ADVERTISEMENT

ഹൈദരാബാദ് ∙ ബിജെപി നിയമിച്ച ഗവർണർമാരും ബിജെപി ഇതര സംസ്ഥാന സർക്കാരുകളും തമ്മിലുള്ള കലഹം പല സംസ്ഥാനങ്ങളിലും രൂക്ഷമാകുന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടികള്‍ ഗവർണർമാർക്കെതിരെ തിരിയുമ്പോൾ അവർക്ക് ബിജെപി ഇതര പാർട്ടികളുടെ പിന്തുണയും ലഭിക്കുന്ന അവസ്ഥയാണിപ്പോൾ. ദക്ഷിണേന്ത്യയിൽ കേരളത്തെക്കൂടാതെ തമിഴ്നാടും തെലങ്കാനയുമാണു ഗവർണർ – സംസ്ഥാന സർക്കാർ പോരുള്ള സംസ്ഥാനങ്ങൾ.

കേന്ദ്രത്തിന്റെ കൈയിലെ പാവകളാണ് ഗവർണർമാര്‍ എന്നാണ് ഈ മൂന്നു സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങളുടെ ആക്ഷേപം. നിരവധി വിഷയങ്ങളിൽ സർക്കാരുകളും ഗവർണർമാരും തമ്മിൽ കൊമ്പു കോർത്തിട്ടുണ്ട് ഗവർണർക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും മാർച്ചും പലയിടങ്ങളിലും അരങ്ങേറി. ഗവർണർമാർ ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുകയും മറ്റും ചെയ്യുമ്പോൾ അതു കേന്ദ്രത്തിന്റെ മൗനാനുവാദത്തോടെയാണെന്നാണ് സംസ്ഥാനങ്ങളുടെ വാദം. ഗവര്‍ണർ പദവിയുടെ ഭരണഘടനാപരമായ അധികാരപരിധികൾ വരെ ചോദ്യം ചെയ്താണ് ഇപ്പോഴത്തെ പ്രതിഷേധം.

ഗവർ‌ണറുമായി സംസ്ഥാന സർക്കാർ ഇടഞ്ഞ അഞ്ചു സംസ്ഥാനങ്ങൾ:

∙ തമിഴ്നാട്

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന തമിഴ്നാട് സർവകലാശാലാ നിയമ ഭേദഗതി ബിൽ, ചെന്നൈ സർവകലാശാല ഭേദഗതി ബിൽ എന്നിവയടക്കം സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചില്ല. നീറ്റ് പരീക്ഷയ്ക്കെതിരെ നിയമസഭ പാസാക്കിയ ബില്ലിനെയും ഗവർണർ ചോദ്യം ചെയ്തു. ഗവർണർക്കെതിരെ പരസ്യ വിമർശനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തിയിരുന്നു.

ഇതിനൊപ്പം സംസ്ഥാനത്തെ മുൻ ബിജെപി അധ്യക്ഷയും ഇപ്പോൾ തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദരരാജന്റെ ഇടപെടലുകളെയും ഇന്ന് ഡിഎംകെ വിമർശിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലെ റിക്രൂട്ട്മെന്റുകളെക്കുറിച്ചുള്ള തമിഴിസൈയുടെ പരാമർശത്തിന്, അയൽ സംസ്ഥാനത്തെ നയങ്ങളിൽ ആശങ്കപ്പെടേണ്ടെന്നാണ് ഡിഎംകെ മറുപടി നൽകിയത്. ഡിഎംകെയ്ക്ക് തെലുങ്ക് പാരമ്പര്യമുണ്ടെന്ന ഗവർണറുടെ പരാമർശത്തിനും മുഖപത്രമായ മുരശൊലിയിലൂടെ പാർട്ടി മറുപടി നൽകിയിട്ടുണ്ട്.

∙ തെലങ്കാന

മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും ഗവർണർ തമിഴിസൈ സൗന്ദരരാജനും തമ്മിൽ പോര്. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചു. താൻ സ്ത്രീയായതിനാലാണു സർക്കാർ വിവേചനം കാട്ടുന്നതെന്നു ഗവർണർ വിമർശിച്ചു. മാത്രമല്ല, യുഡിസി ചട്ടം അനുസരിച്ച് സംസ്ഥാനത്തെ 15 സർവകലാശാലകളിലും പൊതു റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാനായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയെ വിളിച്ചിരിക്കുകയാണ് അവർ.

∙ ബംഗാൾ

മുഖ്യമന്ത്രി മമത ബാനർജിയും മുൻ ഗവർണർ ജഗ്ദീപ് ധൻകറും തമ്മിൽ രൂക്ഷമായ പോരിനു ബംഗാൾ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ജൂലൈ 30നു ധൻകറെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചപ്പോൾ, മമതയെ നേരിട്ടതിനുള്ള അംഗീകാരമാണതെന്നു പ്രതിപക്ഷം വിമർശിച്ചു.

∙ ഡൽഹി

ലഫ്. ഗവർണർ വി.കെ. സക്സേനയും ഡൽഹി സർക്കാരുമായി നിരന്തരമായ പോരിലാണ്. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ കേസ് ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നു. ഖാദി – വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ അധ്യക്ഷനായിരിക്കെ സക്സേന അഴിമതി നടത്തിയെന്ന ആരോപണവും പാർട്ടി ഉന്നയിക്കുന്നു.

∙ ജാർഖണ്ഡ്

മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ ഇരട്ടപ്പദവി പരാതിയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശ ഗവർണർ രമേശ് ബെയ്സ് ബിജെപിക്കു ചോർത്തി നൽകിയെന്ന് സർക്കാർ ആരോപിക്കുന്നു. സോറനെ അയോഗ്യനാക്കാൻ കമ്മിഷൻ ശുപാർശ ചെയ്തതായി ബിജെപി എംപി: നിഷികാന്ത് ദൂബെ അവകാശപ്പെട്ടതിനു പിന്നാലെയാണു ഗവർണർക്കെതിരെ സർക്കാർ തിരിഞ്ഞത്.

English Summary: "Puppet Of Centre": State Governments Clash With Governors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com