ADVERTISEMENT

തിരുവനന്തപുരം∙ ‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്ന് കേരള പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ റ്റു യുവര്‍ നെയ്ബര്‍ (Say Hello to Your NEighbour - SHYNe - ഷൈന്‍) എന്ന പദ്ധതിയാണ്. അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സമൂഹമാധ്യമ ക്യാംപെയ്നാണ് സേ ഹലോ റ്റു യുവര്‍ നെയ്ബര്‍ എന്ന് പൊലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

നഗരങ്ങളിലെ അപ്പാർട്മെന്റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍വക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വർധിപ്പിച്ച് അയൽപക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. 

ഫ്ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുള്ള നല്ല സൗഹൃദത്തിലൂടെ കഴിയും. അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുള്ള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയല്‍വാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വർധിക്കും. 

അപ്പാർട്മെന്റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് പൊലീസിന്‍റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നെന്നും പൊലീസ് അറിയിച്ചു. 

അയൽക്കാരുടെ അസ്വാഭാവികമായ പ്രവർത്തനങ്ങൾ പൊലീസിനെ അറിയിക്കാനായി 'വാച്ച് യുവർ നെയ്ബർ' എന്ന പദ്ധതി പൊലീസ് രൂപീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ വൻ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

English Summary: Kerala police has no program called 'Watch your neighbor' But Kochi police have ‘Say Hello to Your Neighbor’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com