ADVERTISEMENT

കൊച്ചി ∙ തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരയിലൂടെ ടിആർഎസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇന്നു നിര്‍ണായക ദിവസം. തുഷാര്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടര്‍ ജഗു സ്വാമി എന്നിവരോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ തെലങ്കാന പൊലീസ് നോട്ടിസ് നല്‍കി. രാവിലെ 10.30നു ഹൈദരാബാദിലെ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെത്താനാണു നിര്‍ദേശം.

അറസ്റ്റ് ഭയന്ന് മൂന്നുപേരും ഹാജരാകാനിടയില്ല. ഓപ്പറേഷന്‍ താമര ചര്‍ച്ചയ്ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരും സംഭാഷണങ്ങളില്‍ പലതവണ പേരാവര്‍ത്തിച്ചതാണു തുഷാറിനെയും സന്തോഷിനെയും ജഗു സ്വാമിയെയും വിളിപ്പിക്കാനുള്ള കാരണം. അറസ്റ്റിലായ മൂന്നുപേരെയും അഹമ്മദാബാദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടു മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആരോപിച്ചിരുന്നു.

തൊട്ടടുത്ത ദിവസം പണം വാഗ്ദാനം ചെയ്ത ജഗു സാമിയെ തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ റെയ്ഡ് നടത്തി. ഇതിനു പിറകെയാണു തുഷാറിനു നോട്ടിസ് അയച്ചത്. മുന്‍കൂര്‍ ജാമ്യമില്ലാതെ ഹൈദരാബാദിലെത്തുന്നത് അപകടമാണെന്ന വിലയിരുത്തലാണു തുഷാറിനോട് അടുപ്പമുള്ളവര്‍ പങ്കുവയ്ക്കുന്നത്.

ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ കോടതിയില്‍ അപേക്ഷ നല്‍കി അറസ്റ്റ് വാറന്റ് നേടിയെടുക്കാന്‍ ഹൈദരാബാദ് പൊലീസില്‍ നീക്കങ്ങള്‍ സജീവമാണ്. കേസ് സിബിഐയ്ക്കു കൈമാറണമെന്ന ബിജെപി ആവശ്യം കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലാക്കി. ടിആര്‍എസിന്റെ നാലു എംഎല്‍എമാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്തെത്തിയ മൂന്നുപേര്‍ കഴിഞ്ഞമാസം 27നാണ് അറസ്റ്റിലായത്. 

English summary: Notice to Tushar to appear for questioning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com