ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ വിരമിച്ച യു.യു.ലളിതിന് പിൻഗാമിയായാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹത്തിന് രണ്ടു വർഷം ലഭിക്കും. 2024 നവംബർ 10നാണു വിരമിക്കുക.

ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ്. ഏഴു വർഷമാണ് വൈ.വി.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡ്, 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഹിമാചൽ പ്രദേശിൽ പ്രചാരണം നടത്തുകയാണ് അദ്ദേഹം. പുതിയ ചീഫ് ജസ്റ്റിസുമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിമാർ പങ്കെടുക്കുന്നതാണ് പതിവ്. ചടങ്ങിനുശേഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കൊപ്പം പുതിയ ചീഫ് ജസ്റ്റിസും സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസും ചേർന്ന് ഫോട്ടോയെടുക്കുന്നതും പതിവാണ്. ഇത്തവണ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഈ ഫോട്ടോ സെഷൻ നടന്നത്.

∙ ബുദ്ധിജീവിയായ ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ജഡ്ജിമാരിലെ ബുദ്ധിജീവിയായാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയപ്പെടുന്നത്. പൗര– മൗലികാവകാശങ്ങളുടെ ചക്രവാളത്തെ വ്യാഖ്യാനിച്ചു വലുതാക്കുന്നതിനുള്ള കഴിവാണ് ഈ വിശേഷണത്തിനു പ്രധാനകാരണം. വ്യക്തിയുടെ സ്വകാര്യത, പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, സ്വവർഗാനുരാഗികളുടെ അവകാശം തുടങ്ങിയവ സ്ഥാപിച്ചുറപ്പിച്ച് അദ്ദേഹം വിധികളെഴുതിയിട്ടുണ്ട്. പ്രണയത്തിന്റെ ശക്തിക്കു ജാതിയും മതവും തടസ്സമുണ്ടാക്കുമ്പോൾ ഭരണഘടന കരയുന്നു; ഭക്ഷണത്തിന്റെ പേരിൽ വ്യക്തികളെ ആൾക്കൂട്ടം കൊലപ്പെടുത്തുമ്പോൾ ഭരണഘടനയും കൊലചെയ്യപ്പെടുന്നു; രാജ്യദ്രോഹം ആരോപിക്കപ്പെട്ട് കാർട്ടൂണിസ്റ്റ് ജയിലിലാകുമ്പോൾ ഭരണഘടന പരാജയപ്പെടുന്നു എന്നിങ്ങനെ അദ്ദേഹം രാജ്യത്തിന്റെ തെറ്റുകളെ പ്രഭാഷണങ്ങളിൽ വിമർശിച്ചിട്ടുണ്ട്. ഈ മനോഭാവം തന്റെ കാലത്തിന്റേതാക്കി മാറ്റാനുള്ള പരിശ്രമങ്ങളിൽ അദ്ദേഹം വലിയ വെല്ലുവിളികൾ നേരിടുമെന്ന് ഊഹിക്കാൻ പ്രയാസമില്ല.

അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്ര നിർമാണമാകാമെന്നു വിധിച്ചത് ജസ്റ്റിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചാണ്. 1991ലെ ആരാധനാസ്ഥല നിയമം, ആരാധനാസ്ഥലങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിനു തടസ്സമല്ലെന്ന് അദ്ദേഹം നടത്തിയ പരാമർശം വിമർശിക്കപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, മതങ്ങളിൽ സ്ത്രീകൾക്കു ലഭിക്കേണ്ട തുല്യ പരിഗണന തുടങ്ങി രാഷ്ട്രീയമായിക്കൂടി പ്രാധാന്യമുള്ളതും പരിഗണിക്കാതെ മാറ്റിവച്ചതുമായ ഭരണഘടനാവിഷയങ്ങളുണ്ട്. അവയ്ക്കു സുപ്രീം കോടതി നൽകുന്ന ഉത്തരങ്ങൾ പലതുകൊണ്ടും നിർണായകമായിരിക്കും.

ജസ്റ്റിസ് ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിനെ ‘ഡ്രീം ബെഞ്ച്’ എന്നാണ് യുവ അഭിഭാഷകർ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ സമീപനത്തിലെ മര്യാദയുൾപ്പെടെ അതിനു കാരണമാണ്. ഭരണഘടന മുന്നോട്ടുവച്ചിട്ടുള്ള മര്യാദകൾ സംരക്ഷിച്ച് തന്റെ കാലത്തെ സുപ്രീം കോടതിയെ ‘ഡ്രീം കോർട്ട്’ ആക്കി മാറ്റാനുള്ള സമയം ജസ്റ്റിസ് ചന്ദ്രചൂഡിനുണ്ട്.

English Summary: Justice DY Chandrachud Takes Oath As Chief Justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com