ADVERTISEMENT

വാഷിങ്ടൻ∙ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 988.25 കോടി രൂപ (121.5 മില്യൻ ഡോളർ) യാത്രക്കാർക്കു റീഫണ്ട് ഇനത്തിലും 11.38 കോടി രൂപ (1.4 മില്യൻ ഡോളർ) പിഴയായും നൽകാൻ ഉത്തരവിട്ട് യുഎസ്. വിമാന സർവീസ് റദ്ദാക്കിയ ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതിൽ കാലതാമസം വരുത്തിയതിനാണ് യുഎസ് ഗതാഗത വകുപ്പിന്റെ നടപടി. പരിഗണിച്ചവയിൽ ഭൂരിഭാഗവും കോവിഡ് സമയത്തെ പരാതികളാണ്. ആകെ ആറ് എയർലൈനുകളിൽനിന്നായി ഏകദേശം 5000 കോടി രൂപയാണ് യുഎസ് ഗതാഗത വകുപ്പ് റീഫണ്ട് ഇനത്തിൽ ഈടാക്കുന്നത്.

റീഫണ്ട് ആവശ്യപ്പെടുന്നവർക്ക് മാത്രം ടിക്കറ്റ് തുക തിരിച്ചുനൽകുക എന്ന എയർ ഇന്ത്യയുടെ നയം യുഎസ് ഗതാഗത വകുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിമാന സർവീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് നിയമപരമായി തന്നെ റീഫണ്ടിന് അവകാശമുണ്ട്. എന്നാൽ അപേക്ഷ നൽകുന്നവർക്ക് മാത്രമാണ് എയർ ഇന്ത്യ റീഫണ്ട് നൽകിയിരുന്നത്.

ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ, ടാറ്റ ഏറ്റെടുക്കുന്നതിന് മുൻപുള്ളവയാണ് ഈ പരാതികൾ. ഔദ്യോഗിക അന്വേഷണമനുസരിച്ച്, വിമാന സർവീസ് റദ്ദാക്കിയതു സംബന്ധിച്ച് യുഎസ് ഗതാഗത വകുപ്പിൽ സമർപ്പിച്ച 1,900 റീഫണ്ട് പരാതികളുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാന്‍ എയർ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തു. പരാതികൾ സമർപ്പിക്കുകയും വിമാനക്കമ്പനിയോട് നേരിട്ട് റീഫണ്ട് അഭ്യർഥിക്കുകയും ചെയ്ത യാത്രക്കാർക്ക് റീഫണ്ട് കൊടുക്കുന്നതിന് എടുത്ത സമയത്തെക്കുറിച്ചുള്ള വിവരങ്ങൾ എയർ ഇന്ത്യ നൽകിയിട്ടില്ല.

എയർ ഇന്ത്യയെ കൂടാതെ, ഫ്രോൻഡിയർ, ടിഎപി പോർച്ചുഗൽ, എയ്‌റോ മെക്‌സിക്കോ, ഇഐ എഐ, അവിയാൻക എന്നിവയ്ക്കാണ് യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയത്. യുഎസ് നിയമപ്രകാരം, വിമാനക്കമ്പനികൾ വിമാനം റദ്ദാക്കുകയോ റൂട്ടിൽ ഗണ്യമായ മാറ്റം വരുത്തുകയോ ചെയ്താൽ യാത്രക്കാർക്കു പണം തിരികെ നൽകുന്നതിന് എയർലൈനുകൾക്കും ടിക്കറ്റ് ഏജന്റുമാർക്കും നിയമപരമായ ബാധ്യതയുണ്ട്. എയർലൈൻ റീഫണ്ട് നിരസിക്കുകയും പകരം യാത്രക്കാർക്കു വൗച്ചറുകൾ നൽകുന്നതും നിയമവിരുദ്ധമാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

English Summary: US Orders Tata-Led Air India to pay $121.5 Million As Passenger Refunds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com