതിനെക്കാൾ പലമടങ്ങു ലാഭമാണ് തിരിച്ചുകിട്ടുക.

കഞ്ചാവ് കടത്തുമ്പോൾ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെങ്കിൽ ഹാഷിഷ് ഓയിൽ കൈവശം വയ്ക്കാനും കടത്താനും കുറെക്കൂടി എളുപ്പമാണെന്നാണ് പിടിയിലായവർ പറയുന്നത്. മായം ചേർക്കുന്നതോടെ ലാഭം കുത്തനെ ഉയരുമെന്നതാണ് ഹാഷിഷ് ഓയിൽ കടത്തിലേക്ക് ഇവരെ എത്തിച്ചതത്രേ.

കേരളത്തിൽനിന്ന് ആന്ധ്രയിലെ ലഹരിവിൽപന മേഖലകളിലെത്തുന്നവർക്ക് അവിടെ സജീവമായി രംഗത്തുള്ള ഏജന്റുമാരാണ് ലഹരിമരുന്ന് എത്തിച്ചു കൊടുക്കുന്നത്. വില പറഞ്ഞ് ഉറപ്പിച്ചാൽ കൊച്ചിയിലുള്ള മറ്റൊരു സംഘം ഇവർക്കു ഗൂഗിൾപേ വഴി പണം അയച്ചു കൊടുക്കുന്നു. ഒരു ലക്ഷം രൂപയ്ക്ക് 1500 രൂപ വരെ ഈടാക്കുന്ന ഏജന്റുമാരാണ് ഇതിനായി പ്രവർത്തിക്കുന്നത്. ട്രെയിനിൽ സാധനം കേരളത്തിലെത്തിച്ച് ഇരട്ടിപ്പു കഴിഞ്ഞാൽ ചെറു സംഘങ്ങൾക്കു കൈമാറും.

കഴിഞ്ഞ ദിവസം പിടിയിലായ സുജിലിനെയും അൻസലിനെയും വലയിലാക്കിയതിനു പിന്നിൽ എറണാകുളം സിറ്റി പൊലീസിലെ 14 അംഗ സംഘത്തിന്റെ കഠിന പരിശ്രമമുണ്ട്. നേരത്തേ ഒരു തവണ ഇവരെ വലയിലാക്കാൻ അവസരം ഒരുങ്ങിയെങ്കിലും ഹാഷിഷ് ഓയിൽ കയ്യിൽ ഇല്ലാതിരുന്നതു കൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു. ഇത്തവണ ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. കൊച്ചിയിലെ ലഹരി ഉപയോഗിക്കുന്നവരുടെയും കടത്തു സംഘങ്ങളുടെയും വലിയൊരു ഡേറ്റാ ബേസ് തന്നെ പൊലീസ് തയാറാക്കിയിട്ടുണ്ട്. 

സുജിലും അൻസലും ആന്ധ്രയിലേയ്ക്കു പോകുമ്പോൾ മുതൽ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞായിരുന്നു മടക്കം. തിരികെ ട്രെയിനിൽ കയറുമ്പോഴും ടിക്കറ്റ് എടുത്തപ്പോഴും പൊലീസിന്റെ നിരീക്ഷണവലയത്തിലായിരുന്നു ഇവർ. എറണാകുളം സൗത്തിലേക്കു ടിക്കറ്റെടുത്ത ഇരുവരും നോർത്തിൽ ഇറങ്ങാനുള്ള സാധ്യത പൊലീസ് സംഘം മുൻകൂട്ടി കണ്ടു. ട്രെയിൻ നീങ്ങാൻ താമസം നേരിട്ടതോടെ നോർത്തിൽ ഇറങ്ങി ഇഎസ്ഐ ആശുപത്രി ഭാഗത്തു കൂടി പുറത്തു കടക്കാൻ‌ ശ്രമിക്കുമ്പോഴാണ് പൊലീസ് സംഘം പിടികൂടിയത്. ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും പൊലീസാണെന്നു വ്യക്തമായതോടെ കീഴടങ്ങി.

English Summary: 2.6 kgs of hashish turns to 5 kg on sale.What is the technique behind it? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com