ADVERTISEMENT

തിരുവനന്തപുരം∙ ആരോഗ്യവകുപ്പ് ഡയറക്ടറെ നിയമിക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ആദ്യമായാണ് ഡിഎച്ച്എസ് നിയമനത്തിനു കമ്മിറ്റിയെ നിയമിക്കുന്നത്. ഏറെക്കാലമായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല അഡിഷണൽ ഡയറക്ടർക്കാണ്. ഡയറക്ടറുടെ ചുമതലയുള്ള അഡി.ഡയറക്ടർ ഡോ.പ്രീത സർവീസിൽനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സമിതി രൂപീകരിച്ചത്. ഡോ.പ്രീതയ്ക്ക് ഇന്നുവരെയാണ് കാലാവധി നീട്ടി നൽകിയത്.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് അഡി.ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും അംഗങ്ങളാണ്. കേരള ഹെൽത്ത് സർവീസസ് (മെഡിക്കൽ ഓഫീസേഴ്സ്) സ്പെഷൽ റൂൾസ് 2010 അനുസരിച്ച് ആരോഗ്യവകുപ്പിലെ അഡി.ഡയറക്ടർമാരിൽനിന്നും ഒരാളെയാണ് വകുപ്പ് ഡയറക്ടറായി നിയമിക്കുന്നത്. ഒരു വർഷമോ അതില്‍ കൂടുതലോ സർവീസ് ശേഷിക്കുന്ന അഡി.ഡയറക്ടർമാരിൽനിന്നും പാനൽ തയാറാക്കി സമർപ്പിക്കാന്‍ കമ്മിറ്റിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. 

ആദ്യമായാണ് ഡിഎച്ച്എസ് തസ്തിക ഇത്രയുംകാലം ഒഴിഞ്ഞു കിടക്കുന്നത്. ഡിഎച്ച്എസ് ആയിരുന്ന ഡോ.സരിത 2021 ഏപ്രിലിൽ വിരമിച്ചപ്പോൾ ഡോ.രമേശിനെ ഡയറക്ടറായി നിയമിച്ചു. എന്നാൽ, രണ്ടു മാസത്തിനുശേഷം അദ്ദേഹം ചുമതലയിൽനിന്ന് ഒഴിഞ്ഞപ്പോൾ അഡി.ഡയറക്ടർ ഡോ.രാജുവിനു താൽക്കാലിക ചുമതല നൽകി. ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം വിരമിച്ചപ്പോൾ അഡി.ഡയറക്ടറായ ഡോ.പ്രീതയ്ക്കു താൽക്കാലിക ചുമതല നൽകി. ദീർഘനാളായി ഒഴിഞ്ഞു കിടന്നിരുന്ന അഡി.ഡയറക്ടർമാരുടെ പോസ്റ്റുകൾ ജൂലൈയിൽ വകുപ്പുതല പ്രമോഷൻ കമ്മിറ്റി ചേർന്ന് നികത്തിയിരുന്നു. ആ സമയത്തും ഡിഎച്ച്എസിനെ നിയമിച്ചിരുന്നില്ല.

English Summary: Government has formed a committee to appoint the director of the Health department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com