ADVERTISEMENT

പാലക്കാട് ∙ സ്പിരിറ്റിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം, സംസ്ഥാനത്തു വിദേശമദ്യം നിർമിക്കുന്ന ഡിസ്റ്റിലറികളുടെ പ്രവർത്തനം ഏതാണ്ട് പൂർണമായി നിലച്ചു. വരും വർഷങ്ങളിലും സ്പിരിറ്റ് ദൗർലഭ്യം തുടരുമെന്ന ആശങ്കയുമുണ്ട്. ലഭിച്ചാൽതന്നെ മൂന്നും നാലും ഇരട്ടി വില നൽകേണ്ടിവരും. മൂന്നാഴ്ചയായി ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഉൽപാദനം നിലച്ചത് വരാൻ പേ‍ാകുന്ന ക്ഷാമത്തിന്റെ സൂചനയായിക്കൂടി കാണണമെന്ന് ഈ രംഗത്തെ വ്യവസായികളും അധികൃതരും പറയുന്നു.

മനുഷ്യന് ഉപയേ‍ാഗിക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള സ്പിരിറ്റ് വേർതിരിച്ചെടുക്കുന്ന എഥനേ‍ാൾ രാജ്യത്ത് വലിയ തേ‍ാതിൽ പെട്രേ‍ാളിയം ഉൽപന്നങ്ങളിൽ ഉപയേ‍ാഗിക്കാൻ തുടങ്ങിയതാണ് സ്പിരിറ്റ് ക്ഷാമത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത് ഭാവിയിൽ മദ്യനിർമാണ മേഖലയെ പ്രതികൂലമായി ബാധിക്കാം. രാജ്യത്ത് കൂടുതൽ മദ്യം വിറ്റഴിക്കുന്ന കേരളത്തിന് ആവശ്യമായ സ്പിരിറ്റ് ഭാവിയിൽ എത്രത്തോളം ലഭിക്കുമെന്നതും സംശയമാണ്. പകരം സംവിധാനത്തെപ്പറ്റിയും ധാരണയില്ല. സ്പിരിറ്റിന്റെ ക്ഷാമവും വിലവർധനയും കാരണം മദ്യനിർമാണത്തിന്റെ ചെലവും കുതിച്ചുയർന്നു. ഭാവിയിൽ വൻവിലക്കയറ്റമുണ്ടാകുമെന്നാണ് സൂചന.

കുറഞ്ഞ ചെലവിൽ ഗുണമേന്മയേറിയ മദ്യം നിർമിച്ചു വിൽക്കുന്ന സംസ്ഥാനത്തെ സ്ഥാപനങ്ങളാണ് പ്രധാന അസംസ്കൃത വസ്തുവായ സ്പിരിറ്റിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം പ്രവർത്തനം നിർത്തിയത്. ഇതേ‍ാടെ, ബവ്കേ‍ാ ഗേ‍ാഡൗണുകളും ഔട്ട്‌ലെറ്റുകളും ഏതാണ്ട് കാലിയായി. പ്രശ്നപരിഹാരത്തിന് സർക്കാരുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കാത്തത് പ്രതിസന്ധി വർധിപ്പിച്ചു. സാധാരണ ഉപഭേ‍ാക്താക്കൾ ആവശ്യപ്പെടുന്ന മദ്യഇനങ്ങളെ‍ാന്നും ലഭിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് അത്രയെളുപ്പം മദ്യം എത്തിക്കാനുമാകില്ല.

മദ്യത്തിനു വില വർധിപ്പിക്കണമെന്നാണ് നിർമാതാക്കളുടെ പ്രധാന ആവശ്യം. എന്നാൽ, അത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. വിലകൂടിയ പ്രീമിയം ബ്രാൻഡുകളുടെ വിൽപന കെ‍ാണ്ടുമാത്രം മുന്നേ‍ാട്ടുപേ‍ാകുക എളുപ്പവുമല്ല. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗത്തിനും വേണ്ടത് ചെലവു കുറഞ്ഞ, ഗുണനിലവാരമുളള ഇനങ്ങളാണ്. മിക്ക ഡിസ്റ്റിലറികളിലും ഇനിയുളളത് ബീയർ മാത്രമാണ്. സ്പിരിറ്റ് ക്ഷാമമാണ് നിർമാതാക്കൾ ഇപ്പേ‍ാൾ ഉന്നയിക്കുന്നതെങ്കിലും മദ്യത്തിന്റെ വിലവർധനയാണ് പ്രധാന ആവശ്യം. നിലവിലെ സ്ഥിതി തുടർന്നാൽ ബീയറിനും ദൗർലഭ്യമുണ്ടാകും.

പ്രതീകാത്മക ചിത്രം (Photo - Shutterstock/Jag_cz)
പ്രതീകാത്മക ചിത്രം (Photo - Shutterstock/Jag_cz)

ജനപ്രിയ ബ്രാൻഡുകൾ കാലി, പ്രീമിയവും നിലയ്ക്കും

മദ്യനിർമാണശാലകളിൽ നിർമാണം മുടങ്ങിയിട്ട് മൂന്നാഴ്ചയായി. ഒടുവിലത്തെ കണക്കനുസരിച്ച് ബവ്കേ‍ാ, കൗൺസ്യൂമർഫെഡ് ഗോ‍ഡൗണുകളിലായി ശരാശരി 2 ലക്ഷം കെയ്സ് ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇനി സ്റ്റേ‍ാക്കുള്ളത്. അതിലേറെയും ബീയറാണ്. സംസ്ഥാനത്ത് ദിനംപ്രതി 20,000 കെയ്സ് മദ്യം വിൽക്കുന്നുണ്ട്. ഇനങ്ങൾ കുറഞ്ഞതേ‍ാടെ ഗേ‍ാവ, പുതുച്ചേരി, കർണാടക സംസ്ഥാനങ്ങളിൽനിന്നു മദ്യം എത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എല്ലായിടത്തും ദേശീയ ഗുണനിലവാര വ്യവസ്ഥയനുസരിച്ചാണ് നിർമിക്കുന്നതെങ്കിലും അത് കേരളത്തിലെത്തിച്ച് ഔട്ട്‌ലെറ്റുകളിൽ വിൽപനയ്ക്കു തയാറാക്കാൻ സമയമെടുക്കും. പലപ്പേ‍ാഴും ആവശ്യത്തിന് മദ്യം ലഭിക്കണമെന്നുമില്ല. മുൻപും ഇതിനുള്ള ശ്രമം ഫലം കണ്ടിരുന്നില്ല.

സംസ്ഥാനത്തെ 21 മദ്യനിർമാണശാലകളിൽ ഉൽപാദിപ്പിച്ച് സ്റ്റേ‍ാക്ക് ഒഴിയാതെ ബവ്കേ‍ാ ഡിപ്പേ‍‍ാകളിൽ എത്തിക്കുന്ന ഇപ്പേ‍ാഴത്തെ സംവിധാനമാണ് വിപണിയെ സജീവമായി നിർത്തുന്നത്. ഇതിനു മുടക്കം വരാറില്ല. ജനപ്രിയ ബ്ര‍ാൻഡുകളുടെ ഉൽപാദനം നിലച്ചത് സർക്കാരിനും തിരിച്ചടിയാണ്. വിലകൂടിയ പ്രീമിയം ബ്രാൻഡുകളുടെ ഉൽപാദനം നടക്കുന്നുണ്ട്. എന്നാൽ, അതുകെ‍ാണ്ടു പിടിച്ചുനിൽക്കാനാകില്ലെന്നു മാത്രമല്ല, സമരം നീണ്ടാൽ അവയുടെ ഉൽപാദനവും നിലയ്ക്കും.

ഇപ്പേ‍ാഴത്തെ സ്ഥിതി നീണ്ടാൽ വ്യാജ വിദേശമദ്യ നിർമാണവും ചാരായവാറ്റും വ്യാപകമാകാനുള്ള സാധ്യതയും എക്സൈസ് വകുപ്പ് മുന്നിൽകാണുന്നു. അത് വൻഅപകടങ്ങൾക്കു വഴിയെ‍ാരുക്കും. കേ‍ാവിഡിന്റെ ആദ്യഘട്ടത്തിൽ സ്പിരിറ്റ് ലഭ്യത നിലച്ചതേ‍ാടെ സംസ്ഥാനത്ത് വ്യാജ മദ്യനിർമാണം സജീവമായിരുന്നു. പിന്നീട് തുറന്ന പല ബാറുകളിലും സെക്കൻഡ്സ് മദ്യം സുലഭമായി. ആവശ്യത്തിനു മദ്യം ലഭിക്കാതെ വന്നതോടെ വ്യവസായാവശ്യത്തിനുള്ള സ്പിരിറ്റ് കുടിച്ച ചിലർ മരിക്കുകയും ചെയ്തു.

വേണ്ടത് 7 കേ‍ാടി ലീറ്റർ സ്പിരിറ്റ്

കേരളത്തിലെ 21 ഇന്ത്യൻ വിദേശമദ്യ നിർമാണ സ്ഥാപനങ്ങൾക്ക് ഒരുവർഷം ശരാശരി ഏഴു കേ‍ാടി ലീറ്റർ സ്പിരിറ്റാണ് ആവശ്യം. ഇതിൽ ഒരു തുളളി പേ‍ാലും സംസ്ഥാനത്തു നിർമിക്കുന്നില്ല. ഈ പൂർണ പരാശ്രയത്വമാണ് ഇപ്പേ‍ാൾ ആശങ്ക ഉയർത്തുന്നതും. ബദൽ സംവിധാനത്തെക്കുറിച്ച് നിലവിൽ ധാരണയെ‍ാന്നുമില്ല. ഗുണനിലവാരമുളള സ്പിരിറ്റ് എത്തിച്ച് മികച്ച മദ്യം നിർമിച്ചാലും ഇപ്പേ‍ാഴുള്ള വിലയ്ക്ക് വിൽക്കാനാകില്ലെന്ന് മദ്യനിർമാണ മേഖലയിലുളളവർ വ്യക്തമാക്കുന്നു.

Liquor | Representative Image
പ്രതീകാത്മക ചിത്രം

വില വർധിപ്പിക്കാൻ സർക്കാരുമായി മുൻപ് ധാരണയുണ്ടാക്കിയെങ്കിലും അത് നടപ്പാക്കാൻ പല തടസങ്ങളാണ് നിരത്തുന്നത്. വില വർധിപ്പിക്കാതെ ഉൽപാദനം പുനരാരംഭിക്കുന്നതു പ്രയാസമാണെന്നാണ് ഉടമകളുടെ നിലപാട്. മേഖല കടുത്ത പ്രതിസന്ധിയിലേക്കു പോകുന്നത് ഒഴിവാക്കാൻ താൽക്കാലിക ആശ്വാസ നടപടികൾക്കും നീക്കമുണ്ട്. സംസ്ഥാനത്തെ മെ‍ാത്തം 75 മദ്യനിർമാണ കമ്പനികളിൽ മിക്കവയും മദ്യം ഇവിടെത്തന്നെയാണ് നിർമിക്കുന്നത്. സംസ്ഥാനത്തിനാവശ്യമായ വിദേശമദ്യത്തിന്റെ 80 % വും ഇവിടെ തയാറാക്കുന്നു.

നികുതി ക്രമീകരണത്തിന് ശ്രമം

ഉൽപാദനച്ചെലവിന് ആനുപാതികമായി വരുമാനം ഉറപ്പാക്കണമെന്ന് സ്ഥാപന ഉടമകളുടെ സംഘടന ആവർ‌ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നികുതിക്രമീകരണത്തിലൂടെ അവരുടെ വരുമാനം വർധിപ്പിക്കാനാണ് സർക്കാർ നീക്കം. വിറ്റുവരവ് നികുതിയും വിൽപന നികുതിയുമായി ബന്ധപ്പെടുത്തി സ്ഥാപനങ്ങൾക്ക് 12 % വരുമാനം വർധിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. അതുവഴി വിലവർധന ഒഴിവാക്കാം. എന്നാൽ ഇതുസംബന്ധിച്ച തീരുമാനം ഔദ്യേ‍ാഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സർക്കാർ മുൻപു നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ഡിസ്റ്റിലറികളിലെ തെ‍ാഴിലാളികളുടെ വേതനം വർധിപ്പിച്ചതേ‍ാടെ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത വർധിച്ചു. തുടർന്ന്, വിലകുറഞ്ഞ വിദേശമദ്യ നിർമാണം കുറച്ചും പ്രീമിയത്തിന്റെ നിർമാണം വർധിപ്പിച്ചും നഷ്ടം നികത്താൻ ശ്രമിച്ചെങ്കിലും സ്പിരിറ്റ് പ്രതിസന്ധി എല്ലാം താറുമാറാക്കുന്നുവന്നാണ് നിർമാതാക്കളുടെ വാദം. ഇക്കാര്യത്തിൽ നടത്തിയ ചർച്ചകൾ വിജയിച്ചിട്ടില്ല.

പെട്രേ‍ാളിൽ സ്പിരിറ്റ്

മദ്യനിർമാണമേഖലയിൽ ആശങ്കയുയർ‌ത്തുന്ന, പെട്രേ‍ാളിൽ 10 % ശുദ്ധ സ്പിരിറ്റ് (എഥനേ‍ാൾ) കലർത്തുന്ന നടപടിക്ക് കേന്ദ്ര സർക്കാർ രണ്ടു വർഷം മുൻപാണ് തുടക്കം കുറിച്ചത്. അടുത്ത ഏപ്രിൽ ഒന്നുമുതൽ അത് 20 % ആക്കാനാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം.
2025 ൽ പൂർണമായും എഥനേ‍ാൾ കലർന്ന ഇന്ധനം (ഇ–20) ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ടുവർഷമായി 10% എഥനേ‍ാൾ ഉപയേ‍ാഗം വഴി ഈ രംഗത്തെ വിദേശനാണ്യച്ചെലവിൽ 40,000 കേ‍ാടി രൂപ ലാഭിക്കാനായെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. രാജ്യം ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതും സാമ്പത്തികബാധ്യത ഉണ്ടാകുന്നതും പെട്രേ‍ാളിയം അനുബന്ധ ഉൽപന്നങ്ങൾക്കു വേണ്ടിയാണ്. ഇന്ധന ഇറക്കുമതി പരാമവധി കുറയ്ക്കാനാണ് ശ്രമം. പെട്രേ‍ാളിൽ എഥനേ‍ാൾ ചേർക്കുന്നതേ‍ാടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു.

ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രധാന കൃഷിയായ കരിമ്പിന്റെ ചണ്ടി ഉപയേ‍ാഗിച്ച് (മ‍േ‍ാളാസസ്) ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ 5 തരം സ്പിരിറ്റാണ് നിർമിക്കുന്നത്. അതിൽ 99.5 % ഈഥൈൽ ആൽക്കഹേ‍ാൾ അടങ്ങിയ സ്പിരിറ്റിനെ (എഥനേ‍ാൾ) പവർ ആൽക്കഹേ‍ാൾ എന്നും വിളിക്കാറുണ്ട്. ഇതാണ് ഇപ്പേ‍ാൾ ഇന്ധനത്തിൽ കലർത്തിത്തുടങ്ങിയത്. ഇതിന്റെ വിലയിലും ഡിസംബർ മുതൽ മാറ്റമുണ്ടാകും.

വാങ്ങാൻ എണ്ണക്കമ്പനികൾ

ഉൽപാദനകേന്ദ്രത്തിൽനിന്ന് ലീറ്ററിന് പരമാവധി 45 രൂപയ്ക്ക് മദ്യക്കമ്പനികൾക്കു ലഭിച്ചിരുന്ന സ്പിരിറ്റിന്, ഇന്ധനത്തിൽ ഉപയോഗിച്ചു തുടങ്ങിയതോടെ വില 80 രൂപ കടന്നു. രാജ്യത്തെ വൻകിട കരിമ്പു ഫാക്ടറികളിൽ പലതിനും ഇപ്പേ‍ാൾ എണ്ണക്കമ്പനികൾക്ക് എഥനേ‍ാൾ നൽകാനാണ് താൽപര്യമെന്ന് മദ്യവ്യവസായ മേഖലയിലുളളവർ പറയുന്നു. സ്പിരിറ്റുണ്ടാക്കി മദ്യത്തിനു നൽകുന്നതിനേക്കാൾ ലാഭമാണിത്. വൻകിട കരിമ്പുകർഷകർക്കും ഇതു വലിയ നേട്ടമാകും.

അതേസമയം, നടപടി നിരവധി സംസ്ഥാനങ്ങളിലെ വിദേശമദ്യ നിർമാണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. 45 രൂപയുടെ ഒരു ലീറ്റർ സ്പിരിറ്റ് ഉപയേ‍ാഗിച്ച് ശരാശരി 1500 രൂപയുടെ വിദേശമദ്യമുണ്ടാക്കാം. അതാണ് മേഖലയുടെ ആകർഷകത്വവും. സ്പിരിറ്റുണ്ടാക്കുന്ന കരിമ്പിലെ മേ‍ാളാസസിൽനിന്ന് രാസവളവും കാലിത്തീറ്റയും നിർമിക്കുന്നുണ്ട്. കരിഞ്ചന്തയിൽ സ്പിരിറ്റിന് ലീറ്ററിന് 475 രൂപയാണ് നിലവിലെ വില. അമേരിക്ക ഉരുളക്കിഴങ്ങിൽനിന്നും ബാർലിയിൽനിന്നും സ്പിരിറ്റ് ഉണ്ടാക്കുന്നതുപേ‍ാലെ ഭാവിയിൽ ഇവിടെയും ബദൽ മാർഗങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

English Summary: Shortage of spirit due to the ethanol usage of petrol will affect Kerala's Foreign liquor production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com