10,000 രൂപയ്ക്ക് ലേലം ചെയ്ത താടി; വിഎസ് പറഞ്ഞാൽ ജി.സുധാകരന് താടി വടിക്കുമോ?
Mail This Article
ഓർമയിൽ ഉണങ്ങാതെ കിടന്നൊരു മുറിവിന്റെ നീറ്റലിലാണ് 30 വർഷം കോൺഗ്രസ് നേതാവ് വി.കെ. ശ്രീകണ്ഠൻ താടി വളർത്തിയത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ വിജയിച്ചതിനു പിന്നാലെ ശ്രീകണ്ഠൻ ആ താടി വടിച്ചു. അന്നു ശ്രീകണ്ഠനോടു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മന്ത്രി എം.ബി. രാജേഷും കഴിഞ്ഞ ദിവസം താടിയെടുത്തു; 30 വർഷത്തോളം രാജേഷിന്റെയും അടയാളമായിരുന്നു ആ താടി. തിരഞ്ഞെടുപ്പിൽ വിജയിച്ചാലെ താടി വടിക്കൂ എന്ന ശപഥം നിറവേറ്റാനാണു ശ്രീകണ്ഠൻ താടിയെടുത്തത്. എന്നാൽ മന്ത്രി എം.ബി.രാജേഷ് താടിയെടുത്തത് ഒരു ചെയ്ഞ്ചിനാണ്. ശ്രീകണ്ഠനേക്കാൾ കടുപ്പമുള്ള താടി ശപഥങ്ങളും രാജേഷിനേക്കാൾ പഴക്കമുള്ള മുഖംമിനുക്കലുകളും ഏറെയുണ്ട് രാഷ്ട്രീയത്തിൽ. ഇഎംഎസ് സർക്കാരിനെ താഴെയിറക്കിയാലേ താടിവടിക്കൂ എന്നു പ്രഖ്യാപിച്ചൊരു മുൻ മന്ത്രിയുണ്ടായിരുന്നു കുട്ടനാട്ടിൽ. സർക്കാർ താഴെയിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ താടി ലേലത്തിൽ വിറ്റത് 10,000 രൂപയ്ക്കാണ്! സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരനുമെല്ലാം പണ്ട് നല്ല താടിക്കാരായിരുന്നു. കേരള രാഷ്ട്രീയത്തിലെ ചില ‘കൂൾ’ താടിക്കഥകളിലേക്ക്...
∙ മുഖത്തെ മുറിപ്പാട്, ശ്രീകണ്ഠന്റെ ശപഥം
എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവു മറയ്ക്കാനാണു വി.കെ.ശ്രീകണ്ഠൻ 18–ാം വയസ്സിൽ താടി വളർത്താൻ തുടങ്ങിയത്. ഷൊർണൂർ എസ്എൻ കോളജിൽ പഠിക്കുന്ന കാലം. ശ്രീകണ്ഠൻ അന്നു കെഎസ്‌യു ഭാരവാഹിയാണ്. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം കോളജിൽ നടന്നു. അക്രമികളിലൊരാൾ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്തു കുത്തി. ആശുപത്രിയിലെ ഐസിയുവിൽനിന്ന് എത്തിയത് 13 തുന്നലുമായാണ്. മുഖത്ത് ‘എൽ’ ആകൃതിയിൽ മുറിപ്പാട് മായാതെ കിടന്നു. കവിളിൽ തുന്നിക്കെട്ടുള്ളതിനാൽ കുറച്ചു കാലത്തേക്കു താടി വടിക്കേണ്ടെന്നു ഡോക്ടർമാർ ഉപദേശിച്ചു. അക്രമത്തിന്റെ ഓർമയെന്നോണം പിന്നീടുള്ള കാലം താടി വളർത്താൻ ശ്രീകണ്ഠൻ തീരുമാനിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നു താടി വടിക്കുമെന്നു ചോദിച്ചു. തന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോൽപ്പിക്കുന്ന ദിവസം എന്നായിരുന്നു മറുപടി.
കുറച്ചു കൂടി വളർന്നു കോൺഗ്രസ് നേതാവായപ്പോൾ, പാലക്കാട് ജില്ലയിലെ സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ തന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിജയം നേടിയാൽ താടിയെടുക്കും എന്നു ശ്രീകണ്ഠൻ ആ പ്രതിജ്ഞ പുതുക്കി. 1996 മുതൽ ഇടതുപക്ഷം മാത്രം വിജയിച്ച പാലക്കാട് ലോക്സഭാ മണ്ഡലം 2019 ൽ തിരിച്ചുപിടിച്ചു ശ്രീകണ്ഠൻ ആ ശപഥം നിറവേറ്റി. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആഘോഷമായിട്ടായിരുന്നു താടിയെടുക്കൽ. പ്രതിജ്ഞ നിറവേറ്റിയെങ്കിലും അധികം വൈകാതെ 30 വർഷമായി ശീലിച്ച പഴയ മുഖത്തിലേക്കു ശ്രീകണ്ഠൻ മടങ്ങി.
∙ കാനത്തിന്റെ താടിയെടുത്ത അപകടം
വിദ്യാർഥി നേതാവായിരുന്നു കാലം മുതലേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മുഖത്ത് ആ താടിയുണ്ടായിരുന്നു. 25–ാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായപ്പോഴേക്കും താടിക്ക് കട്ടി കൂടി. ക്ഷുഭിതയൗവനങ്ങളൊക്കെ താടി വളർത്തിയ കാലം. 1982 ലും 87 ലും വാഴൂരിൽനിന്നു മത്സരിച്ച് നിയമസഭയിൽ എത്തിയതും താടിക്കാരനായ കാനം രാജേന്ദ്രനാണ്. പക്ഷേ ഇരുപതു വർഷമായി നമ്മൾ കാണുന്നത് താടിയില്ലാത്ത കാനത്തെയാണ്.
ഇരുപതു വർഷം മുൻപ് പീരുമേട് വച്ചുണ്ടായ ഒരപകടമാണ് കാനം രാജേന്ദ്രന്റെ താടിയെടുത്തത്. കാനം അന്ന് എഐടിയുസിയുടെ നേതാവാണ്. മൂന്നാറിൽ പ്ലാന്റേഷൻ തൊഴിലാളി യൂണിയന്റെ ദേശീയ സമ്മേളനം കഴിഞ്ഞു കോട്ടയത്തേക്കു മടങ്ങുകയായിരുന്നു. കനത്ത മഴ. പീരുമേട്ടിൽ എന്തോ ആവശ്യത്തിനിറങ്ങിയതാണ്. ഇറങ്ങുമ്പോൾ കാലൊന്നു വഴുതി. വീഴ്ചയിൽ കാനത്തിന്റെ കാലൊടിഞ്ഞു. തലയിലും മുറിവ് പറ്റി. തലയിൽ മുറിവ് തുന്നാനായി ആശുപത്രിയിൽ വച്ചു തല മൊട്ടയടിച്ചു. ആ കൂട്ടത്തിൽ താടിയും വടിച്ചു. പുതിയ മുഖം കണ്ടപ്പോൾ ഇതു കൊള്ളാമല്ലോ എന്നു തോന്നിയതുകൊണ്ട് അതങ്ങു തുടർന്നെന്നു കാനം. ‘പക്ഷേ ഇപ്പോൾ തോന്നുന്നു താടിയുള്ളതായിരുന്നു നല്ലതെന്ന്. ഈ തിരക്കിനിടയിൽ ദിവസവും ഷേവ് ചെയ്യുന്ന പണി ഒഴിവാക്കാമല്ലോ’’–കാനം ചിരിക്കുന്നു.
∙ വിഎസ് പറഞ്ഞു, സുധാകരൻ താടി വടിച്ചു
എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്ന ജി.സുധാകരൻ അടിയന്തരാവസ്ഥക്കാലത്താണ് താടി വളർത്തിത്തുടങ്ങിയത്. 1996 ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ കായംകുളം മണ്ഡലത്തിൽ നിറഞ്ഞ പോസ്റ്ററുകളിലെല്ലാം താടിയുള്ള സുധാകരനായിരുന്നു. 2001 ൽ കായംകുളത്തു നിന്നു രണ്ടാമതു മത്സരിക്കുമ്പോഴും താടിയുണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പിൽ നിസ്സാരവോട്ടുകൾക്കു പരാജയപ്പെട്ടതിനു ശേഷമാണ് സുധാകരൻ താടി വടിച്ചത്. എന്നാൽ കാൽനൂറ്റാണ്ടു കൂടെയുണ്ടായിരുന്ന താടി ഉപേക്ഷിച്ചതിനു തിരഞ്ഞെടുപ്പിലെ തോൽവിയുമായി ഒരു ബന്ധവുമില്ലെന്നു സുധാകരൻ പറയുന്നു.
‘‘എനിക്കു താടി ചേരില്ലെന്നു വി.എസ്.അച്യുതാനന്ദൻ കാണുമ്പോഴൊക്കെ പറയുമായിരുന്നു. താടിയെടുക്കണം എന്നുതന്നെ പറയും ചിലപ്പോൾ. 2001 ലെ തിരഞ്ഞെടുപ്പിനു ശേഷം ഒരു ദിവസം താടിയെടുക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപക്ഷേ വിഎസിന്റെ വാക്കുകളായിരിക്കാം പ്രചോദനം.’’–സുധാകരൻ പറഞ്ഞു. അന്ന് ആലപ്പുഴയിൽ വിഎസിന്റെ മനസാക്ഷിയായിരുന്നു സുധാകരൻ. താടി വടിച്ചത് നന്നായി എന്നു പിന്നീട് തോന്നിയിട്ടുണ്ട്. അതിനു ശേഷം എല്ലാ ദിവസവും ഷേവ് ചെയ്യും. പിന്നെ, താടി വടിച്ചു കണ്ടപ്പോൾ വിഎസും പറഞ്ഞു, ഇതാണു ഭംഗിയെന്ന്.!
∙ താടി വളർത്തിയ വാശി, താടിക്കായി ലേലം
1977 ലെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്ന കേരള കോൺഗ്രസ് നേതാവ് ഇ.ജോൺ ജേക്കബിന്റെ താടി വളർത്തിയതു വാശിയാണ്. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സൈന്യത്തിന്റെ മാതൃകയിൽ ‘നിരണം പട’ രൂപീകരിച്ച നേതാവാണ് ജോൺ ജേക്കബ്. കുട്ടനാട്ടിലെ അസംഘടിത കർഷകരുടെ കൂട്ടായ്‌മായ അഖില കുട്ടനാട് കർഷക സംഘത്തിന്റെ തലവൻ. 1967 ൽ തിരുവല്ല എംഎൽഎ ആയിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ വാശി വളർത്തിയ ആ സംഭവമുണ്ടായത്. കൃഷിക്കാർക്കു സ്വന്തം സ്‌ഥലത്തു കൊയ്‌ത്തു നടത്താനുള്ള സമയവും കൊയ്‌ത്തിനു വേണ്ട ആളുകളെയും തീരുമാനിക്കാനുള്ള അവകാശം ചോദ്യംചെയ്യപ്പെട്ടിരുന്ന കാലം. ജോൺ ജേക്കബ് കർഷകരുടെ പക്ഷത്തായിരുന്നു. സംസ്ഥാനം ഭരിച്ചിരുന്ന ഇഎംഎസ് സർക്കാർ കർഷകത്തൊഴിലാളികളുടെ കൂടെയും.
കൊയ്ത്തുമായി ബന്ധപ്പെട്ടു കർഷകരും കർഷകത്തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായി കർഷകരുടെ നേതാവായിരുന്ന ജോൺ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. ജയിൽ ജീവിതം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ താടി വളർന്നു തുടങ്ങിയിരുന്നു. പുറത്തിറങ്ങി ജോൺ ജേക്കബ് പ്രഖ്യാപിച്ചു. ‘‘ഇഎംഎസ് മന്ത്രിസഭ മാറാതെ താടിയെടുക്കില്ല’’. അദ്ദേഹത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഒന്നര വർഷത്തിനുള്ളിൽ മന്ത്രിസഭ താഴെ വീണു. താടിയെടുക്കൽ ആഘോഷമാക്കാൻ കേരള കോൺഗ്രസ് പ്രവർത്തകർ തീരുമാനിച്ചു. എടത്വ പള്ളിയുടെ മൈതാനമാണ് ആ ആഘോഷത്തിനായി തിരഞ്ഞെടുത്തത്. നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ജോൺ ജേക്കബിനെ അവിടേക്ക് ആനയിച്ചു. ജനക്കൂട്ടത്തിനു നടുവിൽ ആഘോഷമായി ജേക്കബ് ജോൺ ആ വാശി വടിച്ചു കളഞ്ഞു. തീർന്നില്ല, ആ താടി വെറുതേ കളയരുതെന്നു പ്രവർത്തകർക്ക് നിർബന്ധം. ലേലം നടത്തി വിൽക്കാൻ തീരുമാനിച്ചു. ലേലത്തിലും വാശിയേറിയതോടെ തുക കൂടിക്കൂടി വന്നു. ഒടുവിൽ തിരുവല്ല മാർത്തോമ കോളജിലെ കെഎസ്‌സി പ്രവർത്തകർ ആ താടി സ്വന്തമാക്കി– 10,000 രൂപയ്ക്ക്!
∙ മുഖത്തു ചവിട്ടിയ പൊലീസും എംഎൽഎയുടെ താടിയും
മുഖത്തെ മുറിവു കാരണമാണ് വി.കെ.ശ്രീകണ്ഠൻ എംപി താടി വളർത്തിയതെങ്കിൽ വർഷങ്ങൾക്കു മുൻപ് മുഖത്തേറ്റ ഒരു ചവിട്ടാണ് വർക്കല എംഎൽഎ വി.ജോയിയുടെ താടി വടിപ്പിച്ചത്. 1993 ൽ എസ്എഫ്ഐ ജില്ലാ ഭാരവാഹിയായിരിക്കെ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിലാണ് ജോയിയുടെ മുഖത്ത് പൊലീസിന്റെ ചവിട്ടേൽക്കുന്നത്. താടിയെല്ലിനും കഴുത്തിനും ക്ഷതമുണ്ടായി. ചികിത്സ നടത്തിയെങ്കിലും മുഖത്തും കഴുത്തിലുമെല്ലാം ഇടയ്ക്കിടെ വേദന വരും. കട്ടിയുള്ള ഭക്ഷണം കഴിക്കുമ്പോൾ കീഴ്ത്താടിയിൽ കടുത്ത വേദന. വർഷങ്ങൾ കഴിഞ്ഞിട്ടും വേദന വിട്ടുമാറാതായതോടെ കഴിഞ്ഞ വർഷം ആയുർവേദ നടത്താൻ തീരുമാനിച്ചു. കുഴമ്പും എണ്ണയും കീഴ്ത്താടിയിൽ കെട്ടിവച്ചാണ് ചികിത്സ. ഇതിനു താടി തടസ്സമായി. അങ്ങനെ പരുക്കു പറ്റി 28 വർഷത്തിനു ശേഷം ചികിത്സയ്ക്കായി വി.ജോയി താടി വടിച്ചു.
ചെമ്പഴന്തി ശ്രീനാരായണ കോളജിൽ ഡിഗ്രിക്കു പഠിക്കുന്ന കാലം മുതൽ ജോയിക്ക് താടിയുണ്ട്. അഴൂരിൽ വട്ടം പഞ്ചായത്ത് പ്രസിഡന്റും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാപഞ്ചായത്തംഗവും ആയപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന താടിയാണ്. സ്ഥിരമായി മുടിവെട്ടുന്ന ഷൈജുവിനോടു താടിയെടുക്കാൻ പറഞ്ഞപ്പോൾ ആദ്യമൊന്നു മടിച്ചെന്നു ജോയി പറയുന്നു. 2021 സെപ്റ്റംബറിലാണ് താടിയെടുത്തത്. ചികിത്സ പൂർത്തിയായതോടെ വീണ്ടും താടി വളർത്തിത്തുടങ്ങി.
∙ എയർപോർട്ടിലെ ചെക്കിങ്ങും മുകുൾ വാസ്നിക്കിന്റെ കമന്റും
കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാറിന്റെ താടിക്കു പിന്നിൽ തിരുവനന്തപുരം വിമാനത്താവള ജീവനക്കാരും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികുമാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും പിന്നീട് കെപിസിസിയുടെ ജനറൽ സെക്രട്ടറിയും ആയപ്പോഴൊന്നും അനിൽകുമാറിന്റെ മുഖത്ത് ഈ താടിയുണ്ടായിരുന്നില്ല. വെട്ടിയൊതുക്കിയ മീശ മാത്രമായിരുന്നു മുഖത്തിന്റെ ഐശ്വര്യം. നാലു വർഷം മുൻപ് കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരിക്കുന്ന സമയം. ഡൽഹിയിൽ ഒരു യോഗത്തിനു പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ബാഗ് പരിശോധനയ്ക്കിടെ അനിൽകുമാറിന്റെ ഷേവിങ് കിറ്റ് വിമാനത്താവള ജീവനക്കാർ തടഞ്ഞു. കത്രികയും മറ്റും കൊണ്ടുപോകാൻ കഴിയില്ലെന്നു വന്നതോടെ അനിൽകുമാർ ഷേവിങ് കിറ്റ് തന്നെ അവിടെ ഉപേക്ഷിച്ചു.
ഡൽഹിയിൽ എത്തിയ ശേഷം പുതിയ ഷേവിങ് കിറ്റ് വാങ്ങാൻ തീരുമാനിച്ചു. ഡൽഹിയിലെത്തിയതു പുലർച്ചെയാണ്. തണുപ്പുകാലമായതിനാൽ കടകൾ വൈകിയാണ് തുറക്കുക. ഒരാഴ്ചയോളം ഡൽഹിയിലുണ്ടായിരുന്നെങ്കിലും തിരക്കിൽ പെട്ട് ഷേവിങ് കിറ്റിന്റെ കാര്യം മറന്നു. മുഖത്തു താടി വലുതായി. ഒരു ദിവസം എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു. ‘അനിലിന് ഇതാണ് ഭംഗി’. കണ്ണാടി നോക്കിയപ്പോൾ തനിക്കും അതു തോന്നിയതു കൊണ്ടാണ് മുഖത്ത് ഇപ്പോഴും ഈ താടിയുള്ളതെന്ന് അനിൽകുമാർ പറയുന്നു. നിലവിൽ ഒഡെപെക് ചെയർമാനാണ് അനിൽകുമാർ.
∙ നരച്ച താടിക്കു ലാൽസലാം; പരീക്ഷണമെന്നു രാജേഷ്
‘‘താടി ഉപേക്ഷിച്ചിട്ടൊന്നുമില്ല. താടി അങ്ങനെ ഉപേക്ഷിക്കാനൊന്നും പറ്റില്ല. ഒരു പരീക്ഷണം നടത്തിനോക്കിയതാണ്’’– മന്ത്രി എം.ബി. രാജേഷ് പറയുന്നു. എന്നാലും 30 വർഷമായി കൂടെയുള്ള ആ താടി വടിച്ചൊരു പരീക്ഷണത്തിന് കാരണമെന്താണ്? ‘‘തലയേക്കാൾ വേഗത്തിൽ താടി നരയ്ക്കുന്നു. ആ പൊരുത്തക്കേട് മാറ്റാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കാൻ താൽപര്യമില്ല. അതുകൊണ്ട് അധികം ആലോചിക്കാതെ ആ താടിയങ്ങു മാറ്റി’’. സംഗതി ശരിയാണ്. താടി വടിച്ച രാജേഷ് കാഴ്ചയിൽ കൂടുതൽ ചെറുപ്പമായെന്നു സുഹൃത്തുക്കൾ പറയുന്നു. താടിയായിരുന്നു കൂടുതൽ നരച്ചത്. തലയിൽ അവിടവിടെ ചില വെള്ളിനാരുകൾ മാത്രം. താടി പോയപ്പോൾ മൊത്തത്തിലുള്ള നര കുറഞ്ഞു. കവിളിൽ നുള്ളിയാണ് ഹൈബി ഈഡൻ എംപി താടി വടിച്ച രാജേഷിനെ സ്വീകരിച്ചത്.
1992 ൽ പിജി പഠനകാലത്ത് സ്റ്റഡി ലീവിനാണ് എം.ബി.രാജേഷ് താടി വളർത്തിത്തുടങ്ങിയത്. പിന്നെയതു സ്റ്റൈലിന്റെ ഭാഗമായി. പഠനകാലത്തു താടി വളർത്തിയ ആ എസ്എഫ്ഐക്കാരൻ വളർന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും രണ്ടു വട്ടം പാലക്കാട് എംപിയുമായി. തൃത്താല മണ്ഡലം യുഡിഎഫിൽനിന്നു തിരിച്ചു പിടിച്ചു. നിയമസഭയിലെ സ്പീക്കറുടെ കസേരയിലെത്തിയപ്പോൾ ആ താടി ഗൗരവത്തിനു യോജിച്ചു. സ്പീക്കർ കസേര വിട്ടു മന്ത്രിയായപ്പോഴാണ് തൽക്കാലത്തേക്കു താടി ഉപേക്ഷിച്ചുള്ള മേക്ക് ഓവർ.
കോവിഡ് കാലത്ത് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് എം.ബി.രാജേഷ് താടി വടിച്ചിരുന്നു. അതു പക്ഷേ പുറത്താരും കണ്ടില്ല. ലോക്ഡൗൺ കഴിഞ്ഞു പുറത്തിറങ്ങാറായപ്പോഴേക്കും താടി വളർന്നു. താടി വടിച്ചതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമായിരുന്നുവെന്ന് രാജേഷ് പറയുന്നു. അച്ഛനെ കുറച്ചുകൂടി ചെറുപ്പമായി കണ്ടതിലുള്ള സന്തോഷമായിരുന്നു ഇളയ മകൾക്ക്. മൂത്ത മകൾ പക്ഷേ കരുണയില്ലാതെ വിമർശിച്ചു. എല്ലാ പ്രതികരണങ്ങളോടും രാജേഷിന് ഒറ്റ മറുപടിയേയുള്ളു ‘‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’’. താടിയുടെ ഒപ്പം തലയും നരച്ചു തുടങ്ങുന്ന കാലത്ത് ചിലപ്പോൾ വീണ്ടും ഈ താടി തിരിച്ചുവന്നേക്കാം.
തിരഞ്ഞെടുപ്പ് ജയിച്ചപ്പോൾ താടി വടിച്ച വി.കെ.ശ്രീകണ്ഠനും അന്നു ശ്രീകണ്ഠനോടു തോറ്റ് പിന്നെ മന്ത്രിയായപ്പോൾ താടി വടിച്ച എം.ബി.രാജേഷും സഹപാഠികളായിരുന്നു. ഷൊർണൂർ എസ്എൻ കോളജിൽ ഇരുവരും ഒരു ക്ലാസിലാണ് പ്രീഡിഗ്രിക്കു പഠിച്ചത്. അന്നു പക്ഷേ രണ്ടു പേർക്കും താടിയില്ലായിരുന്നു.
English Summary: Accidents, Zings, Political Rivalry...; Interesting Beard Stories of Politicians