ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മേയ് ആറിന്. ബിക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി ഇന്നലെ വൈകിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ചാൾസിന്റെ ഭാര്യ കാമിലയും രാജപത്നിയായി (ക്വീൻ കൺസോർട്ട്) അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകൻ ചാൾസ് രാജാവായി ചുമതലയേറ്റത്.

അന്നുമുതൽ രാജാവിന്റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലിക്കൻ സഭയുടെ തലവൻകൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയൽ ക്രൗൺ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. ഇന്ത്യയിൽനിന്നുള്ള കോഹിനൂർ രത്നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക.

കാന്റർബറി ആർച്ച്ബിഷപ് റവ. ഡോ. ജസ്റ്റിൽ വെൽബിയുടെ മുഖ്യകാർമികത്വത്തിലാകും ചടങ്ങുകൾ. ആർച്ച്‌ബിഷപ്പ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക. 70 വർഷങ്ങൾക്കു മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.

ലോകനേതാക്കൾ ഉൾപ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഈ ദിവസം പൊതു അവധിയായിരിക്കുമോ എന്നതു സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. മേയ് ഒന്നാം തിയതി തിങ്കളാഴ്ച മേയ് ദിനത്തോടനുബന്ധിച്ചുള്ള ബാങ്ക് ഹോളിഡേ ആണ്. ഇതിന്റെ തുടർച്ചയായി കീരീടധാരണത്തിന് മറ്റൊരു ലോങ് വീക്കെൻഡിനുള്ള സാധ്യത ഏറെയാണ്.

കിരീടധാരണസമയത്ത് ചാൾസിന് 74 വയസ് പൂർത്തിയാകും. 900 വർഷത്തെ ചരിത്രത്തിൽ ബ്രിട്ടനിൽ സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാൾസ് മൂന്നാമൻ.

English Summary: King Charles III to be crowned on May 6, 2023, says British Royal Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com