ADVERTISEMENT

തിരുവനന്തപുരം∙ കല്ലുവാതുക്കൽ വിഷമദ്യദുരന്തത്തിൽ നിരവധിപേർ മരിച്ചതിനെ തുടർന്ന് ഒളിവിൽപോയ അബ്കാരിയായ മണിച്ചനെ പിടികൂടാൻ സഹായിച്ചത് ഒരു മൊബൈൽ ഫോണാണ്. ഫോൺ പിന്തുടർന്ന് പ്രതിയെ പിടികൂടിയ ആദ്യകാല കേസുകളില്‍ ഒന്നുകൂടിയായിരുന്നു മണിച്ചന്റേത്. 2000 ഒക്ടോബർ 21നും 22നുമാണ് കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, പട്ടാഴി അടക്കമുള്ള സ്ഥലങ്ങളിൽ വിഷമദ്യദുരന്തം ഉണ്ടായി 31 പേർക്ക് ജീവൻ നഷ്ടമായത്. 22 വർഷം ജയിലിൽ കഴിഞ്ഞ മണിച്ചൻ ഈ മാസം 21നാണ് ജയിൽ മോചിതനായത്.

ശാരീരിക അസ്വാസ്ഥ്യമുണ്ടായി വിവിധയിടങ്ങളിൽനിന്ന് ആളുകളെ കൂട്ടത്തോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിഷമദ്യദുരന്തം പുറംലോകം അറിഞ്ഞത്. അബ്കാരിയായ മണിച്ചനിൽനിന്ന് വാങ്ങി കല്ലുവാതുക്കൽ സ്വദേശിനിയായ ഹയറുന്നീസ വിതരണം ചെയ്ത മദ്യം കുടിച്ചവരാണ് മരിച്ചത്. മരണനിരക്ക് ഉയർന്നതോടെ ചാരായം കുടിച്ചവർ ആശുപത്രികളിലേക്കു പോകണമെന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞ് പൊലീസ് വാഹനങ്ങൾ നിരത്തുകളിലൂടെ പാഞ്ഞു. മദ്യദുരന്തം ഉണ്ടായ വാർത്ത അറിഞ്ഞതോടെ മണിച്ചൻ ഒളിവില്‍പോയി. മണിച്ചന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂഗർഭ അറകളിൽ സ്പിരിറ്റ് കണ്ടെത്തി. ആറ്റിങ്ങലിലെയും ചിറയിൻകീഴിലെയും വീടുകൾക്കുള്ളിലെ ഭൂഗർഭ അറയിലും ഹോളോബ്രിക്സ് ഫാക്ടറിയിലെ ഭൂഗർഭ അറയിലുമാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഹോളോബ്രിക്സ് ഫാക്ടറിയിലെ ഭൂഗർഭ അറയിൽനിന്നുമാത്രം 90,000 ലീറ്റർ സ്പിരിറ്റാണ് പിടിച്ചത്.

വീട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും മണിച്ചനെക്കുറിച്ച് വിവരം ലഭിച്ചില്ല. വീട്ടിൽ പരിശോധന നടത്തുന്നതിനിടയിലാണ് ഒരു ഉന്നത ഉദ്യോഗസ്ഥനു മുറിയിലെ ഒരു മൂലയിൽ കിടന്ന സിം കാർഡ് കവർ കിട്ടുന്നത്. മൊബൈൽ ഫോൺ പ്രചാരത്തിലായി വരുന്ന കാലഘട്ടമാണ്. സിം കാർഡിന്റെ കവറിൽനിന്ന് മൊബൈൽ ഫോൺ കമ്പനി ഏതെന്നു മനസിലാക്കിയ പൊലീസ് കമ്പനിയുമായി ബന്ധപ്പെട്ട് ഫോൺ നമ്പരും ഐഎംഇഐ നമ്പരും ശേഖരിച്ചു. ഫോണിന്റെ ടവർ ലൊക്കേഷൻ നോക്കിയപ്പോൾ മണിച്ചന്റെ വീടിനു 200 മീറ്റർ അകലെയും പിന്നീട് മെഡിക്കൽ കോളജ് പരിസരത്തുമാണു ഫോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. 

kalluvathukkal-hooch-tragedy
മണിച്ചൻ (ഫയൽ ചിത്രം)

പ്രദേശത്തുള്ള ആരോ ഒരാൾ സ്ഥിരമായി മെഡിക്കൽ കോളജിൽ പോകുന്നുണ്ടെന്നു പൊലീസ് മനസിലാക്കി. പരിസരവാസികളായ ആരെങ്കിലും മെഡിക്കൽ കോളജിൽ ചികിൽസയിലുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു. മണിച്ചന്റെ ജീവനക്കാരനായ ഒരാളുടെ ബന്ധു മെഡിക്കല്‍ കോളജിൽ ചികിൽസയിലുണ്ടെന്നു വിവരം ലഭിച്ചു. മണിച്ചന്റെ ജീവനക്കാരനെ മെഡിക്കൽ കോളജ് പരിസരത്തുനിന്ന് പൊലീസ് പിടികൂടി. നാട്ടിലെ വിവരങ്ങൾ അറിയിക്കാൻ മണിച്ചനാണ് ഫോൺ ജീവനക്കാരനു നൽകിയത്. ഇയാൾ സ്ഥിരമായി വിവരങ്ങൾ മണിച്ചനു കൈമാറിയിരുന്നു. 

kalluvathukkal
കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിൽ പെട്ടവരുടെ ബന്ധുക്കളുടെ വിലാപം. ഫയൽ ചിത്രം: മനോരമ

ജീവനക്കാരനെകൊണ്ട് മണിച്ചനെ ഫോണിൽ വിളിപ്പിച്ചു. നേരിട്ടു പറയേണ്ട അത്യാവശ്യ കാര്യമുണ്ടെന്നും നാഗർകോവിലെ ലോഡ്ജിലേക്കു വരാനും പറഞ്ഞു. ലോഡ്ജിലെത്തിയ മണിച്ചനെ പൊലീസ് അറസ്റ്റു ചെയ്തു. 35 ദിവസമാണ് മണിച്ചൻ ഒളിവിൽ കഴിഞ്ഞത്. 2002 ജൂണിൽ മണിച്ചൻ, ഹയറുന്നീസ എന്നിവരടക്കം കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ 13 പ്രതികളെ കൊല്ലം സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പിന്നീട് ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. 33 തടവുകാരെ മോചിപ്പിക്കാനുള്ള പട്ടികയിൽ മണിച്ചനും ഉൾപ്പെട്ടതോടെയാണ് മോചനത്തിനു വഴി തുറന്നത്. എന്നാൽ, 30.45 ലക്ഷംരൂപ കെട്ടിവയ്ക്കാൻ ഇല്ലാത്തിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞില്ല. മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതോടെയാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്.

English Summary: Kalluvathukkal Hooch Tragedy: How Police trapped Manichan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com