ADVERTISEMENT

ചെന്നൈ∙ തമി‌ഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി വിവിധ വിഷയങ്ങളിൽ നിരന്തരം കൊമ്പുകോർക്കുന്ന തമിഴ്‍നാട് ഗവർണർ ആർ.എൻ.രവിയെ പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ  രാ‌ഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. ആർ.എൻ.രവി തമിഴ്‌നാട്ടിലെ സമാധാനപരമായ  അന്തരീക്ഷത്തിനു തുരങ്കം വയ്ക്കുന്നുവെന്നും വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതായും  എം.കെ. സ്റ്റാലിൻ കത്തിൽ ആരോപിക്കുന്നു.  

ജനങ്ങളെ സേവിക്കുന്നതിൽ നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗവർണർ തടസ്സപ്പെടുത്തുകയാണെന്നും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും തമി‌ഴ്‌നാട് മുഖ്യമന്ത്രി കത്തിൽ കുറ്റപ്പെടുത്തുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ബോധപൂർവം വൈകിപ്പിച്ച് സംസ്ഥാനത്ത് ഭരണ സ്‌തംഭനം ഉണ്ടാക്കാനാണു തമി‌ഴ്‌നാട് ഗവർണറുടെ ശ്രമം. ഗവർണർ എന്ന ഭരണഘടനാ പദവി വഹിക്കാൻ ആർ.എൻ.രവി യോഗ്യനല്ലെന്നും അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ സർക്കാരിനെതിരെ അതൃപ‌്തി സൃഷ്‌ടിക്കുന്നവയാണെന്നും എം.കെ. സ്റ്റാലിൻ കത്തിൽ ആരോപിക്കുന്നു. നിയമസഭാ പാസാക്കിയ 20 ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ ബോധപൂർവം വൈകിപ്പിക്കുന്നതെന്നും സ്റ്റാലിൻ പറയുന്നു. 

തമി‌ഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവർണർ ആർ.എൻ.രവിയും തമ്മിലുള്ള പോര് സംസ്ഥാനത്തെ 13 സർവകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുണ്ടായതാണ്. വിസി നിയമനാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ബിൽ കഴിഞ്ഞ ഏപ്രിലിൽ നിയമസഭാ പാസാക്കി ഗവർണർക്ക് അയച്ചതാണ്. ആറുമാസമായിട്ടും ബിൽ പരിഗണനയിൽ വച്ചിരിക്കുന്ന ഗവർണർ അളഗപ്പ സർവകലാശാലാ, മനോൻമന്യം സുന്ദരനാർ സർവകലാശാലാ, തിരുവള്ളൂർ സർവകലാശാലാ എന്നിവിടങ്ങളിൽ കൂടി വൈസ് ചാൻസലറെ നിയമിച്ചാണു സർക്കാരിന് മറുപടി നൽകിയത്.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനു വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരമില്ലാത്തത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു സ്റ്റാലിന്റെ പക്ഷം. ഗവർണറുമായുള്ള പരിപാടികൾ മന്ത്രിമാർ ബഹിഷ്കരിക്കലും ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധിക്കലും വരെ എത്തി കാര്യങ്ങൾ.

English Summary: Sack Governor Immediately, Unfit To Hold Office: Tamil Nadu CM  To President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com