ADVERTISEMENT

കൊച്ചി ∙ മികച്ച പണപ്പെരുപ്പ കണക്കുകളുടെ പിന്തുണയിൽ രാജ്യാന്തര വിപണിക്കൊപ്പം മുന്നേറിയ ഇന്ത്യൻ വിപണിയും, ആഴ്ചാവസാനത്തിൽ ഫെഡിന്റെ നിരക്കുയർത്തൽ ഭീഷണിയിലും ജാപ്പനീസ് വിലക്കയറ്റത്തിലും വീണ ഏഷ്യൻ വിപണികൾക്കൊപ്പം വീഴ്ചയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുദ്ധഭീഷണിയും ചൈനയിൽ കോവിഡ് പടരുന്നതും ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിച്ചതും വിപണിക്ക് ക്ഷീണമായി. ബാങ്കിങ്, ഐടി സെക്ടറുകൾ കഴിഞ്ഞ ആഴ്ചയും മുന്നേറ്റം ഉറപ്പിച്ചപ്പോൾ റിയൽറ്റി സെക്ടർ നഷ്ടം ഒഴിവാക്കി. ഓട്ടോ, എനർജി, എഫ്എംസിജി സെക്ടറുകൾ വലിയ തിരുത്തൽ നേരിട്ടു. 

കഴിഞ്ഞ ആഴ്ച 18,442 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി വെള്ളിയാഴ്ച 18,200 പോയിന്റിലേക്കിറങ്ങിയ ശേഷം 18,308 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 18,000 പോയിന്റിലും 17,800 പോയിന്റിലുമാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണകൾ. 18,500 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ. മുൻനിര ബാങ്കിങ്-ഐടി ഓഹരികളിൽ വിദേശ ഫണ്ടുകൾ വാങ്ങൽ തുടരുന്നത് അനുകൂലമാണെങ്കിലും, ക്രിപ്റ്റോ വീഴ്ചയും, ചൈനീസ്-ഹോങ്കോങ് വിപണികളുടെ മുന്നേറ്റവും ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കിന്റെ വേഗം കുറച്ചേക്കാമെന്നതും നിർണായകമാണ്. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ ജെയിംസ് ബല്ലാർഡ് വീണ്ടും 

ഒക്ടോബറിൽ അമേരിക്കയുടെയും ചൈനയുടെയും ഇന്ത്യയുടെയും പണപ്പെരുപ്പത്തിൽ കുറവ് വന്നതിനെ തുടർന്ന് മുന്നേറ്റം നേടിയ ആഗോള വിപണിക്ക് ഈ ആഴ്ച മുന്നേറ്റം തുടരാനായില്ല. യൂറോപ്പിൽ പണപ്പെരുപ്പം വർധിക്കുന്നതും, അമേരിക്കൻ ഫെഡ് അംഗം ജെയിംസ് ബല്ലാർഡിന്റെ നിരക്കുയർത്തൽ പരാമർശവും വിപണിക്ക് തിരുത്തൽ നൽകി. അമേരിക്കൻ പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും വലിയ നിരക്കുയർത്തലുകൾ അവസാനിപ്പിക്കാൻ സമയമായില്ല എന്ന് ബല്ലാർഡ് സൂചിപ്പിച്ചത് തള്ളിക്കളഞ്ഞ അമേരിക്കൻ വിപണി വെള്ളിയാഴ്ച മുന്നേറ്റത്തിന് ശ്രമിച്ചത് വിപണിക്ക് പ്രതീക്ഷയാണ്. 

അടുത്ത വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താങ്ക്സ് ഗിവിങ് അവധി ആഘോഷിക്കുന്ന അമേരിക്കൻ വിപണിക്ക് ബുധനാഴ്ച പുറത്തുവരുന്ന ഫെഡ് മിനുട്സും, പിഎംഐ-ജോബ് ഡേറ്റകളും പ്രധാനമാണ്. അമേരിക്കൻ ഫെഡ് അംഗങ്ങൾ ഡോളറിന് പിന്തുണ നൽകാൻ ശ്രമിക്കുന്നതും, ഇസിബി-ബാങ്ക് ഓഫ് ഇംഗ്ലണ്ട് അംഗങ്ങളുടെ പ്രസ്താവനകളും വിപണിക്ക് നിർണായകമാണ്. ജെയിംസ് ബല്ലാർഡ് അടുത്ത ആഴ്ച വീണ്ടും പ്രസംഗിക്കാനെത്തുന്നു. ജർമനിയുടെയും ബ്രിട്ടന്റെയും യൂറോ സോണിന്റെയും ജപ്പാന്റെയും പിഎംഐ ഡേറ്റകളും ജർമൻ ജിഡിപിയും അടുത്ത ആഴ്ച ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചേക്കും. 

∙ ഫെഡ് ഭീഷണിയും ക്രിസ്മസ് അവധിയും 

ഡോളർ നിരക്ക് പിടിച്ചു നിർത്താനായി ഫെഡ് അംഗങ്ങളുടെ തുടരുന്ന ഭീഷണികളും, ഡിസംബർ പകുതിയിലെ ഫെഡ് നിരക്കുയർത്തലും, അതിന് മുൻപ് വരുന്ന പണപ്പെരുപ്പ കണക്കുകളും ക്രിസ്മസ് -പുതുവർഷ ആലസ്യത്തിന് മുൻപ് വിപണിയെ നിയന്ത്രിക്കും. ഫെഡ് നിരക്ക് വർധനയുടെ തോത് തന്നെയാകും 2022 ലെ വരാനിരിക്കുന്ന ആഴ്ചകളിൽ വിപണിയുടെ ഗതി നിർണയിക്കുക. ക്രിസ്മസ് അവധിക്ക് ശേഷം അമേരിക്കൻ വിപണി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

∙ കയറ്റുമതി കുറയുന്നു

ഇറക്കുമതിക്കൊപ്പം കയറ്റുമതിയും കുറഞ്ഞ ഒക്ടോബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി വീണ്ടും വർധിച്ച് 2691 ബില്യൻ ഡോളറായി ഉയർന്നു. 2021 ഒക്ടോബറിൽ 17.91 ബില്യൻ ഡോളർ മാത്രമായിരുന്നു ഇന്ത്യയുടെ വ്യാപാരക്കമ്മി. ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറിലെ 35.45 ബില്യൻ ഡോളറിൽനിന്നും 29.78 ബില്യൻ ഡോളറിലേക്ക് ഇറങ്ങിയപ്പോൾ, ഇറക്കുമതി 61.16 ബില്യൻ ഡോളറിൽനിന്നും 56.69 ബില്യൻ ഡോളറായി കുറഞ്ഞു. ബാലൻസ് ഓഫ് ട്രേഡ് അകലം വർധിക്കുന്നത് രൂപയ്ക്ക് ക്ഷീണമാണ്. 

NEW YORK, NEW YORK - FEBRUARY 24: A person walks past the Charging Bull on February 24, 2022 in New York City. U.S. stocks opened this morning dropping after Russia begins its attack on Ukraine. The Dow Jones opened 800 points down while the S&P 500 fell 2 percent and is down 14 percent from its record high set in January. Oil prices also dropped more than 5 percent.   Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
ഫയൽചിത്രം.

∙ ഓഹരികളും സെക്ടറുകളും 

ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസിന് പകരമായി ടാറ്റ മോട്ടോഴ്സിനെ സെൻസെക്സിൽ ഉൾപ്പെടുത്തുന്നതോടെ സൺഫാർമ മാത്രമായിരിക്കും സെൻസെക്സിലെ ഏക ഫാർമ പ്രതിനിധി. ഡിസംബർ 19 മുതൽ മാറ്റം നിലവിൽ വരും. അദാനി ടോട്ടൽ ഗ്യാസിനും ഹിന്ദ് പെട്രോയ്‌ക്കും പകരമായി അദാനി പവറും, ഇന്ത്യൻ ഹോട്ടലും ബിഎസ്ഇ 100 സൂചികയിലും ഇടം പിടിക്കും.  

ഇന്ത്യൻ ഡിഫെൻസ് സെക്ടർ കുതിപ്പ് തുടർന്നേക്കാം. ഇന്ത്യയുടെ സൈനിക ചെലവിന്റെ ഗണ്യഭാഗവും സ്വദേശവൽക്കരിച്ചതും, കയറ്റുമതി സാധ്യതകളും ഇന്ത്യൻ ഡിഫൻസ് കമ്പനികളുടെ വരുംപാദഫലങ്ങൾ മികച്ചതാക്കിയേക്കാം. എയ്റോനോട്ടിക്സ്, ഷിപ് ബിൽഡിങ് ഓഹരികൾ ശ്രദ്ധിക്കുക. ഭാരത് ഇലക്‌ട്രോണിക്സ് വിവിധ പ്രതിരോധ കൂട്ട്-ഉൽപാ‌ദന സംരംഭങ്ങളിൽ ഒപ്പുവച്ചത് പൊതുമേഖല ഓഹരിക്ക് മികച്ച സാധ്യത നൽകുന്നു. 

വിന്റർ-സമ്മർ അവധിക്കാലങ്ങളും, ക്രിസ്മസ്-ന്യൂ ഇയർ നിരക്ക് വർധനവും, 100% റൂം വിറ്റഴിക്കൽ സാധ്യതകളും ഹോട്ടൽ, ട്രാവൽ, വിമാന  ഓഹരികൾക്കും അനുകൂലമാണ്. ഈയാഴ്ച പ്രീ-ഐപിഒ ലോക്ക് ഇൻ പിരിയഡ് അവസാനിക്കുന്നതോടെ പേടിഎം ഓഹരികളിൽ സോഫ്റ്റ് ബാങ്കും, സിറ്റി ഗ്രൂപ്പും അടക്കമുള്ള വിദേശ ഫണ്ടുകൾ വിൽപന പ്രഖ്യാപിച്ചത് ഓഹരിക്ക് വീണ്ടും ക്ഷീണമാണ്. മോർഗൻ സ്റ്റാൻലിയും, ബാങ്ക് ഓഫ് അമേരിക്കയുമടക്കം ഓഹരി വാങ്ങിയതും, നഷ്ടം കുറച്ചു കൊണ്ട് വരുന്നതും പ്രതീക്ഷയാണ്. 

വരാനിരിക്കുന്ന സമ്മർ സീസൺ എയർ കണ്ടീഷൻ ഓഹരികൾക്ക് അനുകൂലമാണ്. കഴിഞ്ഞ പാദത്തിൽ എസി ഓഹരികളുടെ ലാഭത്തിൽ വൻ കുറവ് രേഖപ്പെടുത്തി. സ്വർണം തിരിച്ചു കയറ്റം തുടങ്ങിയത് സ്വർണ ഓഹരികൾക്കും പ്രതീക്ഷയാണ്. 

∙ ക്രൂഡ് ഓയിൽ 

പോളണ്ടിൽ വീണ ബോംബിന്റെ പിൻബലത്തിൽ മുൻ ആഴ്ചയിൽ  മുന്നേറ്റം നേടിയ ക്രൂഡ് ഓയിൽ സംഘർഷ സാധ്യത അയഞ്ഞതിനെ തുടർന്ന് വീഴ്ച തുടങ്ങി. ചൈനയിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ എണ്ണയുടെ ആഗോള ഉപഭോഗം കുറയുമെന്ന സൂചനകളും എണ്ണയുടെ വീഴ്ചയ്ക്ക് ആകാം കൂട്ടി. സൗദിയുടെ കയറ്റുമതി നിയന്ത്രണ പ്രഖ്യാപനവും, ഒപെക് വിപണിയിൽ ഇടപെട്ടേക്കാവുന്നതും ക്രൂഡിന് പ്രതീക്ഷയാണ്. അമേരിക്കൻ എണ്ണ 80 ഡോളറിലും ബ്രെന്റ് ക്രൂഡ് 88 ഡോളറിൽ താഴെയും വ്യാപാരം അവസാനിപ്പിച്ചു.  

∙ സ്വർണം

കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം കാണിച്ചത് സ്വർണ വില വീണ്ടും 1751 ഡോളറിലേക്കിറക്കി. ഇന്ത്യയിൽ ഉത്സവ-വിവാഹ സീസൺ ആരംഭിച്ചതും, ആർബിഐയുടെ അടക്കം ഇന്ത്യൻ വാങ്ങലിൽ വർധന രേഖപ്പെടുത്തിയതും സ്വർണത്തിന് പ്രതീക്ഷയാണ്. അടുത്ത ഫെഡ് നിരക്ക് ഉയർത്തൽ തോത് ബോണ്ട് യീൽഡ് ചലനങ്ങളെ സ്വാധീനിക്കുന്നത് സ്വർണത്തിനും നിർണായകമാണ്.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: 8606666722

English Summary: Market analysis 20-11-2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com