ADVERTISEMENT

101 രാപകലുകൾകൊണ്ട് തയാറാക്കുന്നൊരു ഔഷധമുണ്ട് ആയുർവേദത്തിൽ– ക്ഷീരബല. വാതത്തിനുള്ള ഉത്തമൗഷധം. ക്ഷീരബലയുടെ വീര്യം തയാറെടുപ്പിന്റെ കാലദൈർഘ്യമാണെങ്കിൽ, പ്രായത്തിന്റെ മൂപ്പാണു മല്ലികാർജുൻ ഖർഗെയുടെ ബലം. മാറ്റത്തിന്റെ വക്താവായി ശശി തരൂർ (66) എതിരുനിന്നിട്ടും എൺപതു വയസ്സുകാരനായ ഖർഗെ പതറാതിരുന്നത് ഈ അനുഭവക്കരുത്തിലാണ്. ജരാനര ബാധിക്കാത്ത ആശയങ്ങളും സന്നാഹങ്ങളുമായി, അസംഖ്യം യുവതയെ ആവേശഭരിതരാക്കി ആനയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഖർഗെയെ കാത്തിരിക്കുന്നത്.

ഉത്തമനായ നായകനെ ആഘോഷിക്കുന്ന സിനിമ പോലെയാണു ഖർഗെയുടെ ജീവിതം. ആദർശങ്ങളാണ് എന്നും സമ്പാദ്യം. വിദ്യാർഥി ആയിരിക്കുമ്പോഴേ രാഷ്ട്രീയത്തെ നെഞ്ചിലേറ്റി. ക്ലാസ് മുറിയിലെ പഠിപ്പിനേക്കാൾ പ്രയോഗത്തിലായിരുന്നു താൽപര്യം. ഒറ്റക്കാലിൽ നിൽക്കുന്നതും ഒപ്പമുള്ളവരെ‌ സഹായിക്കുന്നതും ചെറുപ്പംതൊട്ടേ ശീലമാക്കി. ലോ കോളജിൽ പഠിക്കുമ്പോൾ, സാമ്പത്തിക പ്രയാസം മറികടക്കാൻ സിനിമാ തിയറ്ററിലെ ജോലിക്കാരനായി. ജീവിതമെന്ന റീൽ കറങ്ങിക്കറങ്ങി പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, 137 വർഷം പാരമ്പര്യമുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അമരത്താണ് ഇപ്പോൾ ആ നായകൻ. ലക്ഷക്കണക്കിന് അണികളുടെ ക്യാപ്റ്റൻ!

മൂന്നു തവണ കർണാടക മുഖ്യമന്ത്രി പദം കൈവെള്ളയിൽനിന്നു തെന്നിമാറിയിട്ടുണ്ട് ഖർഗെയ്ക്ക്. അന്നത്തെ ആഭ്യന്തര മത്സരങ്ങളിൽ പരാജയപ്പെട്ട മനുഷ്യൻ ഇന്നു കോൺഗ്രസിനെ ദേശീയ തലത്തിൽ നയിക്കാൻ പോകുന്നു. കാലം കാത്തുവച്ച അദ്ഭുതം എന്നേ ഖർഗെ‌യ്ക്കു തോന്നൂ. 1999, 2004, 2013 വർഷങ്ങളിലാണു മുഖ്യമന്ത്രിപദം ഖർഗെയ്ക്കു തൊട്ടടുത്തെത്തിയത്. ഗാന്ധി കുടുംബത്തിന്റെ ഉറച്ച വിശ്വസ്തനായിട്ടും ആ മോഹം സഫലമായില്ല. പക്ഷേ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല, വിമതസ്വരം ഉയർത്തിയുമില്ല. കോൺഗ്രസിന്റെ ഏറ്റവും പ്രമുഖ ദലിത് മുഖങ്ങളിലൊന്നായി, നിയമസഭയിലും പാർലമെന്റിലും പാർട്ടിയുടെ നാവായി പോരാടിക്കൊണ്ടേയിരുന്നു.

kharge-win-celebration-1
മല്ലികാർജുൻ ഖർഗെയുടെ വിജയം ആഘോഷിക്കുന്നവർ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

ഗാന്ധി കുടുംബത്തിന്റെ അനുഗ്രഹാശിസ്സോടെ ദേശീയ അധ്യക്ഷ പദവിയിലേക്കു നടന്നു കയറുമ്പോൾ, മുൻ വിദ്യാർഥി നേതാവും ഗുൽബർഗ സിറ്റി കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമായ, 9 തവണ എംഎൽഎ ആയിരുന്ന ഖർഗെ എന്തെല്ലാമാകും ചിന്തിക്കുക? ‌വൻ അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നോ? ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്നോ? 24 കൊല്ലത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ പാർട്ടിയെ നയിക്കുന്നത്. ഹിന്ദിയിൽ പ്രാവീണ്യമുള്ള ഖർഗെ, സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് അധ്യക്ഷനാകുന്ന ആറാമത്തെ ദക്ഷിണേന്ത്യൻ നേതാവാണ്. ബി.പട്ടാഭി സീതാരാമയ്യ, എൻ.സഞ്ജീവ റെഡ്ഡി, കെ.കാമരാജ്, എസ്.നിജലിംഗപ്പ, പി.വി.നരസിംഹ റാവു എന്നിവരുടെ പിൻഗാമി.

1942ൽ ഗുൽബർഗ ജില്ലയിലെ വാർവാട്ടിയിൽ മാപ്പണ്ണയുടെയും സായിബവ്വയുടെയും മകനായി ദരിദ്ര കുടുംബത്തിലാണു ജനനം. രാധാഭായിയാണ് ജീവിതസഖി. ഖർഗെ–രാധാഭായി ദമ്പതിമാർക്ക് 5 മക്കളുണ്ട്; പ്രിയങ്ക്, രാഹുൽ, മിലിന്ദ്, പ്രിയദർശിനി, ജയശ്രീ. കോൺഗ്രസ് എംഎൽഎയും മുൻ കർണാടക മന്ത്രിയുമായ പ്രിയങ്ക് ഒഴികെ മറ്റെല്ലാ മക്കളും രാഷ്ട്രീയത്തിൽനിന്ന് അകന്നുകഴിയുന്നു. നെഹ്‌റു-ഗാന്ധി കുടുംബാംഗങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണു ഖർഗെ മക്കൾക്കു പേരിട്ടതെന്നാണു പ്രചരിക്കുന്ന കഥ.

സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ
സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ

1969ൽ ഗുൽബർഗയിലെ സിറ്റി കോൺഗ്രസ് പ്രസിഡന്റായി നിയമിതനായതുതൊട്ടു സംസ്ഥാന രാഷ്ട്രീയമായിരുന്നു ദീർഘകാലം തട്ടകം. 1972ൽ നിയമസഭയിലേക്കു മത്സരിച്ചു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ചു. 8 തവണ തുടരൻ ജയം‌. 1976ൽ ദേവരാജ് അർസ് സർക്കാരിൽ ആദ്യമായി മന്ത്രിയായി. ഇന്ദിരാ ഗാന്ധിയുമായുള്ള അസ്വാരസ്യത്തെ തുടർന്ന് എഴുപതുകളുടെ അവസാനം അർസ് പാർട്ടി വിട്ടപ്പോൾ ഖർഗെയും ഒപ്പംപോയി. ഖർഗെയുടെ ആദ്യത്തെയും അവസാനത്തെയും വിമതനീക്കം. 1980ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അർസ് കോൺഗ്രസ‌് പരാജയം രുചിച്ചതോടെ ഖർഗെ കോൺഗ്രസിലേക്കു മടങ്ങിയെത്തി.

കർണാടകയിൽ ഗുണ്ടുറാവു, എസ്.ബംഗാരപ്പ, എം.വീരപ്പ മൊയ്‌ലി എന്ന‌ിവരുടെ മന്ത്രിസഭകളിലെല്ലാം ഖർഗെ അംഗമായി. രണ്ടു പ്രാവശ്യം പ്രതിപക്ഷ നേതാവായി. 2005-2008 കാലയളവിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായും തിളങ്ങി. 2009ൽ ആദ്യമായി ലോക്സഭയിൽ എത്തിയതോടെ ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റി. കേന്ദ്രത്തിൽ മൻമോഹൻ സിങ് സർക്കാരിൽ തൊഴിൽ മന്ത്രിയായ ഖർഗെയ്ക്കു പിന്നീട് റെയിൽവേ, സാമൂഹികനീതി, ശാക്തീകരണം എന്നീ വകുപ്പുകളും ലഭിച്ചു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തരംഗത്തിൽ ബിജെപിക്കു മുന്നിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ട വേളയിലാണു വലിയ അവസരം ഖർഗെയ്ക്കു കൈവന്നത്.

ലോക്‌സഭയിൽ കേവലം 44 അംഗങ്ങളായി കോൺഗ്രസ് ചുരുങ്ങിയപ്പോൾ, സഭാനേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ഖർഗെയായിരുന്നു. അന്നു മഹാഭാരതത്തെ ഉദ്ധരിച്ചു ഖർഗെ പറഞ്ഞ വാക്കുകൾ പാർട്ടിക്കു പിടിവള്ളിയായി: ‘‘ലോക്സഭയിൽ ഞങ്ങൾ 44 അംഗങ്ങളായിരിക്കാം. പക്ഷേ, 100 കൗരവർക്ക് ഒരിക്കലും പാണ്ഡവരെ ഭയപ്പെടുത്താനാവില്ല. അന്തിമവിജയം പാണ്ഡവരുടേതാണ്’’. തുടർന്നുള്ള 5 വർഷം ലോക്സഭയിൽ പാർട്ടിക്കായി ഖർഗെ പോരാടി. തന്റെ തിരഞ്ഞെടുപ്പു ജീവിതത്തിൽ ആദ്യമായി, 2019‌ൽ, ഖർഗെ തോറ്റു. വിശ്വസ്തനായ സേനാധിപനെ രാജ്യസഭയിലേക്കു കൊണ്ടുവന്നാണു കോൺഗ്രസ് സ്നേഹം അറിയിച്ചത്; പിന്നീടു രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമാക്കി.

**EDS: RPT, DELETES OM BIRLA**New Delhi: Prime Minister Narendra Modi with Defence Minister Rajnath Singh, Congress interim President Sonia Gandhi, Mallikarjun Kharge and Bhupinder Singh Hooda while paying tribute to Mahatma Gandhi on his birth anniversary, at Central Hall of Parliament, in New Delhi, Sunday, Oct. 2, 2022. (PTI Photo/Arun Sharma)   (PTI10_02_2022_000110A)
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിങ്, സോണിയ ഗാന്ധി എന്നിവർക്കൊപ്പം മല്ലികാർജുൻ ഖർഗെ

ബുദ്ധമതം പിന്തുടരുന്ന ഖർഗെ സൗമ്യനും മൃദുഭാഷിയും ശാന്തനുമാണ്. അരനൂറ്റാണ്ടിലേറെയായി പൊതു–രാഷ്ട്രീയ ജീവിതം നയിക്കുകയാണെങ്കിലും വിവാദങ്ങളുടെ ചെളി പുരണ്ടിട്ടില്ലെന്നത് ശ്രദ്ധേയം. നിയമത്തിൽ ബിരുദമെടുത്ത് അഭിഭാഷകനായ അദ്ദേഹം ചെറുപ്പത്തിലേ മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറിയിരുന്നു. ജഗ്ജീവൻ റാമിനു‌ (1970–71) ശേഷം അരനൂറ്റാണ്ട് പിന്നിടുമ്പോൾ കോൺഗ്രസിനു ലഭിച്ച മറ്റൊരു ദലിത് അധ്യക്ഷനാണു ഖർഗെ. അവസരങ്ങൾ കിട്ടിയാലും ഇല്ലെങ്കിലും എക്കാലത്തും ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായിരുന്നു.

കപിൽ സിബൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ വിമതശബ്ദം ഉയർത്തിയപ്പോൾ ഖർഗെ എതിർത്തു. ‘‘കോൺഗ്രസിനെയോ സോണിയാ ഗാന്ധിയെയോ ദുർബലപ്പെടുത്താൻ ആർക്കും കഴിയില്ല’’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ഗുലാം നബി ആസാദിന്റെ പകരക്കാരനായി രാജ്യസഭാ പ്രതിപക്ഷ നേതാവായി ഖർഗെയെ നിയോഗിച്ചത് അകമഴിഞ്ഞ പിന്തുണയ്ക്കുള്ള പ്രത്യുപകാരമായിരുന്നു. ഈ പ്രായത്തിലും ഒത്തുതീർപ്പില്ലാത്ത കഠിനാധ്വാനിയും ശ്രദ്ധാലുവും അറിവുള്ളവനുമാണ് അദ്ദേഹം. പ്രശ്നങ്ങളുടെ രാഷ്ട്രീയതലങ്ങൾ അതിവേഗം മനസ്സിലാക്കാനുള്ള ശേഷിയുണ്ടെന്നും സഹപ്രവർത്തകരുടെ സാക്ഷ്യപത്രം.

mallikarjun-kharge
മല്ലികാർജുൻ ഖർഗെ

സാമൂഹിക പരിഷ്കർത്താവായ ‍ഡോ.ബി.ആർ.അംബേദ്കറെ ആരാധിക്കുന്ന ഖർഗെയ്ക്കു പക്ഷേ, തന്റെ ദലിത് പശ്ചാത്തലത്താൽ മാത്രം അറിയപ്പെടാൻ താൽപര്യമില്ലെന്നു തുറന്നുപറഞ്ഞിട്ടുണ്ട്. ‘‘ഞാനൊരു ദലിതനാണ്, അത് സത്യമാണ്. എന്റെ കഴിവും കഠിനാധ്വാനവും കൊണ്ടാണ് ഞാനിവിടെ എത്തിയത്. വിവിധ ജാതി, മത വിഭാഗങ്ങൾ എന്നെ പിന്തുണച്ചിട്ടുണ്ട്. എന്നെ കോൺഗ്രസ് നേതാവ് എന്നോ ജനങ്ങളുടെ നേതാവ് എന്നോ വിളിക്കൂ. വെറുമൊരു ദലിത് നേതാവല്ല ഞാൻ’’– ഖർഗെയുടെ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്ന വാചകങ്ങളാണിത്.

ജാതി വ്യവസ്ഥയെയും വിവേചനങ്ങളെയും നിരാകരിക്കുന്ന ഈ നേതാവ് ഉറച്ച മതേതര നിലപാടുള്ളയാളുമാണ്. പലപ്പോഴും ബിജെപിയുടെയും സംഘപരിവാറിന്റെയും രോഷത്തിന് ഇരയായിട്ടുള്ള ഖർഗെ തന്റെ വിമർശനത്തിന്റെ മൂർച്ച കുറച്ചിട്ടുമില്ല. നേരത്തേ, നിസാമുകൾ ഭരിച്ചിരുന്ന പഴയ ഹൈദരാബാദ്-കർണാടക മേഖലയിലുള്ള ബിദാർ ജില്ലയിലെ ഭാൽക്കി താലൂക്കിലാണു ഖർഗെയുടെ കുടുംബവേര്. ഏഴു വയസ്സുള്ളപ്പോൾ, വർഗീയ കലാപത്തെതുടർന്ന്, കുടുംബം അയൽനാടായ കലബുറഗിയിലേക്കു (മുൻപ് ഗുൽബർഗ) മാറാൻ നിർബന്ധിതരായി.

മല്ലികാർജുൻ ഖാർഗെ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ സമീപം അശോക് ഗെലോട്ട്. ചിത്രം: twitter/ashokgehlot51
മല്ലികാർജുൻ ഖാർഗെ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ സമീപം അശോക് ഗെലോട്ട്. ചിത്രം: twitter/ashokgehlot51

കലാപത്തിൽ അമ്മ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ സംഭവങ്ങളാൽ സ്വാധീനിക്കപ്പെട്ടാണു ഖർഗെ കടുത്ത മതേതരനായത് എന്നു സുഹൃത്തുക്കൾ പറയുന്നു. ചെറുപ്പംതൊട്ടേ വായനാശീലമുണ്ട്. തന്നെത്തന്നെ മുൻനിരയിലേക്ക് ആനയിക്കാനും സ്ഥാനമാനങ്ങൾക്കായി തന്ത്രങ്ങൾ മെനയാനും മടിയുള്ള കൂട്ടത്തിലാണ്. പാർലമെന്റിൽ മുഴുവൻ സെഷനുകളിലും ഇരിക്കുന്ന ചുരുക്കം ജനപ്രതിനിധികളിലൊരാളാണ് എന്ന പ്രത്യേകതയുമുണ്ട്.

കർണാടകയിൽനിന്നു കോൺഗ്രസ് അധ്യക്ഷനാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഖർഗെ. 1968ൽ അധ്യക്ഷനായ എസ്.നിജലിംഗപ്പയാണ് എഐസിസി അധ്യക്ഷ പദവിയിലെത്തിയ ആദ്യ കർണാടകക്കാരൻ. മത്സരിച്ച 12 തിരഞ്ഞെടുപ്പുകളിൽ പതിനൊന്നിലും ജയിച്ച ഖർഗെയെ ‘തോൽക്കാത്ത തലവൻ’ എന്നാണ് അനുയായികൾ വിശേഷിപ്പിക്കുന്നത്. 1972ൽ ഗുർമീത്കൽ മണ്ഡലത്തിൽ തുടങ്ങിയ നിയമസഭാ വിജയം എട്ടു തവണ ആവർത്തിച്ചു. 2008ൽ ചിത്തപ്പുരിലും വിജയിച്ച ഖർഗെയെ കോൺഗ്രസ് 2009ൽ ഗുൽബർഗയിൽനിന്ന് ലോക്സഭയിലേക്ക് അയച്ചു. 2014ലും വിജയഭേരി മുഴക്കി. 2019ലാണ് ഖർഗെ ആദ്യമായി തോറ്റത്. തന്റെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന ഉമേഷ് ജാദവിനോടായിരുന്നു ആ തോൽവി എന്നതാണു കൗതുകകരം.

MALLIKARJUN-KHARGE
മല്ലികാർജുൻ ഖർഗെ

അഭിഭാഷകനായിരിക്കെ, തൊഴിലാളി സംഘടനകളെ സഹായിക്കാനായി തൊഴിൽ സംബന്ധമായ കേസുകൾ ഏറ്റെടുക്കുന്നതിൽ ഖർഗെ സജീവമായിരുന്നു. പിന്നീട് സുപ്രീം കോടതി ജഡ്ജിയായ ശിവരാജ് പാട്ടീലിന്റെ കീഴിലായിരുന്നു പ്രാക്ടീസ്. ചെറുപ്പത്തിൽ കബഡിയും ഹോക്കിയും ഫുട്ബോളും കളിക്കാൻ വലിയ ഇഷ്ടമായിരുന്നു ഖർഗെയ്ക്ക്. ജില്ലാതലത്തിൽ നിരവധി അംഗീകാരങ്ങളും നേടി. തീവ്ര ഭാഷാസ്നേഹം ചർച്ചയാകുന്ന ഇക്കാലത്ത് ബഹുഭാഷാ പണ്ഡിതനായാണു ഖർഗെ കോൺഗ്രസിനെ നയിക്കാനെത്തുന്നത്. ഹിന്ദി, ഉറുദു, കന്നഡ, മറാത്തി, തെലുങ്ക്, ഇംഗ്ലിഷ് എന്നിവ ആഴത്തിലറിയാം; ഒന്നിലേറെ പ്രാദേശിക ഭാഷകളിലും പിടിപാടുണ്ട്. കോൺഗ്രസും കോൺഗ്രസുകാരും മറന്നുപോയ പോരാട്ടത്തിന്റെയും വിജയത്തിന്റെയും ഭാഷ എത്രമാത്രം വീണ്ടെടുക്കാനാവും എന്നിടത്താണു ഖർഗെയുടെ യഥാർഥ വിജയം.

English Summary: Profile Story of Congress New President Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com