ADVERTISEMENT

തിരുവനന്തപുരം∙ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ജയിൽ മോചിതനായി. നെട്ടുകാൽത്തേരി ജയിലിൽനിന്നാണ് 22 വർഷത്തെ ജയിൽവാസത്തിനുശേഷം മണിച്ചൻ മോചിതനാകുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ മണിച്ചൻ തയാറായില്ല. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞശേഷം മണിച്ചൻ ചിറയിൻകീഴിലെ വീട്ടിലേക്കു പോയി. മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും. 2000 ഒക്ടോബർ 21നായിരുന്നു മദ്യദുരന്തം. മഞ്ഞ ഷാൾ അണിയിച്ചാണ് സുഹൃത്തുക്കള്‍ മണിച്ചനെ സ്വീകരിച്ചത്. 

മണിച്ചനടക്കം 33 പേരെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിഴത്തുക ഒടുക്കാൻ കഴിയാത്തതിനാൽ മോചനം നീളുകയായിരുന്നു. മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് മോചനം സാധ്യമായത്. മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിഴയായി വിധിച്ച 30.45 ലക്ഷം രൂപ ഈടാക്കാതെ തന്നെ ഉടൻ മോചിപ്പിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.

manichan-rinkuraj
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

രാവിലെ 11 മണിയോടെ മണിച്ചന്റെ മകൻ പ്രവീണും സഹോദരൻ കൊച്ചനിയും അഭിഭാഷകനും എസ്എൻഡിപി ഭാരവാഹികളും ജയിലിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി 12 മണിക്ക് മണിച്ചൻ ജയിൽ മോചിതനായി. സഹതടവുകാരോടും ജയിൽ അധികൃതരോടും സന്തോഷം പങ്കിട്ടാണ് മണിച്ചൻ പുറത്തെത്തിയത്. മദ്യദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മണിച്ചൻ വെളിപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൃഷി നടത്തി ജീവിക്കാനാണ് താൽപര്യമെന്നാണ് മണിച്ചൻ ജയിൽ അധികൃതരോട് പറഞ്ഞത്.

2000 ഒക്ടോബര്‍ 21നാണ് കൊല്ലത്തെ കല്ലുവാതുക്കൽ, പട്ടാഴി അടക്കമുള്ള സ്ഥലങ്ങളിൽ മദ്യദുരന്തമുണ്ടായത്. 31 പേരാണ് ഹയറുന്നീസയെന്ന മദ്യവിതരണക്കാരി വിതരണം ചെയ്ത വ്യാജമദ്യം കുടിച്ച് മരിച്ചത്. നിരവധിപേര്‍ക്ക് ശാരീക പ്രശ്നങ്ങളുണ്ടായി. 1982ലെ വൈപ്പിൻ വിഷമദ്യദുരന്തത്തിനുശേഷം ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായ മദ്യദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അപകടമുണ്ടായി 35 ദിവസത്തിനുശേഷം നാഗർകോവിലിൽനിന്നാണ് മണിച്ചനെ അറസ്റ്റു ചെയ്തത്.

manichan-rinkuraj-3
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

2002 ജൂണിൽ മണിച്ചനും സഹോദരങ്ങളും ചാരായം വിറ്റ ഹയറുന്നീസയും ഉൾപ്പെടെ 13 പ്രതികളെ കൊല്ലം സെഷൻസ് കോടതി കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. സുപ്രീം കോടതി നിർദേശം അനുസരിച്ച് മണിച്ചന്റെ രണ്ടു സഹോദരങ്ങൾ കഴിഞ്ഞവർഷം ജയിൽ മോചിതരായിരുന്നു. ഇതിനു പിന്നാലെയാണ് മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന മണിച്ചനെ നല്ല നടപ്പു പരിഗണിച്ചാണ് പത്തു വർഷം മുൻപ് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കു മാറ്റിയത്.

മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ.
മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ. (ചിത്രം: മനോരമ)

31 പേരുടെ മരണത്തിന് ഇടയാക്കിയ 2000 ലെ മദ്യദുരന്തക്കേസിലെ പ്രധാന പ്രതിയായ  ചിറയിൻകീഴ് സ്വദേശി മണിച്ചൻ 22 വർഷമായി ജയിലിൽ കഴിയുകയായിരുന്നു. മണിച്ചൻ (ചന്ദ്രൻ) 22 വർഷമായി ജയിലിലായിരുന്നു. ജീവപര്യന്തത്തിനു പുറമേ 43 വർഷം തടവു കൂടി കോടതി വിധിച്ചിരുന്നു. ഇതിൽ ഇളവു നൽകി മോചനത്തിനു ഗവർണർ ഉത്തരവിട്ടെങ്കിലും പിഴത്തുക ഇളവു ചെയ്തിരുന്നില്ല. പിഴ കൂടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചത്. 

മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ.
മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ. (ചിത്രം: മനോരമ)

സിനിമാ കഥകളെ വെല്ലുന്ന ജീവിതകഥ

സിനിമാ കഥകളെ വെല്ലുന്നതാണ് ചന്ദ്രൻ അഥവാ മണിച്ചനെന്ന കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതിയുടെ ജീവിതകഥ. കുചേലനിൽനിന്ന് കുബേരനും വീണ്ടും കുലേചനിലേക്കുമെത്തിയ അബ്കാരി രാജാവിന്റെ കഥകൂടിയാണത്. തിരുവനന്തപുരത്തെയും കൊല്ലത്തെയും മദ്യവ്യവസായത്തിനെ നിയന്ത്രിക്കുന്ന ശക്തിയായി ഉയരുന്നതിനിടെയാണ് കല്ലുവാതുക്കൽക്കേസിൽ പെട്ട് മണിച്ചന്റെ പതനം തുടങ്ങിയത്.

മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ.
മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ. (ചിത്രം: മനോരമ)

മണിച്ചനിൽനിന്ന് സ്പിരിറ്റ് വാങ്ങിയിരുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഹൈറുന്നീസ വിതരണം ചെയ്ത മദ്യം കുടിച്ചവർ കൂട്ടത്തോടെ മരിച്ചതോടെ മണിച്ചന്റെ സാമ്രാജ്യം ഉലഞ്ഞു. കേസിൽ പ്രതിയായതോടെ രാഷ്ട്രീയ നേതൃത്വം അകൽച്ചയിലായി. സുഹൃത്തുകളിൽ ചിലർ പണവുമായി മുങ്ങി. വസ്തുക്കൾ നഷ്ടമായി. കേസ് നടത്തിപ്പിനായി കുടുംബം ഏറെ കഷ്ടപ്പെട്ടു. വലിയ കടഭാരമാണ് കേസ് ഉണ്ടാക്കിയത്. വീട്ടിൽ പ്രയാസങ്ങളുമായി എത്തിയിരുന്നവർക്ക് നോട്ടുകെട്ടുകളിൽനിന്ന് നോട്ടുകൾ ഇഷ്ടംപോലെ എടുത്തു കൊടുത്തിരുന്ന മണിച്ചൻ കേസ് നടത്തിപ്പിനു പണമില്ലാതെ വലഞ്ഞു.

മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ.
മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ. (ചിത്രം: മനോരമ)

ഇടത്തും വലത്തും വലിയ അനുചരവൃന്ദമുണ്ടായിരുന്ന മണിച്ചനെ മോശം കാലത്ത് എല്ലാവരും ഉപേക്ഷിച്ചു. ഭാര്യയും മകനുമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്. കേസ് നടത്തിപ്പിനായി പരിചയക്കാരെ കുടുംബം സമീപിച്ചപ്പോഴും സഹായമൊന്നും ലഭിച്ചില്ല. മണിച്ചന്റെ മോചനം വൈകിക്കാനും ശ്രമം ഉണ്ടായതായും പറയപ്പെടുന്നു.

ശിക്ഷയായി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടതോടെയാണ് ജയില്‍മോചനത്തിനു വഴി ഒരുങ്ങിയത്. പിഴത്തുക കെട്ടിവയ്ക്കാതെ മോചിപ്പിക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മണിച്ചന്റെ മോചന ഉത്തരവിറങ്ങിയെങ്കിലും 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന തടസ്സമായി നില്‍ക്കുന്നതു ചൂണ്ടിക്കാട്ടി ഭാര്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും 9 മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതു തള്ളിയാണ് മണിച്ചനെ പിഴത്തുക കെട്ടിവയ്ക്കാതെ തന്നെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ.
മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ. (ചിത്രം: മനോരമ)

മണിച്ചന്റെ മാസപ്പടയില്‍ ഇടതു നേതാക്കളും

മദ്യദുരന്തം ഉണ്ടായതിനു പിന്നാലെ, മണിച്ചനിൽനിന്നും രാഷ്ട്രീയക്കാരും പൊലീസ്–എക്സൈസ് ഉദ്യോഗസ്ഥരും മാസപ്പടി വാങ്ങിയെന്ന റിപ്പോർട്ട് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കി. സിപിഎം നേതാക്കളും സിപിഐ നേതാക്കളും ഉൾപ്പെടെ മാസപ്പടി കേസിൽ 20 പ്രതികളുണ്ടായിരുന്നു. മണിച്ചന്റെ ഡയറിയിലെ പേരുകളാണ് നേതാക്കൾക്കു വിനയായത്. കല്ലുവാതുക്കൽ മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിച്ച വി.പി.മോഹൻ കുമാര്‍ കമ്മിഷന്റെ റിപ്പോർട്ടിൽ ചില രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ പദവി ദുരുപയോഗപ്പെടുത്തി വ്യാജമദ്യക്കച്ചവടത്തിന് ഒത്താശ ചെയ്തു എന്നായിരുന്നു കണ്ടെത്തൽ. 20 പേരിൽ മൂന്നു പേരൊഴികെ ബാക്കിയെല്ലാ നേതാക്കളും മണിച്ചനിൽനിന്ന് പണം വാങ്ങിയതായി കമ്മിഷനോട് സമ്മതിച്ചു. പാർട്ടി ഫണ്ടായാണ് പണം വാങ്ങിയതെന്നാണ് അവർ പറഞ്ഞത്. എന്നാൽ, തിരഞ്ഞെടുപ്പിനായാണ് പണം വാങ്ങിയതെന്നതിനു യുക്തിയില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. 

നേതാക്കൾക്കെതിരെ നടപടിക്കു കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. റിപ്പോർട്ടിൽ പരാമർശിച്ച രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്വേഷണം പാതിവഴിയിൽ അവസാനിച്ചു. മണിച്ചനിൽനിന്ന് പാർട്ടി നേതാക്കൾ കോടികൾ വാങ്ങിയെന്നായിരുന്നു സിപിഎം ചുമതലപ്പെടുത്തിയ കമ്മിഷന്റെയും കണ്ടെത്തൽ. പിരപ്പൻകോട് മുരളി കൺവീനറായ കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിച്ചത്. പിബി നിർദേശപ്രകാരമായിരുന്നു അന്വേഷണം. ജില്ലാ സെക്രട്ടറിയായിരുന്ന എം.സത്യനേശനെ പുറത്താക്കിയതിൽ നടപടി ഒതുങ്ങി. എൽഡിഎഫ് സർക്കാർ ഭരിച്ചപ്പോൾ സംഭവിച്ച വിഷമദ്യക്കേസിലെ പ്രതിയാണ് എൽഡിഎഫ് സർക്കാരിന്റെ ശുപാർശയിൽ ജയിലിനു പുറത്തിറങ്ങുന്നത്.

കഞ്ഞിവിറ്റു തുടങ്ങി, കള്ളു വിറ്റ് വളർന്നു 

ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു മുൻപിൽ കഞ്ഞിവിറ്റാണു മണിച്ചനും കുടുംബവും ആദ്യം കഴിഞ്ഞിരുന്നത്. ആശുപത്രിയിലെത്തുന്നവരായിരുന്നു ഉപഭോക്താക്കൾ. കഞ്ഞിക്കച്ചവടത്തിൽനിന്നു കള്ളു കച്ചവടത്തിലേക്കു തിരിഞ്ഞു. ശാർക്കരയിലെ കള്ള് ഷാപ്പ് ലേലത്തിൽ പിടിച്ച് അബ്കാരിയായ മണിച്ചൻ പിന്നെ 2000 വരെ തിരഞ്ഞുനോക്കിയിട്ടില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു വളർച്ച. എന്നാൽ കേസിൽ പ്രതിയായി ജയിലിലായതോടെ അതേ വേഗത്തിൽ നിലംപൊത്തി.

പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കു നല്ല നടപ്പിന്റെ പേരിലാണ് ഏതാനും വർഷം മുൻപു മണിച്ചനെ മാറ്റിയത്. പരോൾ കൃത്യമായി ലഭിച്ചിരുന്ന ഈ സമയത്ത് മണിച്ചൻ നാട്ടിൽ ചപ്പാത്തി വിൽപനയും ചെറിയ നിലയ്ക്കു കാറ്ററിങ് സർവീസും തുടങ്ങിയെങ്കിലും വിജയിച്ചില്ല. കോവിഡ് സമയത്തു സുപ്രീംകോടതി വിധി പ്രകാരം ലഭിച്ച രണ്ടു വർഷത്തിലേറെ നീണ്ട പരോൾ കാലയളവിൽ വീണ്ടും ബിസിനസിൽ കൈവച്ചു.

ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപം ശീതീകരണ സംവിധാനത്തോടെയുള്ള മത്സ്യവിൽപനയാണു തുടങ്ങിയത്. ഇതും അടച്ചു പൂട്ടി. ഇതേ കെട്ടിടത്തിൽ ജ്യൂസ് വിൽപന ഉൾപ്പെടെയായി പഴക്കടയും തുടങ്ങി. വലിയ ലാഭമൊന്നുമില്ല. മണിച്ചൻ തിരികെ ജയിലിലായശേഷം ബന്ധുവാണിപ്പോൾ ഇതിന്റെ നടത്തിപ്പ്. മണിച്ചന്റെ സഹോദരങ്ങളായ മണികണ്ഠനും വിനോദ്കുമാറും കല്ലുവാതുക്കൽ കേസിൽ കൂട്ടുപ്രതികളായി ജയിലിലായിരുന്നു. ഇവർ 2018ൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ജയിൽ മോചിതരായി. പുറത്തിറങ്ങിയതിനു ശേഷം ഇരുവരും പല ബിസിനസുകളും തുടങ്ങി.

English Summary: Kalluvathukkal Hooch Tragedy: Manichan released from Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com