ADVERTISEMENT

പട്ന∙ ഗർഭാശയ രോഗചികിൽസയ്ക്കു പോയ യുവതിയുടെ രണ്ടു വൃക്കയും ഡോക്ടർ നീക്കം ചെയ്ത സംഭവത്തിൽ ക്ലിനിക്ക് ഉടമ അറസ്റ്റിൽ. ബിഹാറിലെ മുസാഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. മുസാഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണ് യുവതി. വൃക്ക തട്ടിപ്പു വെളിപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആർ.കെ.സിങ് ഒളിവിൽ പോയി. ക്ലിനിക്ക് ഉടമ പവൻകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ മൂന്നിനായിരുന്നു യുവതിയുടെ വൃക്കകൾ നീക്കം ചെയ്തത്. മുസാഫർപുരിലെ ശുഭ്കാന്ത് നഴ്‌സിംഗ് ഹോം ചികിത്സയ്ക്കുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുനിതാ ദേവിയെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് വൃക്കകൾ നീക്കം ചെയ്തതായി കണ്ടെത്തിയത്. സുനിതാദേവിയുടെ അമ്മ ടെട്രി ദേവി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പവൻകുമാറിനും ഡോ.ആർ.കെ.സിങ്ങിനുമെതിരെ അവയവ മാറ്റിവെക്കൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം ബരിയാർപുർ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്യുകയായിരുന്നു.

കുറ്റവാളിയായ ഡോക്ടറെയും ഉടൻ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകൾ തനിക്കു നൽകണമെന്നും യുവതി ആവശ്യപ്പെട്ടു. സംഭവത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തിൽ ക്ലിനിക്കിൽ ഓപ്പറേഷൻ തിയറ്റർ ഇല്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും പൊലീസ് പറഞ്ഞു. ക്ലിനിക്ക് റജിസ്ട്രേഷൻ നമ്പർ കൂടാതെയാണ് പ്രവർത്തിച്ചു വന്നതെന്ന് മുസാഫർപുർ സീനിയർ പൊലീസ് സൂപ്രണ്ട് ജയന്ത് കാന്ത് പറഞ്ഞു. ഒളിവിൽപ്പോയ ഡോക്ടറെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

English Summary: Bihar woman who is the victim of illegal kidney removal demands doctor's kidneys for transplantation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com