ADVERTISEMENT

ന്യൂഡൽഹി∙ ശ്രീലങ്ക വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു പോകുന്നുവെന്ന് റിപ്പോർട്ടുകള്‍. ഡിസംബറിൽ രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) 2.9 ബില്യൻ യുഎസ് ഡോളറിന്റെ സഹായം ലഭിക്കണമെങ്കിൽ ചൈനയുടേത് ഉൾപ്പെടെ കടം തിരികെക്കൊടുക്കുന്നതിനു രൂപരേഖ തയാറാക്കണമെന്നു നിബന്ധന വച്ചിരുന്നു. എന്നാൽ 20ാം പാർട്ടി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ചൈന ഇതുവരെ ഇതുസംബന്ധിച്ച ചർച്ചകൾക്കു സമയം കണ്ടെത്തിയിട്ടില്ല.

ഐഎംഎഫിന്റെ അടുത്ത യോഗം അടുത്ത വർഷം മാർച്ചിലാണ്. അതിനാൽ ഇനി അന്നേ ലങ്കയ്ക്ക് സഹായം ലഭിക്കാൻ സാധ്യതയുള്ളൂ. അതേസമയം, ഫൊറക്സ് വിലയിടിവ്, സാമ്പത്തിക മാന്ദ്യം, ധനക്കമ്മി തുടങ്ങിയവ കൊണ്ട് ലങ്കയുടെ കടം വർധിച്ചു. ഇന്ത്യയിൽനിന്നും ജപ്പാനിൽനിന്നും കടം വാങ്ങിയ സ്ഥാപനങ്ങളുമായി കൊളംബോ ചർച്ച നടത്തുന്നുണ്ട്. തിരിച്ചടവിന്റെ രൂപരേഖയും തയാറാക്കിവരുന്നു. ഇന്ത്യയുമായി 1.7 ബില്യൻ യുഎസ് ഡോളറിന്റെ കടമാണ് ലങ്കയ്ക്ക് ഉള്ളത്. ഇതിനൊപ്പം അടിയന്തരഘട്ടങ്ങളിൽ നരേന്ദ്ര മോദി സർക്കാർ നൽകിയ 4 ബില്യൻ യുഎസ് ഡോളറും വരും.

2021ലെ കണക്ക് അനുസരിച്ച് ശ്രീലങ്കയുടെ ആകെ കടം 36 ബില്യൻ യുഎസ് ഡോളറാണ്. 2021 ഡിസംബറിൽ ജിഡിപിയുടെ 115.3% ആയിരുന്ന കടം 2022 ജൂൺ അവസാനത്തോടെ 143.7% ആയി.  ഉഭയകക്ഷി കടങ്ങൾ ജിഡിപിയുടെ 12.7% ആയിരുന്നത് 20.4% ആകുകയും ചെയ്തു. എന്നാൽ അടുത്ത ഐഎംഎഫ് യോഗം വരെ ലങ്കയ്ക്കു പിടിച്ചുനിൽക്കണമെങ്കിൽ 850 ദശലക്ഷം യുഎസ് ഡോളർ വേണം. ഇതു പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ രാഷ്ട്രീയഭാവിക്കുമേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.

ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. Photo by Arun SANKAR / AFP
ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. Photo by Arun SANKAR / AFP

ഈ പണം സ്വരൂപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജൂലൈ – ഓഗസ്റ്റിൽ കണ്ടതുപോലെ വൻരീതിയിലെ പ്രതിഷേധത്തിന് ലങ്കൻ തെരുവുകൾ സാക്ഷിയായേക്കും. പ്രതിപക്ഷ പാർട്ടികൾക്ക് എഴുന്നേറ്റുനിൽക്കാൻ ത്രാണിയില്ലാത്തതിനാൽ ഈ സാഹചര്യം തീവ്ര ഇടതുപക്ഷ പാർട്ടികൾ അനുകൂലമാക്കുമെന്ന പേടിയും അന്തരീക്ഷത്തിലുണ്ട്.

English Summary: China lets down Colombo in securing $2.9 billion IMF loan in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com