ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണത്തിനു കാരണമാകുന്നുണ്ടോ എന്നു പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. വിഴിഞ്ഞം തുഖമുഖത്തിനെതിരെ സമരം നടത്തുന്ന സമരസമിതിയുടെ പ്രധാന ആവശ്യം തുറമുഖ നിർമാണം നിർത്തി തീരശോഷണം നടന്നോ എന്നു പരിശോധിക്കണമെന്നായിരുന്നു. വിഴിഞ്ഞത്ത് ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെത്തുടർന്നു തുറമുഖ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്.

സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ മുൻ അഡി. ഡയറക്ടർ എം.ഡി.കുന്ദലെയാണ് സമിതിയുടെ അധ്യക്ഷൻ. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.റജി ജോൺ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിലെ അസോ.പ്രൊഫസർ ഡോ.തേജല്‍ കനിത്ക്കർ, കണ്ട്‌ല പോർട്ട് ട്രസ്റ്റിന്റെ മുൻ ചീഫ് എൻജിനീയര്‍ ഡോ. പി.കെ.ചന്ദ്രമോഹൻ എന്നിവരാണ് അംഗങ്ങൾ. സമരസമിതി പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല.

തീരശോഷണം നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിവിധികൾ നിർദേശിക്കാനും കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു തീരശോഷണം നടന്നതായി പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയെ നിയമിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. വിഴിഞ്ഞം തുഖമുഖ നിർമാണത്തിന് 2014ൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. ഇതിനെതിരെ ചിലർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നിർമാണത്തിന് അനുമതി ലഭിച്ചു. 2015ൽ നിർമാണം ആരംഭിച്ചു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിർദേശമനുസരിച്ച് തീരത്തെ മാറ്റങ്ങളും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളും തുറമുഖ നിർമാണം നടക്കുന്നതിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ തുടർച്ചയായി നടത്തുന്നുണ്ട്. ഈ റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ നിശ്ചയിച്ച വിദഗ്ധർ ആറുമാസം കൂടുമ്പോൾ പരിശോധിക്കും. തീരശോഷണം നടക്കുന്നതായി വിദഗ്ധർക്ക് കണ്ടെത്താനായിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

English Summary: Kerala Government forms expert committee to study coastal erosion in Vizhinjam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com