ADVERTISEMENT

കോഴിക്കോട്∙ സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ കെട്ടിടം ചുളുവിലയ്ക്കു 10 വർഷത്തേക്കു പാട്ടത്തിനെടുത്ത് സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരൻ എ.എൻ. ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അനധികൃത നിർമാണം നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിലപാട് എടുത്തിട്ടില്ലെന്നു കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. അനധികൃത നിര്‍മാണമെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സിപിഎം മേയർ മാധ്യമങ്ങളോട് പറഞ്ഞു. പാട്ടക്കരാറില്‍ ഒത്തുകളിയെന്ന ആരോപണത്തിനു പിന്നാലെ, തുറുമുഖ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച സമര്‍പ്പിക്കാനിരിക്കെയാണ് കോർപറേഷൻ നിലപാട് വ്യ‌ക്തമാക്കിയത്. 

അനധികൃത നിര്‍മാണമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കില്ലെന്നും, രാഷ്ട്രീയക്കാരുടെ ബന്ധു ഒരു വിഷയത്തിലുണ്ടെങ്കില്‍ അതില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നു പറയാനാകില്ലെന്നും മേയര്‍ ബീനാ ഫിലിപ്പ് കോഴിക്കോട് പറഞ്ഞു. കെട്ടിടത്തില്‍ രാജ്യാന്തര ബ്രാന്‍ഡുകള്‍ വരുന്നത് ടൂറിസത്തെ സഹായിക്കുമെന്നും ഭാവിയില്‍ ഗുണകരമാകുമെന്നുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നു പോര്‍ട്ട് ഓഫിസര്‍ കോര്‍പറേഷന് കത്തയച്ചിരുന്നു. എന്നാല്‍ ചട്ടവിരുദ്ധമായി പണിയുന്ന കെട്ടിടത്തില്‍ ഇത്തരം ന്യായീകരണങ്ങള്‍ക്കു സാധ്യതയില്ലെന്നാണു മേയറുടെ നിലപാട്. 

ടെൻഡർ പോലുമില്ലാതെയാണു കെട്ടിടം പാട്ടത്തിനു നൽകിയതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കരാർ നൽകി 6 മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും വാടക നൽകിയിട്ടുമില്ല. കോർപറേഷന്റെയോ തീരദേശ പരിപാലന അതോറിറ്റിയുടേയോ അനുമതിയില്ലാതെയാണു കടൽത്തീരത്തു കെ.കെ. പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന സ്ഥാപനം അനധികൃത നിർമാണം നടത്തിയത്. സ്പീക്കറുടെ സഹോദരൻ ഷാഹിർ, ആർ.പി.അമർ, കെ.കെ. പ്രദീപ് എന്നിവരാണു സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർമാർ.

പോർട്ട് ഓഫിസർ കെ.അശ്വിനി പ്രതാപുമായി ജനുവരിയിൽ ഒപ്പിട്ട കരാർ രേഖകളിൽ ഷാഹിറും കക്ഷിയാണ്. തുറമുഖ വകുപ്പിന്റെ ‘സീമാൻ ഷെഡ്’ കെട്ടിടവും 15 സെന്റ് സ്ഥലവുമാണു പാട്ടത്തിനു നൽകിയത്. പ്രതിമാസം 45,000 രൂപയാണു വാടക. എന്നാൽ 2 ലക്ഷം രൂപ വരെ വാടകയുള്ള പ്രദേശമാണിത്. പ്രദീപ് നേരത്തേ ഈ കെട്ടിടം പാട്ടത്തിനെടുത്തതാണെന്നും അതുകൊണ്ടാണു വീണ്ടും നൽകിയതെന്നുമാണു തുറമുഖ വകുപ്പിന്റെ വിശദീകരണം. 3 കോടിയോളം രൂപയുടെ നിക്ഷേപം സ്ഥാപനം ഇവിടെ നടത്തി. 10 വർഷം കഴിഞ്ഞാൽ അതു പോർട്ടിന് മുതൽക്കൂട്ടാകുമെന്നാണു തുറമുഖവകുപ്പിന്റെ വിശദീകരണം. 

അതേസമയം, ടെൻഡർ വിളിച്ചാണ് കെട്ടിടം പാട്ടത്തിനു നൽകിയതെന്ന തുറമുഖ വകുപ്പിന്റെ വാദവും പൊളിഞ്ഞു. മാരിടൈം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കെട്ടിടം നൽകിയതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. നേരത്തേ തുറമുഖ വകുപ്പ് താൽപര്യപത്രം ക്ഷണിച്ചിരുന്നു. പത്തിലേറെ പേർ പങ്കെടുത്ത ടെൻഡറിൽ 2 ലക്ഷം രൂപ വരെ ക്വോട്ട് ചെയ്തവരുണ്ടായിരുന്നു. എന്നാൽ, ഈ ടെൻഡർ റദ്ദാക്കി.

English Summary: Mayor Beena Philip on Violation of CRZ, civic norms by Firm co-owned by Shamseer's brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com