ADVERTISEMENT

തിരുവനന്തപുരം∙ നിലവിലെ കാർ മാറ്റുന്നത് സ്ഥിരമായി കേടുവരുന്നതിനാലെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ പി.ജയരാജൻ. 35 ലക്ഷത്തിന്റെ കാറിനല്ല, പരമാവധി 35 ലക്ഷം വിലയുള്ള വാഹനത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. കാർ കടന്ന് ബുള്ളറ്റ് വരുമോയെന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥയില്ലെന്നും ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റിൽനിന്ന്:

പാർട്ടി ഏൽപ്പിച്ച ചുമതലകളായാണ് ഖാദി ബോർഡ് അടക്കം ഏതു സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിർവ്വഹിക്കുന്നതിന്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്തു വർഷങ്ങളായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയിൽ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്ന ആ കാറിൽ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്. പരമാവധി 35 ലക്ഷം രൂപ വിലവരുന്ന ( ശ്രദ്ധിക്കുക, 35 ലക്ഷം തന്നെ വേണം എന്നല്ല, പരമാവധി വില 35 ലക്ഷം) വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്.

സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്നങ്ങളിൽ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തിൽ കണ്ടിട്ടുള്ളൂ. പിന്നെ, ബുള്ളറ്റ് പ്രൂഫ്. എന്റെ വീട്ടിലേക്ക് ഒരു തിരുവോണ ദിവസം ആർഎസ്എസുകാർ ഇരച്ചു കയറി എന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോൾ എന്റെ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരൽക്കസേരയാണ്. അതുപയോഗിച്ച് പ്രതിരോധിച്ചതിന്റെ ബാക്കിയാണ് ഇന്നും നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന പി. ജയരാജൻ. അതുകൊണ്ട് വാങ്ങുന്ന കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്നു ഭയന്നു ജീവിക്കേണ്ട അവസ്ഥ എനിക്കില്ല. ബുള്ളറ്റിനു പ്രൂഫ് ഉണ്ടായാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം .എന്നെ അറിയുന്ന ഏതു മലയാളിക്കും ഇക്കാര്യം മനസ്സിലാവുകയും ചെയ്യും.

ഖാദി എന്ന പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികൾ ഇന്ന് നിലനിൽക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ പിന്തുണയോടെയാണ്. കോവിഡ് മഹമാരിയുടെ കാലത്ത് ജോലിയും കൂലിയും ഇല്ലാതിരുന്ന ഖാദി തൊഴിലാളികൾക്ക് ഇന്ന് അത് ലഭിക്കുന്നുണ്ട്. അത് സർക്കാരിന്റെ പിന്തുണയോടെ ബോർഡ് നടത്തിയ പ്രവർത്തന ഫലമായാണ്. ഈ കഴിഞ്ഞ ഓണക്കാലത്ത് ഖാദി തൊഴിലാളികൾക്ക് ഒരു കോടി മുപ്പതിരണ്ടു ലക്ഷം രൂപയാണ് പ്രത്യേക സഹായധനം അനുവദിച്ചത് സർവീസ് സംഘടനകളും സാമൂഹ്യ സംഘടനകളും നൽകിയ പിന്തുണയുടെ ഫലമായിയാണ് ഖാദി വസ്ത്ര വിപണനം ശക്തിപ്പെട്ടത്. ഈ വിപണനം ക്രിസ്തുമസ് പുതുവർഷ വേളയിലും നടക്കും.

English Summary: p Jayarajan reacting to the news that the Government has sanctioned 35 lakhs for buying vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com