ADVERTISEMENT

തിരുവനന്തപുരം ∙ അബുദാബിയിലെ മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരത്തിന്‌ രവിവർമ തമ്പുരാന്റെ ‘മുടിപ്പേച്ച്’ അർഹമായി. മനോരമ ബുക്സ് ആണ് പ്രസാധകർ. മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ് രവിവർമ തമ്പുരാൻ.

മുൻ സാംസ്‌കാരിക മന്ത്രി ടി.കെ.രാമകൃഷ്‌ണന്റെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ ശക്തി ടി.കെ.രാമകൃഷ്‌ണൻ പുരസ്‌കാരം ചരിത്രകാരൻ ഡോ. എം.ആർ.രാഘവാരിയർക്കു സമ്മാനിക്കും. 50,000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ പുരസ്‌കാരം. 

കെ.രേഖയുടെ ‘നുണയത്തി’ ആണ്‌ മികച്ച ബാലസാഹിത്യ കൃതി. മികച്ച നാടക കൃതിക്കുള്ള പുരസ്‌കാരം എം.രാജീവ്‌ കുമാറിന്റെ ‘എം.രാജീവ്‌ കുമാറിന്റെ നാടകങ്ങൾ’ നേടി. വിജ്‌ഞാന സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ. കവിത ബാലകൃഷ്‌ണന്റെ ‘വായന മനുഷ്യന്റെ കലാചരിത്രം’, കെ.സുധീഷിന്റെ ‘നമ്മളെങ്ങനെ നമ്മളായി’ എന്നീ കൃതികൾ പങ്കിട്ടു. മികച്ച കഥാ സമാഹാരത്തിനുള്ള പുരസ്‌കാരം സി.അനൂപിന്റെ ‘രാച്ചുക്ക്‌’, വി.കെ.ദീപയുടെ ‘വുമൺ ഈറ്റേഴ്‌സ്‌’ എന്നിവ നേടി. മികച്ച കവിതാ സമാഹാരത്തിനുള്ള പുരസ്‌കാരം സുധീഷ്‌ കോട്ടേമ്പ്രത്തിന്റെ ‘ചിലന്തി നൃത്തം’, സുറാബിന്റെ ‘മാവ്‌ പൂക്കുംകാലം’ എന്നിവയ്ക്കാണ്.

പ്രഫ. എരുമേലി പരമേശ്വരൻ പിള്ളയുടെ സ്‌മരണയ്‌ക്ക് ഇതര സാഹിത്യ വിഭാഗത്തിനായി ഏർപ്പെടുത്തിയ ശക്തി എരുമേലി പുരസ്‌കാരം ഡോ. ബി.വി.ശശികുമാറിന്റെ ‘കുഞ്ഞുണ്ണി ആരുടെ തോന്നലാണ്‌’ എന്ന കൃതി കരസ്ഥമാക്കി.  ശക്തി ടി.കെ.രാമകൃഷ്‌ണൻ പുരസ്‌കാരം ഒഴികെയുള്ള പുരസ്‌കാരങ്ങൾക്കെല്ലാം 25,000 രൂപയും പ്രശസ്‌തി പത്രവും ലഭിക്കും. പുരസ്‌കാരങ്ങൾ ഡിസംബറിൽ സമ്മാനിക്കുമെന്ന്‌ അവാർഡ്‌ സമിതി അംഗം കവി പ്രഭാവർമ, ശക്തി തിയറ്റേഴ്‌സ്‌ കൺവീനർ എ.കെ.മൂസ മാസ്‌റ്റർ എന്നിവർ അറിയിച്ചു.

English Summary: Mudippechu novel got Abu Dhabi Sakthi award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com