ADVERTISEMENT

മുൾട്ടാൻ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ആശുപത്രിക്കെട്ടിടത്തിനു മുകളിൽ കണ്ടെത്തിയ 400 മൃതദേഹങ്ങൾ ‌ബലൂചുകളുടേതോ പഷ്തൂണുകളുടേതോ ആകാമെന്ന് റിപ്പോർട്ട്. അഴുകിയ മൃതദേഹങ്ങൾ മുൾട്ടാനിലെ പഞ്ചാബ് നിഷ്താർ ആശുപത്രിയുടെ മുകളിൽനിന്ന് ശനിയാഴ്ചയാണ് കണ്ടെത്തിയത്. മൃതദേഹങ്ങളുടെ നെഞ്ച് വെട്ടിക്കീറിയ നിലയിലും ആന്തരികാവയവങ്ങൾ നീക്കിയ നിലയിലുമായിരുന്നു.

മൃതദേഹങ്ങളിൽ വലിയ ‘സൽവാർ’ പോലുള്ള വസ്ത്രങ്ങളാണ് കണ്ടെത്തിയത്. ഇരയായവർ ബലൂചുകളോ പഷ്തൂണുകളോ ആണെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃതദേഹം പരിശോധിച്ചപ്പോൾ മലകളിലോ അതുപോലുള്ള ദുർഘടമേഖലയിലോ ജീവിച്ചവരാണെന്നു വ്യക്തമാണ്. അതേസമയം, ആശുപത്രി അധികൃതർ ഡിഎൻഎ പരിശോധന നടത്താൻ തയാറാകുന്നില്ലെന്നും വിഷയം ഒതുക്കിത്തീർക്കാനാണ് ശ്രമമെന്നും ഡോക്ടർ പറയുന്നു.

ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളിൽനിന്ന് പാക്ക് സേന തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ചൗധരി സമാൻ ഗുജ്ജറാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആശുപത്രി സന്ദർശനത്തിനിടെ ‘നിങ്ങൾക്ക് നല്ലതുചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മോർച്ചറിയിൽ ചെന്നു പരിശോധിക്കു’ എന്ന് ഒരാൾ വന്നു പറഞ്ഞുവെന്നും അതനുസരിച്ച് ചെന്നപ്പോൾ ജീവനക്കാർ മോർച്ചറി തുറക്കാൻ തയാറായില്ലെന്നും ഗുജ്ജർ അറിയിച്ചു. ഇപ്പോൾ തുറന്നില്ലെങ്കിൽ നിങ്ങൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അവർ വാതിൽ തുറന്നത്, ഗുജ്ജർ കൂട്ടിച്ചേർത്തു.

ഇത്രയധികം മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇവ മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്ന മറുപടിയാണ് ഡോക്ടർമാർ നൽകിയത്. 

അതേസമയം, സംഭവത്തിൽ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ബലൂച് വിഘടനവാദ നേതാക്കൾ ആവശ്യപ്പെട്ടു. ഡിഎൻഎ പരിശോധന നടത്തണമെന്നും ഇവർ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംഘടനയായ യുഎൻഎച്ച്ആർസിയിൽ പലവട്ടം ബലൂചുകളും പഷ്തൂണുകളും കാണാതാകുന്നതിനെക്കുറിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. 

English Summary: Do 400 Rotten Bodies in Pak Hospital Belong to Balochs, Pashtuns? Body Structure, 'Salwars' Hint at Atrocities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com